ട്രംപ് ഇന്ത്യക്ക് ചുമത്തിയ താരിഫ് നൽകുന്നത് അമേരിക്കക്കാർ; തിരിച്ചടിയായത് വില കുറക്കാത്തത്
text_fieldsവാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ ചുമത്തിയ 50 ശതമാനം താരിഫിന്റെ ഭാരം താങ്ങുന്നത് അമേരിക്കക്കാർ. കനത്ത താരിഫ് ഈടാക്കിയിട്ടും ഉത്പന്നങ്ങൾക്ക് വില കുറക്കാൻ ഇന്ത്യ തയാറാകാത്തതാണ് കാരണം. താരിഫ് പ്രഖ്യാപനത്തിന് ശേഷം കയറ്റുമതി വോളിയം 18-24 ശതമാനം കുറഞ്ഞതായാണ് കണക്ക്. എന്നാൽ, വില കുറക്കാത്തതിനാൽ ഉയർന്ന താരിഫ് നൽകി ഉത്പന്നങ്ങൾ വാങ്ങേണ്ട അവസ്ഥയിലാണ് അമേരിക്കൻ പൗരന്മാർ.
ജർമൻ ആസ്ഥാനമായ കിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് ഇകണോമി തയാറാക്കിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. താരിഫിന്റെ ബാധ്യത ഇറക്കുമതിക്കാർ വഹിക്കേണ്ടി വരുമെന്നും രാജ്യത്തിന്റെ വരുമാനം വർധിക്കുമെന്നുമുള്ള ട്രംപിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് പഠനം. ആസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങളിലേക്കും യു.എസിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതിയെ കുറിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഉത്പന്നങ്ങളുടെ വില കുറച്ച് താരിഫിന്റെ നാല് ശതമാനം ബാധ്യത മാത്രമാണ് ആഗോള കയറ്റുമതിക്കാർ ഏറ്റെടുത്തത്. ബാക്കി മുഴുവൻ നികുതിയും നൽകിയത് യു.എസ് പൗരന്മാരാണ്.
താരിഫിന്റെ പശ്ചാത്തലത്തിൽ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കുറക്കാൻ ഇന്ത്യ തയാറായിട്ടില്ല. 50 ഉയർന്ന താരിഫിന്റെ ബാധ്യത ഒഴിവാക്കാൻ ഉത്പന്ന വില 33 ശതമാനം കുറക്കണം. ഇത്രയും വില കുറച്ചാൽ യു.എസിൽ വിൽക്കുന്നത് നഷ്ടമാണ്. പകരം, കയറ്റുമതിയുടെ അളവ് കുറക്കുകയാണ് ചെയ്തതെന്ന് പഠനം പറയുന്നു. 2024 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി 1.83 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. അതായത് 6.88 ബില്ല്യൻ ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ 44 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇന്ത്യയുടെ മിക്ക ഉൽപന്നങ്ങൾക്കും പെട്ടെന്ന് താരിഫ് വർധന നേരിട്ടതായി പഠനത്തിൽ പറയുന്നു. അതായത് ആഗസ്റ്റ് ഏഴിന് ചുമത്തിയ 25 ശതമാനം താരിഫ് ആഗസ്റ്റ് 27ലെത്തുമ്പോഴേക്കും 50 ശതമാനമായി ഉയർന്നു. യു.എസിന് പകരം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിച്ചതും യു.എസിലെ ദീർഘകാല ബന്ധമുള്ള പല വ്യാപാരികൾക്കും പെട്ടെന്ന് ഇന്ത്യക്ക് ബദൽ കണ്ടെത്താൻ കഴിയാതിരുന്നതുമാണ് നികുതി ബാധ്യത ഒഴിവാക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

