ദേശീയപാത ടോൾപ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ആശ്വാസം; നവംബർ ഒന്നുമുതൽ കൺസഷണൽ ലോക്കൽ പാസ്
text_fieldsന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് യാത്രാച്ചെലവ് കുറക്കാൻ വാർഷിക പാസ് (കൺസഷണൽ ലോക്കൽ പാസ്) ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന, വാണിജ്യേതര വാഹന ഉടമകൾക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക. നവംബർ ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
നഗരസഭാ പരിധിയിലും തദ്ദേശ പട്ടണപരിധിയിലും ടോൾ പ്ലാസകളിൽ വാർഷിക പാസിന് 3,000 രൂപയാണ് നിരക്ക്. ഇതിനു പുറത്തുള്ള ടോൾ പ്ലാസകളിൽ വാർഷിക പാസിന് 1,500 രൂപ നൽകിയാൽ മതിയാകും.
കേന്ദ്ര സർക്കാറിന് എല്ലാ വർഷവും നിരക്കുകൾ പുതുക്കാം. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരിക.
ക്ലോസ്ഡ് യൂസർ-ഫീ കലക്ഷൻ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലോ എക്സ്പ്രസ് വേകളിലോ ഈ പാസ് ലഭ്യമാകില്ല. കൂടാതെ, പ്രാദേശിക യാത്രാക്കാർക്കായി സർവിസ് റോഡോ ബദൽ പാതയോ ലഭ്യമായ പ്ലാസകളിൽ കൺസഷൻ പാസ് അനുവദിക്കില്ല.
ഈ പാസ് പ്രത്യേകമായി തെരഞ്ഞെടുക്കുന്ന ആ ഒരു ടോൾ പ്ലാസയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മറ്റൊരു ലൊക്കേഷനിലേക്കും മാറ്റാൻ സാധിക്കില്ല.
ടോൾ പ്ലാസകളിൽ നിന്ന് നവംബർ ഒന്നു മുതൽ വാർഷിക ലോക്കൽ പാസ് ലഭ്യമാകും. ഡിസംബർ ഒന്നു മുതൽ ‘രാജ്മാർഗയാത്ര (Rajmargyatra App)’ ആപ്ലിക്കേഷൻ വഴിയും ഇത് സ്വന്തമാക്കാം.
ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്ന, അർഹരായ വാഹന ഉടമകൾക്ക് നിലവിലുള്ള പ്രതിമാസ പാസുകൾക്ക് പകരമായി വാർഷിക ലോക്കൽ പാസ് തെരഞ്ഞെടുക്കാം. രാജ്യത്തുടനീളം 13 കോടിയിലധികം ഫാസ്റ്റ്ടാഗുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ദേശീയപാത ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് യാത്ര കൂടുതൽ ചെലവുകുറഞ്ഞതാക്കുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ജീവിതസൗകര്യം വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

