ഒമാനി 'കുമ്മ' പൈതൃകത്തിന്റെ തുന്നൽ
text_fieldsഒമാനി പുരുഷന്മാരുടെ വേഷവിധാനത്തിലെ ഏറ്റവും ആകർഷകമായ ഘടകം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ; അത് ‘കുമ്മ’ (തൊപ്പി) ആണ്. കേവലം ഒരു തൊപ്പി എന്നതിലുപരി, ഒമാനി സംസ്കാരത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും അഭിമാന പ്രതീകമാണ് ഈ ശിരോവസ്ത്രം. നൂറ്റാണ്ടുകളുടെ ചരിത്രവും സാംസ്കാരിക വിനിമയത്തിന്റെ കഥകളും പറയാനുണ്ട് ഈ കൊച്ചു തൊപ്പിക്ക്.
ഉത്ഭവം സാൻസിബറിൽ അറേബ്യൻ ഉപദ്വീപിലെ കഠിനമായ ചൂടിൽനിന്ന് രക്ഷനേടാനാണ് പുരാതന കാലം മുതലേ ഒമാനികൾ ശിരോവസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ഇന്ന് നാം കാണുന്ന മനോഹരമായ ചിത്രത്തുന്നലുകളുള്ള കുമ്മയുടെ പരിണാമത്തിന് ഒമാന്റെ സമുദ്രാന്തര വാണിജ്യ ചരിത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഒമാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സാൻസിബറുമായുള്ള സാംസ്കാരിക വിനിമയമാണ് കുമ്മയുടെ ഇന്നത്തെ രൂപകൽപനയെ സ്വാധീനിച്ചത്. സാൻസിബറിലെയും ഒമാനിലെയും കലകൾ ഒത്തുചേർന്നപ്പോൾ അത് കുമ്മയെ ലോകപ്രശസ്തമായ ഒരു കരകൗശല വിദ്യയാക്കി മാറ്റി.നക്ഷത്രങ്ങൾ വിരിയുന്ന തുന്നൽ കുമ്മയുടെ നിർമാണം തികച്ചും സങ്കീർണവും ക്ഷമയോടെ ചെയ്യേണ്ടതുമായ ഒരു കലയാണ്. വെള്ള കോട്ടൺ തുണിയിലാണ് ഇതിെൻറ അടിസ്ഥാന ഘടന നിർമിക്കുന്നത്. ‘തൻജീം’ എന്നറിയപ്പെടുന്ന അതീവ സൂക്ഷ്മമായ തുന്നൽപണികളാണ് കുമ്മയെ സവിശേഷമാക്കുന്നത്. ‘നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിക്കുക’ എന്നാണ് ഈ വാക്കിന്റെ അർഥം.
ഇസ്ലാമിക കല, പ്രകൃതിയിലെ പൂക്കൾ, ജ്യാമിതീയ രൂപങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ഡിസൈനുകൾ തയാറാക്കുന്നത്. ഒരു കുമ്മ പൂർണമായും കൈകൊണ്ട് തുന്നിയെടുക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഒമാനിലെ വീടുകളിൽ സ്ത്രീകൾ തലമുറകളായി കൈമാറി വരുന്ന ഈ കലാരൂപം ഇന്നും സജീവമായി നിലനിൽക്കുന്നു. തൊപ്പിയിലുടനീളമുള്ള ചെറിയ ദ്വാരങ്ങൾ ചൂടുള്ള കാലാവസ്ഥയിൽ തലയിലേക്ക് വായുസഞ്ചാരം ഉറപ്പാക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.ജീവിതത്തിന്റെ ഭാഗം സാധാരണ ദിവസങ്ങളിൽ പുരുഷന്മാർ കുമ്മ ധരിക്കുമ്പോൾ, ഔദ്യോഗിക ചടങ്ങുകളിൽ കുമ്മക്ക് മുകളിലായി ‘മുസ്സാർ’ എന്ന തലപ്പാവ് അണിയുന്നു. മുസ്സാറിന് കൃത്യമായ രൂപവും ഗാംഭീര്യവും നൽകാൻ അടിയിലുള്ള കുമ്മ സഹായിക്കുന്നു. പെരുന്നാൾ, ദേശീയ ദിനം, വിവാഹം തുടങ്ങിയ ആഘോഷവേളകളിൽ ഏറ്റവും മുന്തിയ തുന്നൽപണികളുള്ള കുമ്മകൾ ധരിക്കാനാണ് ഒമാനികൾ ഇഷ്ടപ്പെടുന്നത്. ഒമാനിലെ ഓരോ പ്രവിശ്യക്കും ഡിസൈനിലും നിറങ്ങളിലും തനതായ ശൈലികൾ നിലനിൽക്കുന്നുണ്ട്.പാരമ്പര്യത്തിന്റെ കാവൽക്കാർ ആധുനികതയുടെ കടന്നുകയറ്റത്തിനിടയിലും കുമ്മയുടെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഭരണകാലത്ത് ഒമാനി പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇതിന് വലിയ പ്രോത്സാഹനം ലഭിച്ചു. ഇന്ന് ഒമാനി പൗരുഷത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ചിഹ്നമായി കുമ്മ ലോകമെമ്പാടും അറിയപ്പെടുന്നു. തലമുറകൾ കൈമാറിവന്ന കരവിരുതും, ചരിത്രവും, കലയും ഒത്തുചേരുന്ന ഒമാനി കുമ്മ, ഒരു ജനത തങ്ങളുടെ പൈതൃകത്തെ എത്രത്തോളം നെഞ്ചേറ്റുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

