നന്മ ദേശം പി.ഒ
text_fieldsസുരേഷ് ബാബു മരിച്ചു, രാവിലെ ഫോൺ കയ്യിലെടുത്തപ്പോൾ ആദ്യം കണ്ട സന്ദേശം അതായിരുന്നു. നാട്ടിലെ വാട്സാപ് ഗ്രൂപ്പാണ്. ഗ്രൂപ്പിൽ നിരനിരയായി നീണ്ട അനുശോചന കുറിപ്പുകളിലൊന്നും അയാളപ്പോൾ ശ്രദ്ധിച്ചില്ല. ഒന്നും എഴുതിയിടാനും തോന്നിയില്ല. സത്യത്തിൽ അയാൾക്ക് ബാബുവിനെ കുറിച്ച് ഏറെ പറയാനും എഴുതാനുമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ അയാളപ്പോൾ ഫോൺ മാറ്റിവെച്ച് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. ആ മരണ വാർത്ത തന്നെ വന്നു തൊടുന്നതായി അയാൾക്കുതോന്നി. നീണ്ട മുടിയും താടിയുമായി മുഷിഞ്ഞ ഉടുപ്പുകൾക്കുള്ളിൽ നിന്ന് ബാബു ചിരിക്കുന്നു. എന്തുകൊണ്ടാണ് മുമ്പ് ഇല്ലാത്തവിധം ബാബുയിങ്ങനെ മുന്നിൽ വന്നു നിൽക്കുന്നതെന്ന് അയാൾ ചിന്തിച്ചു. ജീവിച്ചിരിക്കെ താനൊരിക്കലും ബാബുവിനെ കുറിച്ച് വേവലാതിപ്പെടുകയോ, ആരോടെങ്കിലും പരാതിപ്പെടുകയോ ഉണ്ടായിട്ടില്ല. സുരേഷ് ബാബു എന്ന പേര് ചുരുക്കി ബാബു എന്നേ താനും വിളിച്ചിട്ടുള്ളൂ.
അടുത്തിടെയായി അവനുമായി വലിയ അടുപ്പവും കാണിച്ചിട്ടില്ല. നാട്ടിലെത്തുന്ന സമയത്ത് ചിലപ്പോൾ കാണും അത്രമാത്രം. അപ്പോളൊക്കെ ബാബു തന്നെ തിരിച്ചറിയുന്നുണ്ടോ എന്നതിൽ സംശയമുണ്ടായിരുന്നു. എന്തെങ്കിലും മിണ്ടിയാലല്ലേ അടുപ്പത്തിന്റെ ആഴവും തിരിച്ചറിവിന്റെ അർത്ഥങ്ങളും മനസ്സിലാകൂ എന്ന് അപ്പോൾ ഓർക്കും. രാവിലെ ബസിറങ്ങുന്ന കവലയിലാണ് ബാബുവിനെ അധികം കാണാറ്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ സിമന്റു തറയിൽ കിടന്നുറങ്ങുകയോ ഇരിക്കുകയോ ആകുമവനപ്പോൾ. അലസമായ ഒരു നോട്ടത്തിൽ അവനെയൊതുക്കി വീട്ടിലേക്ക് നടക്കും. അടുത്തിടെയായി പതിവു കാഴ്ചകൾ ഒട്ടും തന്നെ സ്പർശിക്കാറില്ലല്ലോ. ഉച്ചക്കും വൈകീട്ടുമൊന്നും ബാബുവിനെ അവിടെ കാണാറില്ല. വെളിച്ചം പരന്നു തുടങ്ങുന്നതോടെ അവൻ നേരെ അടുത്ത അങ്ങാടിയിലേക്ക് നടക്കും. വാഹനങ്ങളും ആളുകളും കടന്നു പോകുന്നത് നോക്കി വെറുതെ നിൽക്കും. കിട്ടുന്നത് തിന്നും, തോന്നുന്നിടത്ത് അലയും. രാത്രി വീണ്ടും പഴയ താവളത്തിൽ കൂടണയും. ബാബുവിന്റെ പതിവുകൾ ഇങ്ങനെയൊക്കെ ആയതിനാൽ ജനങ്ങളുടെ പതിവ് ജീവിതത്തിൽ അവനൊരു പേരുകാരനല്ലായിരുന്നു.
ഇതൊക്കെ വർഷങ്ങൾക്ക് മുമ്പാണ്. അധികം വർഷങ്ങളുടെ പഴക്കം ഇല്ലതാനും. അതായത് ബാബു യൗവനകാലത്തിലേക്ക് കടന്നതിന് ശേഷം. ഓർമകൾ ബാബുവിൽ നിന്നു വേർപ്പെട്ടോ മനസിന്റെ താളം അവന് നഷ്ടപ്പെട്ടു തുടങ്ങിയോ എന്ന സംശയം ചിലരിൽ ഉടലെടുത്തു തുടങ്ങിയതും അപ്പോൾ മുതലാണ്.
ചിന്തകളെ മുറിച്ച് പെട്ടന്നയാളുടെ ഫോൺ ശബ്ദിച്ചു. ഡോ. ഫരീദ് എന്ന് സ്ക്രീനിൽ തെളിഞ്ഞു. ഇത്തരത്തിൽ ഒരു വിളി ആരിൽ നിന്നെങ്കിലും വരുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു. വിഷയം ബാബുവിന്റേത് തന്നെയായിരിക്കുമെന്ന ചിന്തയിലാണ് ഫോൺ എടുത്തതും.
'ടൗണിലുണ്ടോ?'
ആദ്യ ചോദ്യം അതായിരുന്നു.
'ഉണ്ട്,'
അയാൾ ഉത്തരം പറഞ്ഞു.
'ബാബു മരിച്ചു, അറിഞ്ഞിരിക്കുമല്ലോ'
'അതെ, അറിഞ്ഞു.'
'ചെറിയൊരു പ്രശ്നമുണ്ട്, ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു.'
അതു പറയുേമ്പാൾ ഡോക്റുടെ ശബ്ദം പതിവിലും താഴ്ന്നിരിക്കുന്നതായി തോന്നി.
'എന്താണ്? '
അയാളിൽ ആകാംക്ഷ നിറഞ്ഞു.
'സംസ്കാരത്തിന് മുമ്പ് അവിടുത്തെ നടപടികൾ പൂർത്തിയാക്കണം. ബോഡി ഏറ്റുവാങ്ങില്ലെന്നാണ് രാമൻ ഡോക്ടർ പറയുന്നത്. പൊതുശ്മശാനത്തിൽ സംസ്കരിക്കേണ്ടി വരും..'
ഡോക്ടർ പറഞ്ഞു നിർത്തി.
മറുപടിയെന്നോണം അയാളൊന്ന് മൂളുകമാത്രം ചെയ്തു.
'എനിക്കീ രാവിലെ അവിടം വരെ വരാനാകില്ല, നിങ്ങളൊന്ന് ആശുപത്രിയിൽ പോയി നടപടികൾ പൂർത്തീകരിച്ചാൽ നന്നായിരിക്കും.'
എന്തുമറുപടി പറയണമെന്നറിയാതെ അയാൾ ഒരു നിമിഷം മൗനിയായി. ന്യായമായ ഒരാവശ്യമാണ്. ബാബുവിനായി അവസാനമായി ചെയ്യാനാകുന്നതും ഇതാകും. ഡോക്ടർ ഇങ്ങോട്ടൊരു കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറാനുമാകില്ല. ഒരൊഴിവുദിവസം മാനസികാശുപത്രിയിലും ശ്മശാനത്തിലുമായി ചെലവാകുമെന്ന് മാത്രം. അയാൾ സമ്മതം മൂളി.
'ഞാൻ പോകാം, എപ്പോഴാണ് ആശുപത്രിയിലെത്തേണ്ടത്?
'രാവിലെ തന്നെ പോയ്ക്കോളൂ. ഇന്നലെ രാത്രി മരിച്ചതല്ലേ.'
'ശരിയാണ്, ശരിയാണ്. '
അതു പറഞ്ഞാണ് അയാൾ ഫോൺ കട്ടാക്കിയതും കിടക്ക വിട്ടെണീറ്റതും.
മാനസികാശുപത്രിയിലേക്കുള്ള യാത്രയിൽ റോഡിൽ തിരക്കുകുറവായിരുന്നു. അവധി ദിവസമായതിനാലാകും. നഗരം മുറിച്ചുകടന്ന് ശ്മശാന റോഡും, ജയിൽ വളപ്പും കഴിഞ്ഞാണ് ആശുപത്രി. അരമണിക്കൂർ കാറോടിച്ചാൽ എത്താവുന്ന ദൂരം മാത്രം. യാത്രാ മധ്യേ അയാൾ വീണ്ടും ബാബുവിനെ കുറിച്ചോർത്തു.
ബാബുവിന്റെ കുട്ടികാലത്തിൽ അപ്പോൾ അയാളുടെ ഓർമയെത്തി, തന്റെയും.
സ്കൂൾ യാത്രകളിൽ നിന്നാണ് അതാരംഭിക്കുന്നത്. കുന്നിൻ ചെരിവിലായിരുന്നു ബാബുവിന്റെ വീട്. വീട്ടിൽ നിന്നിറങ്ങി കവലയിലെത്തി പ്രധാന റോഡിലൂടെ നടന്നുവേണം സ്കൂളിലെത്താൻ. ആ പതിവു നടത്തത്തിലാണ് അയാളിലെ കുട്ടിയും ബാബുവും കൂട്ടായത്.
ഇടക്ക് കവലവരെ ബാബുവിനൊപ്പം അവന്റെ അമ്മയും കാണും. മെലിഞ്ഞ് ഉയരം കുറഞ്ഞൊരു സ്ത്രീയായിരുന്നു അവർ. അവരുടെ കൈവിരലുകളിൽ ചിലത് കുഷ്ടം വന്ന് അറ്റുപോയിരുന്നു. ബാബുവിനെ കുട്ടികൾക്കൊപ്പം വിട്ട് അവർ മറ്റൊരു വഴിയിലേക്ക് തിരിയും. അന്നൊക്കെ പലവീടുകളിലും അവർ അടിച്ചുവാരാൻ പോകുമായിരുന്നു.
എന്റെ മാമൻ ഡോക്ടറാണല്ലോ.., നടത്തത്തിനിടെ കുട്ടികളോട് ഗമയിൽ ബാബു പറയും. മാമന്റെ വീട്ടിൽ ടി.വിയുണ്ടെല്ലോ, ഞങ്ങൾ ഇന്നലെ സിനിമ കണ്ടല്ലോ...
കുട്ടികൾ അതെല്ലാം കൗതുകത്തോടെ കേൾക്കും. നാട്ടിലെ പ്രതാപിയാണ് ദന്ത ഡോക്ടറായ രാമൻ. അത് ബാബുവിന്റെ അമ്മാവനുമാണ്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് സ്വന്തം മിടുക്കു കൊണ്ട് പഠിച്ച് വലിയവനായ ആളാണ്. അതെങ്ങനെ സംഭവിച്ചു എന്ന് കുട്ടികൾക്ക് അറിയില്ലായിരുന്നു. അവർ വിശ്വസിച്ചത് നാട്ടുകാരിൽ ചിലർ പറഞ്ഞുപരത്തിയ കഥകളാണ്. അതിങ്ങനെയായിരുന്നു. പല്ലു ഡോക്ടറുടെ സഹായിയായി നിന്നു നിന്ന് പഠിച്ചതാണെല്ലാം. രാമൻ ഡോക്ടർ ശരിക്കുമുള്ള ഡോക്ടറല്ല. ഇക്കഥ പറഞ്ഞ് കുട്ടികൾ ബാബുവിനെ ചൊടിപ്പിക്കും.
അവനത് ഒരുകാലത്തും ഉൾകൊളളില്ല. ശോഷിച്ച ശബ്ദവും ശരീരവും കൊണ്ട് കുട്ടികൂട്ടത്തിന് ഒപ്പമെത്താൻ കഴിയാത്തതിനാൽ അവൻ ചെറുപ്രതിരോധം പോലും ഉയർത്താനാകാതെ നിശബ്ദനാകും, തലതാഴ്ത്തും.
സ്കൂളിന്റെ ചുറ്റുമതിൽ കാണുന്നതിന് മുൻപ് റോഡിന്റെ എതിർ വശത്തോട്ടൊരു ചെമ്മൺപാത കയറ്റം കയറി പോയിരുന്നു. ചരൽകല്ലുകളും ഞാവൽ മരങ്ങളും നിറഞ്ഞ കുന്നിലേക്കാണ് ആ വഴി. കുന്നിന്റെ മറുഭാഗത്ത് പാടത്തേക്കിറങ്ങുന്ന ഓരത്തായിരുന്നു ഡോക്ടറുടെ വീട്. ആ വഴിയരികിൽ എത്തും വരെ ബാബുവിന്റെ മുഖം കറുത്തിരിക്കും. അവിടെയാണ് ആ പെൺകുട്ടി കാത്തുനിൽക്കാറ്. വൃത്തിയുള്ള വസ്ത്രം ധരിച്ച, ബാഗും കുടയും ചെരിപ്പുമൊക്കെയായി നിൽക്കാറുള്ള വലിയ കണ്ണുള്ള മെലിഞ്ഞ പെൺകുട്ടി. ബാബുവിന്റെ ഒരേയൊരു ഡോക്ടർ അമ്മാവന്റെ മകൾ. പെൺകുട്ടി ബാബുവിനെ തൊട്ടുചേർന്നാണ് നടക്കുക. ആ സമയം അവന്റെ കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെടും. ബാബുവിനെക്കാൾ രണ്ടു ക്ലാസ് താഴെയായിരുന്നു പെൺകുട്ടി.
പിന്നെ കുറച്ചുകൂടി നടന്നാൽ സ്കൂളെത്തും.
************
ജയിൽ ജങ്ഷനിലെ സിഗ്നൽ കഴിഞ്ഞ് അയാൾ കാർ ഇടത്തോട്ട് തിരിച്ചു. ഒരു ചെറുകയറ്റം കഴിഞ്ഞാൽ അയാൾക്കെത്തേണ്ട ആശുപത്രി എത്തും. അതിനും മുമ്പ് വലിയ മതിലുകൾ കാണാം അതാണ് അടയാളം. റോഡരികിൽ കാറൊതുക്കി വലിയ ഗേറ്റും പിന്നിട്ട് അയാൾ അകത്തേക്ക് നടന്നു.
ആശുപത്രിയിൽ ഒച്ചയനക്കങ്ങൾ തീരെ കുറവായിരുന്നു. വലിയ മാവും മറ്റുമരങ്ങളും മുറ്റത്ത് തണൽ വിരിച്ചുനിൽക്കുന്നു. അതിനപ്പുറത്തായി നീളൻ കെട്ടിടങ്ങൾ. ഇടക്ക് ഒറ്റപ്പെട്ടു നിൽക്കുന്ന ഷോക് റൂമും അതിന് മുറ്റത്ത് പൊടിപിടിച്ചുനിൽക്കുന്ന ഒരു പഴഞ്ചൻ വാനും കണ്ടു.
അയാൾക്ക് ഓഫിസ് വരെ എത്തിയാൽ മാത്രം മതിയായിരുന്നു. അവിടെ കണ്ട സ്ത്രീ ചില പേപ്പറുകൾ മുന്നിലേക്ക് നീട്ടി. അയാൾ അതിലെല്ലാം ഒപ്പുവെച്ചു. പഴകിയൊരു ചീർപ്പും കുറച്ചു പണവും ഒരു നീല ഷാളും ഒരു പ്ലാസ്റ്റിക് കവറിനൊപ്പം അവർ അയാൾക്കുനേരെ നീട്ടി.
സുരേഷ് ബാബുവിെൻറ കയ്യിൽ ഉണ്ടായിരുന്നതാണ്. സ്ത്രീ പറഞ്ഞു.
ഒരു മൂളലിൽ മറുപടി പറഞ്ഞ് അയാൾ അവ ഏറ്റുവാങ്ങി.
ബോഡി നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. വേണമെങ്കിൽ കൂടെ പോകാം. സ്ത്രീ തുടർന്നു.
ശ്മശാനത്തിൽ പോകണോ എന്ന് അയാൾ വീണ്ടും ആലോചിച്ചു. പോകുന്ന വഴിക്കല്ലേ, ഒന്നു കയറിപോകാം എന്ന ഉറപ്പിച്ച് പുറത്തെ മാവിൻ തണലിലേക്ക് നോക്കി. തലേ രാത്രി പെയ്ത മഴയുടെ ശേഷിപ്പെന്നോണം പലയിടങ്ങളിലും വെള്ളം കെട്ടി കിടപ്പുണ്ട്. അതിനിടയിൽ വീണുകിടക്കുന്ന ഇലകളും ഒരു ഉറുമ്പിൻ കൂടും.
അന്നേരം ആശുപത്രി മുറ്റത്തേക്ക് ഒരു ആംബുലൻസ് എത്തുകയും കെട്ടിടങ്ങൾക്കിടയിലൂടെ അകത്തേക്ക് പോകുകയും ചെയ്തു. ഓഫിസ് ജീവനക്കാരി തിടുക്കപ്പെട്ട് പുറത്തിറങ്ങി അതിന് പിറകെ പോയി. തിരിച്ചുവരുമ്പോൾ അവർക്ക് പിറകെ ആംബുലൻസുമുണ്ടായിരുന്നു.
അതിന് പിറകെ പൊയ്ക്കോളൂ, ശ്മശാനത്തിലേക്കാണ്. അവർ പറഞ്ഞു. കയ്യിലെ വസ്തുക്കളുമായി അയാൾ കാറിനടുത്തേക്ക് നടന്നു.
************
ഓർമകൾ വീണ്ടും ബാബുവിലെത്തി. ഇപ്പോൾ അവർ കുറെ കൂടി മുതിർന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ബാബുവിനെ കാണുമ്പോൾ അവൻ രാമൻ ഡോക്ടറുടെ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. അപ്പോൾ അയാൾ ബിരുദ ക്ലാസിലായിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ചിലപ്പോഴൊക്കെ കവലയിലെ യുവാക്കളുടെ കൂട്ടത്തിലേക്ക് ബാബു എത്തും. ഒന്നും മിണ്ടാതെ മറ്റുള്ളവരുടെ സംസാരം കേട്ടുനിൽക്കും. പൊതുവെ മൗനിയും പ്രതികരിക്കാൻ അശക്തനുമായിരുന്ന ബാബുവിൽ സംസാരമെത്തിക്കാൻ മറ്റുള്ളവർ അതിനകം ഹരം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
അവർ അവനോട് രാമൻ ഡോക്ടറെ കുറിച്ച് ചോദിക്കും. ബാബു മറുപടി പറയും. പൊടുന്നനെ അത് ഡോക്ടറുടെ മകളിലേക്കെത്തും.
അവളെ കാണാറുണ്ടോ? നിങ്ങൾ കല്യാണം കഴിക്കുമോ ? നിന്റെ ഇഷ്ടം പറഞ്ഞോ? ചോദ്യങ്ങൾ തുടർച്ചയായി വരും. പഴയ സ്കൂൾ കുട്ടിയെ പോലെ ബാബുവിന്റെ തലതാഴും.
പിന്നെ പിന്നെ ബാബു പ്രതികരിച്ചു തുടങ്ങി. സ്വയം രൂപപ്പെടുത്തിയ കഥകൾ പ്രണയ മുഹൂർത്തങ്ങളായി കവലയിൽ പങ്കുവെച്ചു. പതിയെ പതിയെ അതിലൊരാനന്ദം കണ്ടെത്തുകയായിരുന്നു അവൻ. എന്നും പുതിയ കഥകളുമായി ബാബു എത്തിതുടങ്ങി. പ്രണയിനിക്കായി ഒരു നീല ഷാൾ കരുതിവെച്ചിട്ടുണ്ടെന്നും അവനിടക്ക് പറഞ്ഞു.
അപ്പോഴും അവർക്കിടയിൽ പ്രണയമുണ്ടെന്നോ, ഡോക്ടറുടെ മകൾ ബാബുവിനെ പ്രണയിച്ചിരുന്നോ എന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു.
ഇതൊക്കെ നടക്കുമ്പോൾ പെൺകുട്ടി കുറെ കൂടി വളർന്നിരുന്നു. അവളന്ന് മെഡിക്കൽ കോളജിൽ മെഡിസിന് പഠിക്കുകയായിരുന്നു. വെക്കേഷൻ കാലത്ത് അവൾ ഡോക്ടറുടെ വീട്ടിലെത്തിയ ഒരു ദിവസം. ബാബു പെൺകുട്ടിയെ കാണാനായി എത്തി. പിന്നീട് അവിടെ എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു. ഉത്തരം പറണ്ടേ ബാബു കുറെ നാൾ അങ്ങാടിയിൽ എത്തിയതുമില്ല. രാമൻ ഡോക്ടർ വീട്ടിൽ നിന്നും ആശുപത്രിയിൽ നിന്നും ബാബുവിനെ ഇറക്കിവിട്ടതായി പിന്നീട് ആരൊക്കയോ പറഞ്ഞു നടന്നു. ബാബുവിനെ മാത്രം എങ്ങും കണ്ടില്ല.
വർഷങ്ങൾ കഴിഞ്ഞു. പെട്ടെന്നൊരു നാൾ ബാബു കവലയിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അവന്റെ മുടിയും താടിരോമങ്ങളും നീണ്ടിരുന്നു. വസ്ത്രങ്ങൾ മുഷിഞ്ഞിരുന്നു. സമയമേറെ കഴിഞ്ഞിട്ടും ബാബു പക്ഷേ വീട്ടിലേക്ക് പോയില്ല. വീട്ടിൽ പോയാലും അവന് കാണാൻ അവിടെ ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല. അവൻ അപ്രത്യക്ഷമായി ഏറെ കഴിയും മുമ്പാണ് അമ്മ കിണറ്റിൽ വീണു മരിച്ചുപോയത്. അന്നു മുതലാണ് വെയ്റ്റിങ് ഷെഡിന്റെ സിമൻറുബെഞ്ചിൽ ഓടിപോകുന്ന വാഹന നിരകളെ നോക്കി അവൻ ഇരിപ്പുറപ്പിച്ചതും. വർഷങ്ങളുടെ ഇരിപ്പ്. വേരുപിടിച്ചപോലുള്ള ഇരിപ്പ്.
രാത്രിയിൽ കവലയിൽ ബസിറങ്ങുന്നവർ എരിയുന്ന ബീഡികുറ്റിക്കുപിന്നിൽ നീണ്ട താടിയും ജഡയും കണ്ടു പേടിച്ചു. അതൊരു പതിവു കാഴ്ച്ചയായതോടെ ആളുകളുടെ പേടിയും നിന്നു.
ഒരു പ്രഭാതത്തിൽ ബാബു എഴുന്നേറ്റു അങ്ങാടിയിലേക്ക് നടന്നു. എവിടെയൊക്കയോ അലഞ്ഞ് രാത്രി സിമൻറുബെഞ്ചിലേക്ക് തിരികെയെത്തി. പിന്നെയതൊരു പതിവായി. പുറപ്പെടും മുമ്പ് താടിയും മുടിയും വെറുതെ ചീകി ശരിപ്പെടുത്തി. ആരെയോ കാണാനെന്ന വണ്ണം പുറപ്പെട്ടുപോയി. ഡോക്ടറുടെ മകൾ പഠിക്കുന്ന കോളജിന്മുന്നിലും റോഡരികിലും ബാബുവിനെ കണ്ടതായി മെഡിക്കൽ കോളജിൽ പോയി വന്ന പലരും പറഞ്ഞു.
അതും സത്യമാണോയെന്ന് ആരും ചോദിച്ചും അന്വേഷിച്ചും ഉറപ്പുവരുത്തിയില്ല.അല്ലങ്കിലും ഇക്കാര്യങ്ങളൊക്കെ ആര് ആരോട് ചോദിക്കാനാണ്. നാട്ടുകാർക്ക് ചർച്ചചെയ്യാൻ എത്രയോ പ്രശ്നങ്ങൾ വേറെ കിടന്നിരുന്നു.
ഒരു ദിവസം മടങ്ങിയെത്തുേമ്പാൾ ബാബുവിനൊപ്പം ഒരു പട്ടികുട്ടിയുമുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ബാബു സിമൻറ് ബെഞ്ചിലും നായ താഴെയുമായി ഉറങ്ങി. ബാബുവിന്റെ കാലുരുമ്മി അത് വിടാതെ പിറകെ കൂടി. ബാബു ദിനേനെ ശോഷിച്ചുണങ്ങുകയും വസ്ത്രങ്ങൾ വലുതാകുകയും ചെയ്തു.
കാലമങ്ങനെ പോകവെ ബാബുവിന്റെ സാന്നിധ്യം ചിലരിൽ അസ്വസ്ഥത പടർത്താനും ഇടയാക്കി. ആദ്യം അത് പരസ്യമായി പ്രഖ്യാപിച്ചത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തെ പഴക്കച്ചവടക്കാരാനാണ്. ഭ്രാന്തൻ ബാബു കാരണം കച്ചവടം നടക്കുന്നില്ലെന്നും കുട്ടികൾക്ക് ബസ് കയറുന്നിടത്തെത്താൻ പേടിയാണെന്നും അയാൾ പറഞ്ഞു പരത്തി.
അപ്പോഴും ബാബു ആർക്കും ശല്യക്കാരനായിരുന്നില്ല എന്നതാണ് സത്യം. അക്കാര്യത്തിൽ നാട്ടുകാർക്കും ബോധ്യമുണ്ടായിരുന്നു. എന്നാൽ പൊടുന്നനെ ഉണ്ടായ ചില സംഭവങ്ങൾ ഇക്കാര്യങ്ങളെയെല്ലാം മാറ്റിമറിച്ചു. കവല കേന്ദ്രീകരിച്ച് ഒരു വാട്സാപ് കൂട്ടായ്മ ചിലർ രൂപപ്പെടുത്തുകയും ബാബുവിന്റെ ചില ദൃശ്യങ്ങൾ അതിൽ പ്രചരിപ്പിക്കപ്പെടുകയും ഉണ്ടായതാണ് ഒന്നാമത്. മുഷിഞ്ഞ വസ്ത്രങ്ങളും നീണ്ട താടിയും മുടിയുമായി അലയുന്ന ബാബുവിനെയാണ് അതിൽ കാണാനായത്. യുവാവായ ഇ.എൻ.ടി ഡോക്ർ ഫരീദും രാഷ്ട്രീയം കൈവിട്ട് ജനസേവനം തുടങ്ങിയ മുൻ നേതാവുമൊക്കെയായിരുന്നു ഗ്രൂപിലെ പ്രധാനികൾ. ബാബുവിനെ ഭ്രാന്താശുപത്രിയിലെത്തിക്കണമെന്നും ചികിത്സിക്കണമെന്നും പലരും അതേ ഗ്രൂപ്പിൽ ആവശ്യപ്പെടുകയുമുണ്ടായി. മറ്റെന്തോ വിഷയം വന്നതോടെ ആ ചർച്ച വഴിമാറി.
എന്നാൽ ഒറ്റ ദിവസം കൊണ്ട് ചർച്ച വീണ്ടും ബാബുവിലെത്തി. അത് ആദ്യം കവലയിലെത്തിച്ചതും പഴക്കച്ചവടക്കാരനാണ്.
അറിഞ്ഞില്ലേ, ബാബുവിനെ ഡോക്ടർ പിടിച്ചുകെട്ടി. മുന്നിൽ കണ്ടവരോടൊക്കെ അയാൾ പറഞ്ഞു.
എന്തിന്?
ഡോക്ടറുടെ മകളുടെ മുറിയിലേക്ക് ഒളിഞ്ഞു കയറാൻ ശ്രമിച്ചതിന്. സംഗതി കണ്ടതുപോലെയായിരുന്നു അയാളുടെ വിശദീകരണം
കേട്ടവരൊക്കെ കാര്യമറിയാൻ ഡോക്ടറുടെ വീട്ടിലേക്കോടി. ഡോക്ടറുടെ വീടിന്റെ മുറ്റത്തിനരികിലെ തെങ്ങിൽ കെട്ടിയിട്ട നിലയിലായിരുന്നു ബാബു. അവന്റെ കഴുത്തിൽ ഒരു നീല ഷാൾ തൂക്കിയിട്ടിരുന്നു. അത് അവന്റെതാണോ വീട്ടിൽ നിന്ന് എടുത്തതാണോ എന്നും ആർക്കും മനസിലായില്ല.
ചുറ്റും ആളുകൾ കൂടി കൂടി വന്നു
ബാബു എല്ലാവരേയും നോക്കി വെളുക്കെ ചിരിക്കുകമാത്രം ചെയ്തു. ആളുകളുടെ ഒരു ചോദ്യത്തിനും അവൻ മറുപടി പറഞ്ഞില്ല. പൊലീസെത്തി. അവരെയും നോക്കി ബാബു ചിരിച്ചു
സുഖമില്ലാത്ത ആളാ സാറേ
കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറഞ്ഞു
ബാബുവിന്റെ നിൽപ്പും വേഷവും കണ്ട് പൊലീസിനും അത് മനസിലായി കാണണം. അവർ വേഗത്തിൽ കെട്ടഴിച്ച് ബാബുവിനെ സ്വതന്ത്രനാക്കി.
ഈ സംഭവമായിരുന്നു അന്ന് വാട്സാപ് ഗ്രൂപ്പിലെ ചർച്ച. ബാബുവിന്റെ ഫോട്ടോകളും വീഡിയോകളും അന്ന് ഫോണുകളിടെ പാറി നടന്നു. ദീർഘദീർഘ ചർച്ചകൾകൊടുവിൽ ഗ്രൂപ് അഡ്മിൻമാർ ഒരു തീരുമാനത്തിലെത്തി
'ബാബുവിനെ ഭ്രാന്താശുപത്രിയിലാക്കണം'
എല്ലാ ചെലവും വഹിക്കാനും പെട്ടെന്ന് ആളുകൾ തയ്യാറായി. ബാബുവിന് ഭ്രാന്തില്ലെന്നും ആരെയും ഉപദ്രവിക്കാത്ത ബാബുവിനെ എന്തിന് ആശുപത്രിയിൽ അടക്കണം എന്നും ചിലർ ചോദിച്ചു. അത് ഒറ്റപ്പെട്ട ശബ്ദമായിരുന്നു. ആരും അംഗീകരിച്ചതുമില്ല.
ഒരു ഞായറാഴ്ച ഗ്രൂപ്പംഗങ്ങൾ ഒരുമിച്ചു കൂടി ബാബുവിനെ പിടികൂടി താടിയും മുടിയും മുറിച്ചു കുളിപ്പിച്ചു വാഹനത്തിൽ കയറ്റി. ബാബു അപ്പോഴും ചിരിച്ചു. വാഹനത്തിലിരുന്ന് അവൻ ഉറക്കെ പാട്ടുപാടി. അതും ഭ്രാന്താശുപത്രിയുടെ വാതിതിലിൽ ബാബു നിൽക്കുന്നതും കൂടെ പോയവർ മൊബൈലിൽ റെക്കോഡുചെയ്തു ഗ്രൂപ്പിലിട്ടു.
മഹത്തായ പ്രവർത്തനം എന്നു ഗ്രൂപ്പിൽ എല്ലാവരും അതിനെ പുകഴ്ത്തി.
ബാബുകിടന്ന ബെഞ്ചിന് താഴെ പട്ടികുട്ടി കുറെ കാലം ചുരുണ്ടുകൂടി. പിന്നെപ്പഴോ അതും അപ്രത്യക്ഷമായി.
******************
ശ്മശാനത്തിൽ അത്യാവശ്യം തിരിക്കുണ്ടായിരുന്നു. നഗരത്തിൽ എല്ലാവർക്കും ആശ്രയിക്കാനുള്ള ഏക ഇടമാണ്. അയാൾ മരത്തണലിൽ കാർ ഒതുക്കി പുറത്തേക്ക് ഇറങ്ങി.
ശവങ്ങൾ ഊഴമനുസരിച്ച് ശരീരമായി അകത്തേക്ക് പോകുന്നതും ഒട്ടും ശേഷിപ്പില്ലാതെ അസ്തമിച്ചുപോകുന്നതും അയാൾ നോക്കികണ്ടു. എന്തൊക്കയോ ചിന്തകൾ അപ്പോൾ അയാളിൽ കയറിയിറങ്ങി. ബാബുവിന് നിസാര പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും രോഗം ഭേദമായിട്ടും ആരും തിരികെ കൊണ്ടുപോകാൻ വന്നില്ലയെന്നും അവസാനമായി ആശുപത്രിയിൽ നിന്നറിയിച്ചത് അയാളോർത്തു.
അയാൾ ഫോണെടുത്തു നാട്ടിലെ വാട്സാപ് ഗ്രൂപ്പായ 'നന്മ ദേശ'ത്തിൽ കയറി. അനുശോചന സന്ദേശങ്ങൾ അവസാനിച്ചിരിക്കുന്നു. അപ്പോളതിൽ ആരുടെയോ ജന്മദിനാഘോഷത്തിന്റെ ലൈക്കും കമൻറും കൊണ്ട് നിറയുകയാണ്. പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് തൊണ്ടകുഴിയിൽ വന്നടിഞ്ഞതുപോലെ അയാളപ്പോൾ വേദനിച്ചു. വാട്സാപ് ഗ്രൂപ്പിനടിയിലേക്ക് അയാളുടെ വിരലുകൾ നീണ്ടു. എക്സിറ്റ് ഗ്രൂപ്പ് എന്ന ഓപ്ഷനിലേക്ക് വിരലുകൾ അമർന്നു-ശൂന്യം.
ബാബുവിന്റെ ഊഴമെത്തി. ശ്മശാന ജീവനക്കാരൻ അവനെ കിടത്തിയ സ്ട്രക്ചർ അകത്തേക്ക് തള്ളികൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. അവസാന കാഴ്ചയെന്നോണം അയാളപ്പോൾ അവനെ ഒന്നുകൂടി നോക്കി. ഒരു നിമിഷം അയാൾ പെട്ടെന്ന് കാറിനടുത്തേക്കോടി സീറ്റിൽ നിന്ന് ആ നീല ഷാൾ പുറത്തെടുത്തു. കയ്യിലെ ഷാൾ അയാൾ ബാബുവിന് മേൽ പുതപ്പിച്ചു.
ശ്മശാന ജീവനക്കാരൻ ഒന്നു മുരടനടക്കി. സമയമായി എന്നതിന്റെ സൂചനയാകാം. അതിന് മറുപടിയെന്നോണം അയാൾ തലകുലുക്കി. സ്ട്രക്ചർ മുന്നിലേക്ക് നീങ്ങി, വാതിലടഞ്ഞു.
തിരിച്ചു നടക്കുേമ്പാൾ പിറകിൽ ആകാശത്തേക്ക് കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. അത് ആകാശവും നിറഞ്ഞ് ഭൂമിയാകെ പടരുന്നതായി അയാൾക്ക് തോന്നി.