Begin typing your search above and press return to search.
Homechevron_rightElectionschevron_rightAssembly Electionschevron_rightKerala

KeralaIn Details

Total Voters
27446039
Male Voters
13283724
Female Voters
14162025
Transgender Voters
290
Overseas Voters
93415
Polling Percentage
74.04
More About kerala

കേരളത്തിലെ ആദ്യ നിയമനിർമാണ സഭക്ക് 133 വർഷത്തെ പാരമ്പര്യമാണുള്ളത്. 1888 മാർച്ച് 30ന് തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ രാജാവിൻെറ വിളംബരത്തിലൂടെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ നിയമ നിർമാണ സഭയായിരുന്നു ഇത്. നിയമനിർമാണത്തിൽ രാജാവിന് ഉപദേശം നൽകുകയായിരുന്നു കൗൺസിലിെൻറ ദൗത്യം. രാജാവിൻെറ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമങ്ങൾക്ക് പ്രാബല്യം കിട്ടിയിരുന്നുള്ളൂ. എട്ട് അംഗ ലെജിസ്ലേറ്റീവ് കൗൺസിലായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കൗൺസിലിൻെറ അംഗസംഖ്യ 1898ൽ 15 ആയും, 1919ൽ 25 ആക്കിയും 1921ൽ 50 ആയും ഉയർത്തി. കാലക്രമേണെയാണ് കൗൺസിലിലെ ഏതാനും അംഗങ്ങളെ ജനങ്ങൾക്ക് നേരിട്ട് തെരഞ്ഞെടുക്കാൻ അവകാശം ലഭിച്ചത്. വാർഷിക ബജറ്റ് ചർച്ച ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവകാശവും പിന്നീട് അംഗങ്ങൾക്ക് ലഭിച്ചു.

ഭൂ നികുതിയായോ തൊഴിൽ കരമായോ അഞ്ചു രൂപ കരം തീരുവയുള്ളവർക്കും സർവകലാശാല ബിരുദമുള്ളവർക്കും മാത്രമായിരുന്നു വോട്ടവകാശം. 1922ലാണ് വനതികൾക്ക് വോട്ടവകാശവും കൗൺസിലിൽ അംഗത്വവും ലഭിച്ചത്. ശ്രീചിത്തിര തിരുനാൾ അധികാരം ഏറ്റെടുത്തപ്പോൾ 1932ൽ നിയമസഭക്ക് ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തി. ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ ഉപരിമണ്ഡലവും ശ്രീമൂലം അസംബ്ലി അധോമണ്ഡലവുമായാണ് രണ്ടു സഭകൾ രൂപീകരിച്ചത്. 1947 സെപ്റ്റംബർ നാലു വരെ ദ്വിമണ്ഡല സംവിധാനം തുടർന്നു. പിന്നീട് ഭരണഘടനാ നിർമാണസഭ രൂപീകരിക്കുകയും 120 അംഗ സഭയിലേക്ക് പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. 1948 മാർച്ച് 20ന് നടന്ന തെരഞ്ഞെടുപ്പിൽ പട്ടം താണു പിള്ള പ്രധാനമന്ത്രിയായും ടി.എം വർഗീസ്, സി. കേശവൻ അംഗങ്ങളുമായുള്ള മന്ത്രിസഭ അധികാരമേറ്റു. പിന്നീട് നാല് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി. ഒക്ടോബർ 17ന് പട്ടം രാജിവെക്കുകയും പരവൂർ ടി.കെ നാരായണപിള്ളയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. 1949 ജൂലൈ ഒന്നിന് തിരു - കൊച്ചി ലയനം വരെ ഈ സർക്കാർ തുടർന്നു.

1925 ഏപ്രിലിലാണ് കൊച്ചിയിലെ ആദ്യ നിയമനിർമാണ സഭയായ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ 45 അംഗങ്ങളോടെ രൂപീകരിക്കപ്പെട്ടത്. നികുതി അടക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. 1932ൽ കൗൺസിലിലെ അംഗസംഖ്യ 54 ആക്കി. 1938 ജൂൺ 17ന് അമ്പാട്ട് ശിവരാമമേനോൻ ആദ്യത്തെ ജനകീയ മന്ത്രി ആയി. 1946ൽ പനമ്പിള്ളി ഗോവിന്ദ മേനോൻ, സി.ആർ ഇയ്യുണ്ണി, കെ. അയ്യപ്പൻ, ടി.കെ നായർ എന്നിവർ കൂടി മന്ത്രിമാരായി. 1946 സെപ്റ്റംബർ ഒമ്പതിന് മന്ത്രിസഭ അധികാരമേറ്റു. 1947 ഒക്ടോബർ 22വരെ പനമ്പിള്ളി പ്രധാനമന്ത്രിയായി തുടർന്നു. 1948 സെപ്റ്റംബർ 20വരെ ടി.കെ നായർ പ്രധാനമന്ത്രിയായി. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നതിനു ശേഷം ഇക്കണ്ടവാര്യരുടെ നേതൃത്വത്തിൽ 1948 സെപ്റ്റംബർ 20ന് പുതിയ മന്ത്രിസഭ അധികാരമേറ്റു. തിരു - കൊച്ചി രൂപീകരണം വരെ ഈ ഭരണം തുടർന്നു.

തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് 1949 ജൂലൈ ഒന്നിന് തിരു - കൊച്ചി സംസ്ഥാനം നിലവിൽവന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മന്ത്രിസഭകളിലെ അംഗങ്ങലെ ഉൾപ്പെടുത്തി ടി.കെ നാരായണ പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. 1951 ഫെബ്രുവരി 24ന് ടി.കെ നാരായണ പിള്ള മന്ത്രിസഭ രാജിവെച്ചു. തുടർന്ന് മാർച്ച് മൂന്നിന് സി. കേശവൻെറ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ മന്ത്രിസഭ 1952 മാർച്ച് 12 വരെ തുടർന്നു.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനു ശേഷം പ്രായപൂർത്തി വോട്ടവകാശത്തിൻെറ അടിസ്ഥാനത്തിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1952 മാർച്ച് 12നാണ്. ഈ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ.ജെ ജോൺ മന്ത്രിസഭ രൂപീകരിച്ചു. 1953 സെപ്റ്റംബർ 23ന് നിയമസഭയിൽ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് അടുത്ത ദിവസം നിയമസഭ പിരിച്ചുവിട്ടു. മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടർന്നു.

1954ൽ നടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. 118 അംഗ സഭയിൽ 19 അംഗങ്ങൾ മാത്രമുണ്ടായിരുന്ന പി.എസ്.പിയുടെ നേതാവായ പട്ടം താണുപിള്ള കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. 1955 ഫെബ്രുവരി എട്ടിന് അവിശ്വാസ പ്രമേയത്തിലൂടെ ഈ സർക്കാറും വീണു. ഒരാഴ്ചക്കകം കോൺഗ്രസിലെ പനമ്പിള്ളി ഗോവിന്ദ മേനോൻ സർക്കാർ രൂപീകരിച്ചു. 1956 മാർച്ച് 23ന് പനമ്പിള്ളി അധികാരമൊഴിഞ്ഞു. ഇതിനുപിന്നാലെ തിരു-കൊച്ചി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകൃതമായി. തുടർന്ന് പൊതുതെരഞ്ഞെടുപ്പിലൂടെ സർക്കാർ അധികാരമേൽക്കുന്നത് വരെ രാഷ്ട്രപതി ഭരണം തുടർന്നു.

1957 ഫെബ്രുവരി 28നായിരുന്നു ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്. 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നു. 126 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീ കക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു (65.49%). 60 സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) അധികാരത്തിലെത്തി. ഒറ്റയ്ക്ക് സർക്കാർ രൂപീകരിച്ചു. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയ ലോകത്തെ രണ്ടാമത്തെ പ്രദേശമായി കേരളം. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു.

1957 - 1959 ഒന്നാം കേരളനിയമസഭ

1960 - 1964 രണ്ടാം കേരളനിയമസഭ

1967 - 1970 മൂന്നാം കേരളനിയമസഭ

1970 - 1977 നാലാം കേരളനിയമസഭ

1977 - 1979 അഞ്ചാം കേരളനിയമസഭ

1980 - 1982 ആറാം കേരളനിയമസഭ

1982 - 1987 ഏഴാം കേരളനിയമസഭ

1987 - 1991 എട്ടാം കേരളനിയമസഭ

1991 - 1996 ഒൻപതാം കേരളനിയമസഭ

1996 - 2001 പത്താം കേരളനിയമസഭ

2001 - 2006 പതിനൊന്നാം കേരളനിയമസഭ

2006 - 2011 പന്ത്രണ്ടാം കേരളനിയമസഭ

2011 - 2016 പതിമൂന്നാം കേരളനിയമസഭ

2016 - 2021 പതിനാലാം കേരളനിയമസഭ"