Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടേറിയറ്റിന്‍റെ...

സെക്രട്ടേറിയറ്റിന്‍റെ വാതിലുകൾ ഇനി ജനങ്ങൾക്കായി തുറന്നിടും -എ.കെ ആന്‍റണി

text_fields
bookmark_border
സെക്രട്ടേറിയറ്റിന്‍റെ വാതിലുകൾ ഇനി ജനങ്ങൾക്കായി തുറന്നിടും -എ.കെ ആന്‍റണി
cancel

തിരുവനന്തപുരം: കോൺഗ്രസ് ഭരണകാലത്ത് സെക്രട്ടേറിയറ്റിനുള്ളിൽ സാധാരണ ജനങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്ന രീതി തിരികെ കൊണ്ടുവരുമെന്ന് എ.കെ ആന്റണി. ഉച്ചയ്ക്ക് 3:30 മുതൽ 5:30 വരെയുള്ള രണ്ട് മണിക്കൂർ സമയം പാസ് എടുക്കുന്ന ആർക്കും മന്ത്രിമാരെ നേരിൽ കാണാൻ അന്ന് അവസരമുണ്ടായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സാധാരണ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരമില്ലാതെ വന്നുവെന്നും ഇതിന്റെ ദുരന്തമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വളരെ അപ്രിയമായ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ശ്വാസംമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴും ആരോടും ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടില്ലെന്നും ഇനി അങ്ങനെയൊന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് മാധ്യമപ്രവർത്തകർക്ക് എപ്പോഴും പ്രവേശനം അനുവദിച്ചിരുന്നു. ആ സ്വാതന്ത്ര്യം ഇപ്പോൾ വീണ്ടും തിരികെ ലഭിച്ചിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് മുൻകൂർ അനുമതിയോടെ ഇനി സെക്രട്ടേറിയറ്റിൽ പ്രവേശിക്കാം. എൽ.ഡി.എഫ് ജനങ്ങളിൽ നിന്ന് അകന്നുപോയെന്നും ജനവികാരം മനസ്സിലാക്കാത്ത ഗവൺമെന്റായി ഇത് മാറിയെന്നും ആന്‍റണി വിമർശിച്ചു.

നിയമസഭാ ഫലം വന്ന ശേഷം നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടെന്നുവെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായി ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഈ വിശ്വാസത്തിലായിരുന്നു ചൊവ്വാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരാമെന്ന് അറിയിച്ചതും. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ 13 മന്ത്രിമാർക്കടക്കം തോറ്റു. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷ അർപ്പിച്ച് വീണ്ടും കളത്തിലിറക്കിയ മന്ത്രിമാരാണ് കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്. മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ മുസ്ലിം ലീഗിലെ ഫാത്തിമ തഹിലിയയോട് 5087 വോട്ടുകൾക്ക് തോറ്റു.

വ്യവസായ മന്ത്രിയായിരുന്ന പി. രാജീവ് കളമശ്ശേരിയിൽ പരാജയപ്പെട്ടത് എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിപ്പിച്ചു. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഒരുഘട്ടത്തിൽപോലും ലീഡ് നേടാനായില്ല. കായിക മന്ത്രി വി. അബ്ദുറഹ്മാൻ തിരൂരിലും രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിലും തോറ്റു. പൊതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി നേമത്ത് പരാജയപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇവിടെ ജയിച്ചുകയറിയത്.

ഇടുക്കിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഏറ്റുമാനൂരിൽ സഹകരണ മന്ത്രി വി.എൻ. വാസവനും പരാജയപ്പെട്ടു. ഇടതുകോട്ടയായ എലത്തൂരിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് വോട്ടർമാർ തിരിച്ചടി നൽകി. പത്തനാപുരത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിനും ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും ഇത്തവണ പരാജയം നുണയേണ്ടി വന്നു. കഴിഞ്ഞ തവണത്തെ തിളക്കമാർന്ന വിജയം ഇത്തവണ ആവർത്തിക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് തൃത്താലയിൽ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും പട്ടികജാതി-പട്ടികവർഗ വികസന മന്ത്രിയായി ഒ.ആർ. കേളു മാനന്തവാടിയിലും പരാജയപ്പെട്ടു. പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ ഈ പതനം ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ ഭരണവിരുദ്ധ വികാരം മറികടന്ന് ജയിച്ചുകയറി. ആദ്യ റൗണ്ട് തൊട്ട് പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മടത്ത് 19000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. ഏഴു റൗണ്ടുകൾക്കുശേഷമാണ് മുഖ്യമന്ത്രി ആദ്യമായി ലീഡെടുത്തത്. കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ 1012 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ബേപ്പൂരിൽ പി.എ മുഹമ്മദ് റിയാസ് 7487 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ജയിച്ചു. ഒല്ലൂരിൽ റവന്യൂ മന്ത്രി കെ. രാജനും നെടുമങ്ങാട് ജി.ആര്‍. അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേര്‍ത്തലയിൽ പി. പ്രസാദും ജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonysecretariatCongress
News Summary - Secretariat doors will now be opened for the people: A.K. Antony
Next Story