‘ഇനി ഞാൻ പറയട്ടെ, പതിറ്റാണ്ടുകളായി മറ്റുള്ളവരാണ് എന്റെ കഥ പറഞ്ഞത്; ആത്മകഥ പുറത്തിറങ്ങുന്നതിനെ കുറിച്ച് സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: നവംബർ 10 ന് പുറത്തിറങ്ങുന്ന ആത്മകഥയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, ഇൻസ്റ്റഗ്രാമിൽ പുസ്തകവുമായി ബന്ധപ്പെട്ട് വീണ്ടും വിഡിയോ സന്ദേശം പങ്കുവെച്ച് സോണിയ ഗാന്ധി.
“ഈ പുസ്തകം പുറത്തിറങ്ങുമ്പോൾ ചില കോലാഹലങ്ങളൊക്കെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത്രയും പതിറ്റാണ്ടുകളായി മറ്റുള്ളവർ എന്റെ ‘കഥ’ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നല്ലോ. ഇനി എന്റെ ഊഴമാണ്”- സോണിയ ഗാന്ധി പറഞ്ഞു.
സോണിയയുടെ ഈ വാക്കുകളിൽ നേരിയ പരിഹാസവും നർമവുമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വർഷങ്ങളായി മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയയായ ഒരു സ്ത്രീക്ക്, സ്വന്തം ജീവിതകഥ സ്വന്തം വാക്കുകളിലൂടെ പറയാനുള്ള ലളിതമായ മനുഷ്യാവകാശം തിരിച്ചുപിടിക്കണമെന്ന ആഗ്രഹം. മറ്റുള്ളവർ തനിക്കായി എഴുതിയ കഥകൾക്കപ്പുറം, താൻ അനുഭവിച്ച ജീവിതത്തിന്റെ യഥാർഥ വശങ്ങൾ ലോകത്തോട് പങ്കുവെക്കാനുള്ള ആഗ്രഹമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
തന്റെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങുന്നതിന്റെ ഭാഗമായി ഒക്ടോബർ 24നും സോണിയ വിഡിയോ പുറത്തുവിട്ടിരുന്നു. ‘കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ എന്റെ പ്രണയ യാത്ര ആരംഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് സോണിയ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.
‘രാജീവും ഞാനും സ്നേഹവും ചിരിയും ഓർമകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചു. പ്രണയത്തിന്റെയും കടമകളുടെയും വേർപാടിന്റെയും അതോടൊപ്പം സ്വന്തമായൊരിടം കണ്ടെത്തിയതിന്റെയും കഥയാണിത്. നവംബർ 10ന്, ഞാൻ ആ ലോകം നിങ്ങളുമായി പങ്കിടുന്നു’ -എന്നും അവർ പറഞ്ഞു.
രാജീവിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഒരു പ്രത്യേക അടുപ്പം തോന്നിയതായി സോണിയ പറയുന്നുണ്ട്.
1968ലാണ് ദമ്പതികൾ വിവാഹിതരായത്. രാജീവ് ഗാന്ധി പിന്നീട് 1984 മുതൽ 1991 മെയ് മാസം വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

