Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നെപ്പറ്റി ആർക്കും...

എന്നെപ്പറ്റി ആർക്കും ഒരു പരാതിയുമില്ല, അവർക്ക് അനുകൂലമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വോട്ട് പോലും എനിക്ക് അനുകൂലമാകും -ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
എന്നെപ്പറ്റി ആർക്കും ഒരു പരാതിയുമില്ല, അവർക്ക് അനുകൂലമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വോട്ട് പോലും എനിക്ക് അനുകൂലമാകും -ടി.പി. രാമകൃഷ്ണൻ
cancel

കോഴിക്കോട്: പേരാമ്പ്രയിൽ തോൽക്കുമെന്ന ഒരു ആശങ്കയും തനിക്കില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. വികസന കാര്യത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്താനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും ആ അനുഭവമുള്ള ജനങ്ങളാണ് അവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ എപ്പോഴെങ്കിലും പേരാമ്പ്രയിൽ ആശങ്ക പറഞ്ഞിട്ടുണ്ടോ? ഇനിയിപ്പോൾ ഞാൻ പറഞ്ഞതാണ് തെറ്റെങ്കിൽ അത് തെറ്റായിക്കോട്ടെ. അത് നാളെ അവസാനിക്കുമല്ലോ. പേരാമ്പ്രയിൽ ഇടതു മുന്നണി മുൻ തെരഞ്ഞെടുപ്പിനേക്കാൾ നല്ല വിജയം നേടാൻ പോവുകയാണ്. കഴിഞ്ഞകാല തെരഞ്ഞെടുപ്പിലൊക്കെ ഉണ്ടായിരുന്ന നെഗറ്റീവ് അനുഭവങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. പൊതുവേ ജനങ്ങൾ അനുകൂലിക്കുന്ന നിലപാടാണുള്ളത്.

അവർക്ക് (ഫാത്തിമ തഹ്‍ലിയക്ക്) അനുകൂലമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വോട്ട് പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ചെയ്യും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഞങ്ങളെ പറ്റി ഒരു തെറ്റും പറയാനില്ല. വികസനം ശ്രദ്ധിച്ചില്ലെന്നോ വികസനത്തിൽ താല്പര്യമെടുത്തില്ല എന്നോ വികസനത്തിൽ എന്തെങ്കിലും വിവേചനം കാണിച്ചു എന്നോ ആർക്കും എന്നെപ്പറ്റി ഒരു പരാതിയുമില്ല. വികസന കാര്യത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ആ അനുഭവമുള്ള ജനങ്ങളാണല്ലോ അവിടെയുള്ളത്.

രാഷ്ട്രീയ വിവേചനം കാണിക്കുക എന്ന നിലപാട് അവിടെ സ്വീകരിച്ചിട്ടില്ല. ഇനിയും സ്വീകരിക്കാൻ പോകുന്നില്ല. ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങളോട് മൊത്തത്തിലുള്ള ഉത്തരവാദിത്വം നിറവേറ്റി മുമ്പോട്ട് പോവുക എന്ന നിലപാടാണ് ഞങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ളത്. തുടർന്നും അത്തരം ഒരു നിലപാട് തന്നെ സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും അത് ആവർത്തിച്ചുറപ്പിക്കുന്ന നിലയിലാണ് ജനങ്ങളിൽ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഒരു ആശങ്കയുടെയും പ്രശ്നമില്ല. മൂന്നാം തവണയും കേരളത്തിൽ അധികാരത്തിൽ വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പല രീതിയിലുള്ള പ്രചാരവേലകളും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇടതു മുന്നണി പരാജയപ്പെടുന്നു എന്ന് സ്ഥാപിച്ചെടുക്കുന്നതിന് എക്സിറ്റ് പോളിലൂടെ വലിയ ശ്രമം നടക്കുകയുണ്ടായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ ശ്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, ബേപ്പൂർ മണ്ഡലങ്ങളിൽ ഇടതു മുന്നണി തോൽക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ എം എം മണി തോൽക്കുമെന്ന് പറഞ്ഞു. ശൈലജ ടീച്ചർ തോൽക്കുമെന്നുള്ള സന്ദേശമാണ് അവർ നൽകിയത്. ആ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്ന് ഫലം വ്യക്തമാക്കി. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുഭവമാണ്.

​ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളിന്റെ ഇതുപോലുള്ള വിശകലനങ്ങൾ തെറ്റിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ ശരിയായ നിലയിൽ പ്രതിഫലിപ്പിക്കുന്ന ഒന്നായി ഇതിനെ കാണാൻ കഴിയില്ല. ഇടതുപക്ഷം നല്ല നിലയിൽ വിജയം കൈവരിക്കും എന്ന് പറയാനുള്ള സാഹചര്യം അതാണ്. നാളെ നമുക്ക് എന്തായാലും മനസ്സിലാക്കാൻ കഴിയുമല്ലോ.

നാളെ ഫലം വന്നാൽ അതിനനുസരിച്ചുള്ള നിലപാട് എടുക്കാൻ ഞങ്ങൾക്ക്പ്രശ്നമില്ല. ഇടതു മുന്നണി അധികാരത്തിൽ വരും എന്ന ഉറച്ച നിലപാട് തന്നെയാണ് എൽ.ഡി.എഫിന്. അതുകൊണ്ട് ഒരു ആശങ്കയുടെ പ്രശ്നവും ഞങ്ങൾക്കില്ല. അവർക്ക് നൂറോ അതിലധികമോ സീറ്റ് കിട്ടും എന്ന് പറഞ്ഞിട്ട് പന്തൽ ഇടുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം. അത് അവരാണ് വിശദീകരിക്കേണ്ടത്.

ജയിക്കുമോ തോൽക്കുമോ എന്നുള്ള കണക്കുകൂട്ടൽ നടത്തി കഴിഞ്ഞാൽ ഓരോ മുന്നണിയും ഞങ്ങൾ തോൽക്കും അല്ലെങ്കിൽ ജയിക്കും എന്നുള്ള അഭിപ്രായങ്ങൾ പറയാം. ഇത് അതിന്റെ അപ്പുറത്ത് കടന്ന് മുഖ്യമന്ത്രി ആരെന്ന ചർച്ച വരെ നടത്തുകയും മുഖ്യമന്ത്രിയെ കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാട് യുഡിഎഫിന്റെ കേന്ദ്രങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഏതെങ്കിലും കാലത്തുണ്ടോ ഇങ്ങനെ ഒരു ഏർപ്പാട്? എന്താണോ കോൺഗ്രസ് പറയുന്നത് അതെല്ലാം ഞങ്ങൾ അംഗീകരിക്കും എന്നാണ് ലീഗ് പറയുന്നത്. ഇങ്ങനെ ഒരു അവസ്ഥ കേരള രാഷ്ട്രീയത്തിൽ എപ്പോഴെങ്കിലും രൂപപ്പെട്ടു വന്നിട്ടുണ്ടോ? തോൽക്കും എന്ന ആശങ്ക വന്ന സമയത്ത് അതിനെ മറികടക്കുന്നതിനു വേണ്ടി ഈ രീതിയിലുള്ള ചില കാര്യങ്ങൾ കാട്ടിക്കൂട്ടുകയാണ്. അത് ഇടതു മുന്നണിയെ ഒരു തരത്തിലും ബാധിക്കില്ല.

ഇലക്ഷൻ കമ്മീഷനാണ് ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്. അവർ നടത്തുന്ന ഈ തെരഞ്ഞെടുപ്പ് പ്രക്രിയ നിയമാനുസൃതമായി മുന്നോട്ടു പോകണം എന്നുള്ള നിലപാടേ ഞങ്ങൾക്കുള്ളൂ. ചില ഭീഷണികൾ ഉയർത്തി ഇടതു മുന്നണിയുടെ മുന്നേറ്റത്തെ തടയാനാണ് യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചത്. അത് ഒരുതരത്തിലും കേരളത്തിൽ വിലപ്പോകുന്ന കാര്യമല്ല’ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp ramakrishnanperambrafathima thahliyaKerala Assembly Election 2026Assembly Elections 2026
News Summary - tp ramakrishnan fathima thahliya peramabra
Next Story