അന്ന് മത്സരാർത്ഥി, ഇന്ന് വിധി കർത്താവ്; ഫിറോസ് ബാബു വീണ്ടും കലോത്സവ വേദിയിൽ
text_fieldsദമ്മാം: 43 വർഷങ്ങൾക്കു മുമ്പുള്ള ഒരു തണുത്ത മഴക്കാലം. കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ വിറയ്ക്കുന്ന നെഞ്ചോടെ നിന്ന ആ പതിനഞ്ചുകാരൻ പയ്യൻ ചരിത്രം കുറിക്കുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
തെക്കൻ കേരളത്തിലെ സംഗീത അക്കാദമികളിൽനിന്ന് വായ്പാട്ട് അഭ്യസിച്ചെത്തിയ അതികായൻമാരെ സാക്ഷിയാക്കി, മലപ്പുറത്തിെൻറ മണ്ണിൽനിന്ന് ഒരു വിപ്ലവം പിറക്കുകയായിരുന്നു. ഇന്ന് തൃശൂരിൽ 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നിരിക്കുേമ്പാൾ, അന്ന് ചരിത്രം കുറിച്ച അതേ ഫിറോസ് ബാബു വിധികർത്താവിെൻറ കസേരയിലിരിക്കുകയാണ്. ഹ്രസ്വസന്ദർശനത്തിന് ദമ്മാമിലെത്തിയ അദ്ദേഹം കലോത്സവ ദൗത്യത്തിനായി നാട്ടിലേക്ക് മടങ്ങും മുമ്പ് ‘ഗൾഫ് മാധ്യമ’വുമായി സംസാരിച്ചതിെൻറ പ്രസക്തഭാഗങ്ങൾ.
മലപ്പുറത്തിെൻറ വിപ്ലവം
സ്കൂൾ കലോത്സവങ്ങളുടെ ചരിത്രത്തിൽ വടക്കൻ കേരളത്തിന്, പ്രത്യേകിച്ച് മലപ്പുറത്തിന് ലളിതഗാന മത്സരങ്ങളിൽ അന്ന് വലിയ മേൽവിലാസമൊന്നുമുണ്ടായിരുന്നില്ല. തെക്കൻ കേരളത്തിൽനിന്നുള്ളവർ അടക്കിവാണിരുന്ന ആ വേദിയിലേക്കാണ് തിരൂർ പൂക്കയിൽ ‘സ്വരം’ വീട്ടിൽ ഫിറോസ് ബാബു നടന്നുകയറിയത്. താനൂർ ദേവദാർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫിറോസ്, മൂന്ന് അധ്യാപകർക്കൊപ്പമാണ് അന്ന് കണ്ണൂരിലെത്തിയത്.
മത്സരത്തിെൻറ തലേദിവസം കണ്ണൂരിലെത്തിയ ഉമ്മയും സഹോദരിമാരും പകർന്നുനൽകിയ ആത്മവിശ്വാസമായിരുന്നു ഫിറോസിെൻറ കരുത്ത്. ‘അകലെയൊരാമ്പൽപ്പൂ... അവളൊരു സുന്ദരിപ്പൂ.. കവിളോ നനഞ്ഞിരിപ്പൂ, കരളോ തളർന്നു നിൽപ്പൂ’ എന്ന ഗാനം ഫിറോസ് പാടിനിർത്തിയപ്പോൾ പൊലീസ് ഗ്രൗണ്ട് നിശ്ശബ്ദമായി. പിന്നാലെ വന്നത് നിലയ്ക്കാത്ത കരഘോഷം. ലളിതഗാനത്തിൽ മലപ്പുറം ജില്ലയ്ക്ക് ആദ്യമായി ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
മറക്കാനാവാത്ത ആ വേദന
വിജയിച്ചിട്ടും അന്ന് വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയതിെൻറ നോവ് ഇന്നും ഫിറോസ് ബാബുവിെൻറ ഉള്ളിലുണ്ട്. ‘ലളിതഗാനത്തിൽ മലപ്പുറത്തിന് സമ്മാനമോ?’ എന്ന് കൂടെവന്ന അധ്യാപകർ പോലും അതിശയപ്പെട്ട കാലമായിരുന്നു അത്. പിറ്റേന്നത്തെ പത്രങ്ങളിൽ ഫോട്ടോ പോലുമില്ലാതെ തെൻറ പേര് മാത്രം അച്ചടിച്ചു വന്നത് കണ്ടപ്പോൾ അധ്യാപിക കൂടിയായ ഉമ്മ വിങ്ങിപ്പൊട്ടിയത് ഫിറോസ് ഓർക്കുന്നു. മുഖ്യമന്ത്രിയിൽനിന്നോ വിദ്യാഭ്യാസ മന്ത്രിയിൽനിന്നോ ഒരു ട്രോഫി ഏറ്റുവാങ്ങാൻ കഴിയാതെ പോയ ആ പതിനഞ്ചുകാരെൻറ സങ്കടം ഇന്നും മാഞ്ഞിട്ടില്ല.
സംഗീതത്തിെൻറ അരനൂറ്റാണ്ട്
കലാകാരനായ വാപ്പയുടെയും സംഗീതപ്രേമിയായ ഉമ്മയുടെയും മകനായി വളർന്ന ഫിറോസ്, ബാബുരാജ്, മഹ്ബൂബ്, ഉമ്പായി തുടങ്ങിയ സംഗീത കുലപതികളുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. പുരോഗമന കലാസംഘം മലപ്പുറം ജില്ലയിൽ സംഘടിപ്പിക്കാൻ ഓടിനടന്ന ഉപ്പക്ക് പാട്ടുകാർ ജീവനായിരുന്നു.
ഏഴാം വയസ്സിൽ ഉപ്പയുടെ നേതൃത്വത്തിൽ വിൻസൻറ് മാസ്റ്ററുടെ ശിക്ഷണത്തിൽ ആരംഭിച്ച ‘ബേബീസ് ഓർക്കസ്ട്ര’യിലൂടെ തുടങ്ങിയ യാത്ര ഇന്ന് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ കാലത്തിനിടയിൽ 500-ലധികം ഗാനങ്ങളാണ് പാടിയത്. 90-ഓളം കാസറ്റ് ആൽബങ്ങൾ. അതിൽ ‘പൂനിലാ പുഞ്ചിരി തൂകി...’, ‘മുത്ത് മെഹബൂബേ...’, ‘ഫുർക്കാനുൽ അളീം...’ എന്നിവ സൂപ്പർ ഹിറ്റുകളാണ്. യേശുദാസ്, ചിത്ര, ജാനകിയമ്മ, എസ്.പി. ബാലസുബ്രഹ്മണ്യം, സോനു നിഗം തുടങ്ങിയ മഹാരഥന്മാർക്കൊപ്പം വേദി പങ്കിടാനായത് മഹാഭാഗ്യം.
ഒരു കൗതുകം ബാക്കിയാക്കി...
ഇന്ന് മാപ്പിളപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ വിധികർത്താവായി തൃശൂരിലെത്തുമ്പോൾ ഫിറോസ് ബാബുവിെൻറ ഉള്ളിൽ ഒരു കൗതുകമുണ്ട്. 43 വർഷം മുമ്പ് താൻ സ്ഥാപിച്ച ആ റെക്കോർഡ് - ലളിതഗാനത്തിൽ മലപ്പുറത്തിന് വേണ്ടി നേടിയ ആ ചരിത്ര വിജയം - തകർക്കാൻ പോന്ന ആരെങ്കിലും ഇത്തവണ വേദിയിലെത്തുമോ? റിയാലിറ്റി ഷോ വിധികർത്താവായും ഗാനരചയിതാവായും തബലിസ്റ്റായും തിളങ്ങുന്ന ഫിറോസ് ബാബുവിന് സ്കൂൾ കലോത്സവം ഇന്നും വെറുമൊരു മത്സരമല്ല, മറിച്ച് പെയ്തുതീരാത്ത ഓർമകളുടെ പെരുമഴക്കാലമാണ്. റജീന ബാബുവാണ് ഭാര്യ. സജിൻ ബാബു, റോസ്ന ബാബു, ഷഹന ബാബു എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

