കുറുങ്കഥകൾ
text_fieldsതെറ്റ്
രണ്ടാം ക്ലാസുകാരി അമ്മു കഴ്സീവ് റൈറ്റിങ് നടത്തുകയായിരുന്നു. ഹോം വര്‍ക്ക്. നാലുവരക്കുള്ളിലെ പെന്‍സിലെഴുത്തില്‍ വരകള്‍ തെറ്റി ചില അക്ഷരങ്ങളുലഞ്ഞു. അമ്മക്ക് ദേഷ്യം വന്നു. ‘‘എന്താ അമ്മു, ഇങ്ങനെ... തെറ്റിക്കാതെ എഴുതൂ.’’ അവള്‍ വേഗം എഴുന്നേറ്റുപോയി ബാഗിനുള്ളില്‍നിന്ന് റബര്‍ ഇറേസര്‍ എടുത്തുകൊണ്ടുവന്നു. തിളങ്ങുന്ന വര്‍ണത്തിലുള്ള പുതിയതൊന്ന് മകളുടെ കൈയില്‍ കണ്ടപ്പോള്‍ അമ്മ ചോദിച്ചു: ‘‘ഇതെവിടുന്നാടീ... ആരു തന്നതാ?’’
‘‘കൂട്ടുകാരി...’’
‘‘ഏത് കൂട്ടുകാരി?’’
‘‘ഫാത്തിമ. അവളുടെ ബാപ്പ ഗള്‍ഫീന്ന് കൊണ്ടുവന്നതാ. നല്ല മണവുമുണ്ട്...’’
അവളത് മണപ്പിച്ചു... പിന്നീട് ബുക്കിലേക്ക് കുനിഞ്ഞ് തെറ്റിയ വരകള്‍ മായ്ക്കാന്‍ തുടങ്ങി...
അമ്മയുടെ കണ്ണുകളില്‍ നിഴല്‍വീണത് കുനിഞ്ഞിരുന്ന അവള്‍ കണ്ടില്ല.
ഒട്ടൊരു ആകുലതയോടെ അവര്‍ ചോദിച്ചു.
‘‘ഫാത്തിമയാണോ നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി?’’
അവള്‍ നിറഞ്ഞ സന്തോഷത്തോടെ മുഖമുയര്‍ത്തി.
‘‘അതേ. അവള്‍ക്ക് എന്നെ എത്ര ഇഷ്ടമാണെന്നറിയാമോ?’’
എന്നിട്ട് ബുക്ക് അമ്മയുടെ നേരെ നീട്ടിപ്പറഞ്ഞു...
‘‘നോക്കൂ അമ്മേ, എല്ലാം മാഞ്ഞുപോയി. എത്ര വൃത്തിയായി!’’
അവള്‍ വീണ്ടും ഇറേസര്‍ മണപ്പിച്ചു:
‘‘ഹായ് എന്ത് മണം!’’
പ്രവാസി
സങ്കടം അയാളുടെ മുഖത്ത് ഘനീഭവിച്ചു... ഏത് നിമിഷവും പെയ്യാനോങ്ങിയ കാർമേഘങ്ങളായി. നാൽപത്തഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുകയാണ്. വയസ്സ് അറുപത്തഞ്ചായി. കമ്പനി എക്സിറ്റടിച്ചു. യാത്രചോദിക്കാൻ വന്നതാണ്. തുള്ളിത്തുളുമ്പാൻ വെമ്പുന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു: ‘എന്തിനാണിക്ക വിഷമിക്കുന്നത്? സൗദിയെ വിട്ടുപോകുന്നതിലുള്ള ദുഃഖമാണോ?’
സങ്കടമേറ്റ് നനഞ്ഞൊരു വാക്കുതിർന്നു: ‘അതല്ലാ...’
‘പിന്നെ... ഈ പ്രവാസത്തിലെ കൂട്ടുകാരെ പിരിയേണ്ടി വരുന്നതിലോ?’
അതുമല്ലെന്ന് അയാൾ തലയാട്ടി
‘നിങ്ങളെന്തിന് വിഷമിക്കണം? പോകുന്നത് ജന്മനാട്ടിലേക്ക്, ഇനിയുള്ള കാലം പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി കഴിയാമല്ലോ.’
അതിന് മറുപടിയുണ്ടായില്ല. മൗനത്തിലേക്ക് തലകുമ്പിട്ട് ഏറെനേരമിരുന്നു. ഒരു ദീർഘനിശ്വാസം അയാളിൽനിന്ന് വിടുതൽനേടി. ഒടുവിൽ പോകാനെഴുന്നേറ്റപ്പോൾ അടുത്തേക്ക് വന്നു. ഒപ്പമെഴുന്നേറ്റ എന്റെ കരംപുണർന്ന് അൽപനേരം നിന്നു. അയാളുടെ ഉടലാകെ വിറയ്ക്കുന്നു... കൈകളിലതിന്റെ പ്രകമ്പനം...
‘മക്കളുടെ പഠനവും വിവാഹവുമെല്ലാം കഴിഞ്ഞു, വീടായി... ഇനി ഭാരിച്ച ചെലവുകളൊന്നുമില്ല. കമ്പനിയിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ അൽപം പൈസയുമുണ്ടല്ലോ? പിന്നെന്താണ് പ്രശ്നം?’
പതറുന്ന വാക്കുകളിൽ അയാളൊടുവിൽ പറഞ്ഞൊപ്പിച്ചു, അതൊരു അഭ്യർഥനയായിരുന്നു: ‘രണ്ടുമൂന്ന് മാസം കഴിയുേമ്പാൾ മോനെനിക്കൊരു വിസിറ്റിങ് വിസ ഒപ്പിച്ച് അയച്ചുതരുമോ?’
ഞാൻ ഞെട്ടി. ആയുസ്സിന്റെ മുക്കാൽപങ്കും പ്രവാസം കവർന്നു. എന്നിട്ടും മതിയായില്ലെന്നോ?
‘എന്താണിക്ക നിങ്ങൾ പറയുന്നത്?’
‘വീട്ടിൽ പറ്റില്ല മോനെ. മൂന്നു മാസത്തിൽ കൂടുതലൊന്നും എന്റെ ഓളും കുട്ട്യോളും എന്നെ സഹിക്കൂലാ..!’
എന്റെ ചോദ്യം പെട്ടെന്നായിരുന്നു, ‘ഈ വയസ്സാം കാലത്ത് ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാണ്?’
‘ക്ലീനിങ് ജോലി ചെയ്തിട്ടായാലും ഞാൻ ജീവിച്ചോളാം, അന്നത്തിനും തലചായ്ക്കാനൊരിടത്തിനുമുള്ള പൈസ മതിയല്ലോ!’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

