‘എ.ഐ.എ.ഡി.എം.കെ അധികാരത്തിൽ വന്നാൽ കമിതാക്കൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര’; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി മുൻമന്ത്രി
text_fieldsകെ.ടി. രാജേന്ദ്ര ബാലാജി
ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ കെ.ടി. രാജേന്ദ്ര ബാലാജി പ്രസംഗത്തിനിടെ നടത്തിയ പരാമർശം ചർച്ചയാകുന്നു. എ.ഐ.എ.ഡി.എം.കെ ഭരണത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യമായി ഒരുമിച്ച് യാത്ര ചെയ്യാമെന്നാണ് രാജേന്ദ്ര ബാലാജിയുടെ വാഗ്ദാനം. ശിവകാശിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് ബാലാജി ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഡി.എം.കെ സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതിയെ ബാലാജി വിമർശിച്ചു. ഡി.എം.കെ ഭരണത്തിൽ സ്ത്രീകൾക്ക് മാത്രം സൗജന്യമുള്ളതിനാൽ കുടുംബങ്ങൾ വിഭജിക്കപ്പെടുകയാണെന്നും, ഭാര്യയും ഭർത്താവും വെവ്വേറെ ബസുകളിൽ യാത്ര ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്തിയാൽ, ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊപ്പവും, യുവാക്കൾക്ക് അവരുടെ കാമുകിമാരോടൊപ്പവും സർക്കാർ ബസുകളിൽ സൗജന്യമായി ഒരുമിച്ച് യാത്ര ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ പരാജയപ്പെടുത്തി എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കുമെന്നും, മേയ് അഞ്ചിന് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എം.ജി.ആറിന്റെ ഭരണം തിരികെ കൊണ്ടുവരാൻ പളനിസ്വാമിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം (മഹിളാ നിധി) കൃത്യമായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ സഖ്യം ആകെയുള്ള 234ൽ 210 സീറ്റുകളിൽവരെ വിജയിക്കുമെന്ന് ബാലാജി പ്രവചിച്ചു. ജനുവരി 23ന് ചെന്നൈയിൽ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി നേതാക്കൾ ഒരേ വേദിയിൽ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു. ശിവകാശിയിലെ പാവടി തോപ്പിൽ എ.ഐ.എ.ഡി.എം.കെ വനിതാ വിഭാഗം സംഘടിപ്പിച്ച എം.ജി.ആർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിലായിരുന്നു ബാലാജിയുടെ ഈ പ്രസംഗം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് ഈ പരാമർശം വഴിയൊരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

