Shefeek Musthafa ചെർണ്ണോബിൽ ആണവ ദുരന്തത്തെപ്പറ്റി ഒരു ഡോക്യുമെന്ററി കണ്ടത്‌ ഓർക്കുന്നു. അതിൽ ഒരു കാര്യം പറയുന്നുണ്ട്‌: ദുരന്തസമയത്ത്‌ ചെർണ്ണോബിലിനു മുകളിൽ ഉരുണ്ടുകൂടിയിരുന്ന മേഘങ്ങൾ പിന്നീട്‌ 1500 കിലോമീറ്ററോളം അകലെയുള്ള സ്വീഡൻ എന്ന മറ്റൊരു രാജ്യത്ത് പെയ്യുമ്പോൾ ആ മഴത്തുള്ളികളിൽ റേഡിയോ ആക്ടീവ് കണങ്ങൾ ഉണ്ടായിരുന്നുവെന്ന്. പാടത്തും പറമ്പിലും റോഡരികിലും പെയ്തിറങ്ങിയ ആ മഴവെള്ളം കുടിച്ച മൃഗങ്ങളും പക്ഷികളും അങ്ങനെ റേഡിയേഷനു വിധേയമായി. പിന്നീടു നടന്ന ഗവേഷണങ്ങളിൽ ആ മൃഗങ്ങളുടെ അടുത്തടുത്ത തലമുറകൾ ജനിതക വൈകല്യങ്ങളുടെ സങ്കീർണ്ണതകളിൽപ്പെട്ട് ഗർഭപാത്രങ്ങളിക്കിടന്ന് വീർപ്പുമുട്ടുന്നതായി കണ്ടെത്തി. ഇന്നും, മൂന്നു ദശകങ്ങൾക്കു ശേഷവും ആ വിഷമഴ പെയ്ത സ്ഥലങ്ങളിലെ മൃഗങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ കാണുന്നതായി ഗവേഷണങ്ങൾ പറയുന്നു.

കാറ്റിനും മഴയ്ക്കും മേഘത്തിനുമൊന്നും അതിരുകൾ അറിയില്ല. റഷ്യയിലെ ചെർണോബില്ലിൽ നിന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്ത് സ്വീഡനിൽ പെയ്യാൻ പാടില്ലെന്ന് നേരത്തേ പറഞ്ഞ മേഘമലരുകൾക്ക് അറിയില്ലായിരുന്നു. സ്വീഡൻകാർ പാവങ്ങൾ. റഷ്യയിലെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചപ്പോൾ കഞ്ഞികുടി മുട്ടിയത് അവരുടേതുകൂടിയാണ്. ഇതിൽ റഷ്യാക്കാരെ കുറ്റം പറയാൻ പറ്റുമോ? അതുമില്ല. ഈ മേഘങ്ങൾ മറ്റേതോ രാജ്യങ്ങളുടെ അതിർത്തി കടന്ന് എങ്ങോട്ടോ പോകുന്ന വഴിയായിരുന്നു.

കാറ്റിനും മഴയ്ക്കും മേഘങ്ങൾക്കും പ്രവാഹങ്ങൾക്കും അറിയാൻ പാടില്ലാത്ത മറ്റൊരു കാര്യമാണ് മനുഷ്യർക്ക് ആണവായുധങ്ങളും ആണവ റിയാക്ടറുകളും ഉള്ള കാര്യം. മനുഷ്യർക്ക് രാജ്യങ്ങളുണ്ടെന്നും അവ തമ്മിൽ ശത്രുതയുണ്ടെന്നും ഈ പ്രതിഭാസങ്ങൾക്ക് അറിയില്ല. ഇവറ്റകളൊന്നും പത്രം വായിക്കാറോ ചാനലുകൾ കാണാറോ ഇല്ല. ആയിരക്കണക്കിനു കൊല്ലങ്ങൾ മുമ്പ് എങ്ങനായിരുന്നോ, ഇപ്പോഴും അതുതന്നെ. ഇന്ത്യയിൽ രൂപം കൊള്ളുന്ന കാറ്റിന് പാകിസ്ഥാനിലേക്ക് വീശരുത് എന്നറിയില്ല. പാകിസ്ഥാനികൾ ഇന്ത്യാക്കാരുടെ ശത്രുക്കളായിട്ടും ഇന്ത്യയിൽ ഉറവപൊട്ടുന്ന പല നദികളും യാതൊരു തത്വദീക്ഷയുമില്ലാതെ അങ്ങോട്ടും ഒഴുകുന്നു. ഇത് വെറും കാറ്റിന്റേയോ മേഘത്തിന്റേയോ കാര്യമല്ല. മനുഷ്യൻ ഒഴികെയുള്ള മറ്റൊന്നിനും അതിരുകളെപ്പറ്റി യാതൊന്നും അറിയില്ല. കാക്കയ്ക്കും പൂച്ചയ്ക്കും പോത്തിനും തെങ്ങിനും കവുങ്ങിനുമൊന്നും ഇതേപ്പറ്റി യാതൊരു ബോധവുമില്ല.

സൂപ്പർ മാർക്കറ്റിൽ നമ്മൾ പാകിസ്ഥാനി ബീഫും ഇന്ത്യൻ ബിഫും കാണുന്നു. എന്നാൽ ആ കൊല്ലപ്പെട്ട ബീഫിന് താൻ ഏത് ഐറ്റം ആണെന്ന് അറിയാമോ? ജീവിച്ചിരുന്ന കാലത്ത് ആ മൃഗത്തിനെ -ഇന്ത്യൻ പോത്തിനെ ആണെന്നുതന്നെ വച്ചോ- ഇന്തോ പാക്ക് അതിർത്തിയിൽ കൊണ്ടുചെന്നു കെട്ടിയാൽ ഇപ്പുറത്തെ പുല്ലു തിന്നു തീർന്ന ശേഷം അത് അപ്പുറത്തെ പുല്ലുതിന്നാനായി പോകില്ലേ? അയവെട്ടിക്കൊണ്ട് അപ്പുറത്തെ ചെളിനിറഞ്ഞ തോട്ടിൽ അത് വെറുതേ മുക്കുറയിട്ട് കഴിയില്ലേ?

ചിലയാളുകൾ പറയുന്നു പാകിസ്ഥാനി ബീഫിനാണ് രുചിയെന്ന്, ചിലർ പറയുന്നു ഇന്ത്യൻ ബീഫിനാണ് രുചിയെന്ന്. ഞാനൊന്ന് ചോദിക്കട്ടെ, ഇന്ത്യാരാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ ആ ബീഫുകളെ രണ്ടിനേയും എങ്ങനെ തിരിച്ചറിയുമായിരുന്നു? പണ്ട് കായംകുളവും അമ്പലപ്പുഴയും രണ്ട് രാജ്യങ്ങളയിരുന്ന കാലത്ത് കായംകുളം ബീഫും അമ്പലപ്പുഴ ബീഫും ഉണ്ടായിരുന്നു. അവയ്ക്ക് രണ്ടിനും വ്യത്യസ്ഥ രുചികളായിരുന്നുവെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ പോത്തുകൾ അത് വിശ്വസിച്ചിരുന്നില്ല. വിവിധ പ്രദേശങ്ങളിലെ പുല്ലിന്റെ വ്യത്യാസമനുസരിച്ച് ഒരുപക്ഷേ ബീഫിന്റെ രുചിയിൽ വ്യത്യാസം വന്നേക്കാം. എന്നാൽ ഒരു സാങ്കല്പിക വരയുടെ അപ്പുറത്തുള്ള ബീഫും ഇപ്പുറത്തുള്ള ബീഫും വ്യത്യാസപ്പെട്ടിരിക്കും എന്നു സങ്കൽപ്പിച്ചുകൊണ്ട് പോത്തുകളെ രാജ്യങ്ങളുടെ പേരുചൊല്ലി വിളിക്കുന്നത് യുക്തിഹീനമാണ്. ഒരു പരിഹാരമെന്ന നിലയിൽ ജീവജാലങ്ങളെ അവയുടെ ഗുണഗണങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി നാമകരണം ചെയ്യാൻ ഞാൻ ആവശ്യപ്പെടുകയാണ്. അങ്ങനെയെങ്കിൽ ലുലുമാളിൽ പോയി പാകിസ്ഥാനി ബീഫുണ്ടോ എന്നു ചോദിക്കേണ്ട ഗതികേട് ഒരു ഇന്ത്യാക്കാരന് വരാതെയെങ്കിലുമിരിക്കും.

ഞാൻ പൂച്ചയുടേയും തെങ്ങിന്റേയും കവുങ്ങിന്റേയും കാര്യം പറഞ്ഞു. ഒരു ഇന്ത്യൻ പൂച്ചയെ ഇന്തോ പാക്ക് അതിർത്തിയിൽ വെച്ച് വിരട്ടി ഓടിക്കുകയാണെങ്കിൽ ആ നന്ദികെട്ട പൂച്ച പാകിസ്ഥാനിലേക്ക് പാഞ്ഞുകയറി രക്ഷപ്പെടാൻ ശ്രമിച്ചേക്കാം. പാകിസ്ഥാൻ അഭയം നൽകും എന്നതുകൊണ്ടല്ല അത് അങ്ങനെ ചെയ്യുന്നത്. പാകിസ്ഥാൻ എവിടെയാണെന്ന് അതിന് അറിയാത്തതുകൊണ്ടുമാത്രമാണ്. അതുപോലെ ഒരു തെങ്ങോ കവുങ്ങോ നിങ്ങൾ അതിർത്തിയിൽ കൊണ്ടുചെന്ന് നടുക. ഇന്ത്യയുടെ ഭാഗത്ത് വെള്ളവും വളവും കൊടുക്കുക. എന്നിട്ട് ദിവസവും അതിനോട് പറയുക: ‘ദേ, ഞാനാണ് നിനക്ക് വെള്ളവും വളവും തരുന്നത്. മര്യാദയ്ക്ക് വളരണം’. എങ്കിൽക്കൂടി അവയ്ക്ക് പ്രകാശം കിട്ടുന്നത് പാകിസ്ഥാന്റെ ഭാഗത്തു നിന്നാണെങ്കിൽ അവ ചായുക പാകിസ്ഥാനിലേക്കായിരിക്കും.

മേൽ ഉദാരഹരണങ്ങളിൽ നിന്നും മൃഗങ്ങൾക്കും മരങ്ങൾക്കും പക്ഷികൾക്കുമൊന്നും രാജ്യത്തെക്കുറിച്ചോ അതിർത്തികളെക്കുറിച്ചോ യാതൊരു ചുക്കും അറിയില്ലെന്ന കാര്യം വ്യക്തമാകുന്നു. ഇതിനേക്കാൾ കഷ്ടമാണ് ആയുധങ്ങളുടെ കാര്യം. അവറ്റകൾക്ക് സ്വന്തം സൃഷ്ടികർത്താവിനെപ്പോലും തിരിച്ചറിയാനുള്ള ശേഷിയില്ല. സംശയമുണ്ടെങ്കിൽ ഒരു ബോംബുണ്ടാക്കി കയ്യിൽ വെച്ച് പൊട്ടിച്ചു നോക്കൂ. അത് പൊട്ടുന്നതോടൊപ്പം ഉണ്ടാക്കിയ നിങ്ങളും പൊട്ടുന്നതുകാണാം. ഐ മീൻ മറ്റുള്ളവർക്ക് കാണാം. നിങ്ങൾ പൊട്ടിത്തീർന്നതുകൊണ്ട് കാണാൻ സാധിക്കില്ലല്ലോ.

അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നമുക്കു ചുറ്റുമുള്ളതെല്ലാം നമ്മെ അറിയാത്ത നമ്മുടെ അതിർത്തികളെ അറിയാത്ത പ്രതിഭാസങ്ങളും സചേതനങ്ങളും അചേതനങ്ങളും ആണെന്നുള്ള കാര്യമാണ്. മണ്ണിൽ മാത്രമേ നമുക്ക് അതിർത്തി ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. എല്ലാ സിദ്ധാന്തങ്ങളും ലോകത്തെ എല്ലാവർക്കും ബാധകമായിട്ടുള്ളതാണ്. ന്യൂട്ടന്റെ ചലന നിയമങ്ങൾ ഇംഗ്ലീഷുകാർക്ക് മാത്രമല്ല ബാധകമായിട്ടുള്ളത്. എല്ലാവർക്കും ബാധകമാണ്. പാകിസ്ഥാൻ ഇന്ത്യയിൽ ഒരു ബോംബിട്ടാൽ അതിന്റെ ഒച്ച ഇന്ത്യയിൽ മാത്രമല്ല കേൾക്കുക. പാകിസ്ഥാനിൽക്കൂടി ആയിരിക്കും. തിരിച്ചും അങ്ങനെതന്നെ. കാരണം ശബ്ദം അതിർത്തികളെ ഭേദിച്ച് അതിന് ആവുന്നത്ര സഞ്ചരിക്കും.

ഇന്ത്യ ഇസ്ലാമാബാദിൽ കൊണ്ടുപോയി അണുബോംബിട്ടാൽ അന്നത്തെ ദിവസം ആ പട്ടണത്തിനു മുകളിൽ നിഴൽ വിരിച്ചിരിക്കുന്ന മേഘങ്ങൾ ഇങ്ങ് കേരളം വരെ യാത്ര ചെയ്ത് അതിന്റെ ഒരു പങ്ക് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വീട്ടുമുറ്റത്തുപോലും പെയ്തിറക്കാനുള്ള സാധ്യത എങ്ങനെ തള്ളിക്കളയും? സുരേന്ദ്രന് പിന്നെ എന്താണ് ചെയ്യാനാവുക?. ഒരു സാധ്യതയേ ഞാൻ കാണുന്നുള്ളൂ. ‘മേഘങ്ങളെ തടയുന്നതിൽ പിണറായി വമ്പൻ പരാജയമാണെ’ന്ന് പരലോകത്തിരുന്ന് ഒരു പ്രസ്താവനയിറക്കാൻ പറ്റും. അത്രതന്നെ.