മാലദ്വീപ് ഇന്ത്യാ വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നുവെന്ന് മുൻ വിദേശകാര്യ മന്ത്രി
text_fieldsമുഹമ്മദ് മുയിസു
മാലെ: പാകിസ്താനിലേക്കുള്ള ഉഭയകക്ഷി സന്ദർശനത്തിന് പിന്നാലെ നിരവധി കരാറുകളിൽ ഒപ്പുവെച്ച് മടങ്ങിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യാ വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നുവെന്ന് ആരോപണം. മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദാണ് മുയിസുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
തന്റെ ഭരണകാലത്തിന്റെ ഭൂരിഭാഗവും ന്യൂഡൽഹിയുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്തിയിരുന്ന മുയിസു 2023ലെ ‘ഇന്ത്യ ഔട്ട്’ ക്യാമ്പയിൻ വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്ന് ഷാഹിദ് ആരോപിച്ചു. 2028ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) നേതൃത്വത്തിലേക്ക് മത്സരിക്കുന്നയാളാണ് അബ്ദുള്ള ഷാഹിദ്.
ദിവസങ്ങൾക്ക് മുൻപാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പാകിസ്താനിൽ ഉഭയകക്ഷി സന്ദർശനം നടത്തിയത്. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം ഉയർന്നത്. മുയിസു അധികാരത്തിൽ വന്ന തുടക്കത്തിൽ ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നുവെങ്കിലും പിന്നീട് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു.
മോദി സർക്കാരുമായി വളരെ സൗഹാർദ്ദപരമായ ബന്ധമാണ് അദ്ദേഹം ഇതുവരെ പുലർത്തിയിരുന്നത്. എന്നാൽ പാകിസ്താൻ സന്ദർശനം ഈ നിലപാടിൽ മാറ്റം വരുത്തുന്നതിന്റെ സൂചനയാണെന്നാണ് ഷാഹിദ് പറയുന്നത്. 2023ൽ മുയിസു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉയർത്തിയതായിരുന്നു ഇന്ത്യ ഔട്ട് ക്യാമ്പയിൻ. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു ഈ ക്യാമ്പയിന്റെ ആവശ്യം. അന്ന് ഈ പ്രചാരണം വലിയ ചർച്ചയായിരുന്നു. എന്നാൽ അധികാരത്തിൽ എത്തിയ ശേഷം മുയിസു നിലപാട് മയപ്പെടുത്തുകയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഇപ്പോൾ 2028ലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും അതേ തന്ത്രം പയറ്റാനാണ് മുയിസു ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാകിസ്താനുമായുള്ള അടുപ്പം ഇതിന്റെ ഭാഗമാണെന്നും ഷാഹിദ് ആരോപിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാഹിദിന്റെ ഈ പ്രസ്താവന മാലിദ്വീപ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

