വിലക്കിനും തളക്കാനായില്ല; പാകിസ്താനിൽ ഏറ്റവും കൂടുതൽ പൈറസി ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ‘ധുരന്ധർ’!
text_fieldsഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും രാജ്യമൊട്ടാകെ വൻ തരംഗമാണ് സൃഷ്ടിച്ചത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളിലൂടെ ചിത്രം ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും തിയറ്ററുകളിൽ മുന്നേറുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 900 കോടി രൂപയും, ആഗോളതലത്തിൽ 1,330 കോടിയിലധികം രൂപയും ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. റിലീസ് ചെയ്ത് 46-ാം ദിവസവും പ്രതിദിനം ഒരു കോടിയിലധികം രൂപ ചിത്രം നേടുന്നുണ്ട് എന്നത് ഇതിന്റെ ജനപ്രീതി തെളിയിക്കുന്നു.
ചില ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും ധുരന്ധറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഏകദേശം 100 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം നിർമാതാക്കൾക്ക് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിരോധനം കൊണ്ടൊന്നും സിനിമ കാണുന്നതിൽ നിന്ന് പ്രേക്ഷകരെ തടയാനായില്ല. പാകിസ്താനിൽ ഏറ്റവും കൂടുതൽ പൈറസി ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. ഷാരൂഖ് ഖാൻ ചിത്രം 'റയീസി'ന്റെ റെക്കോർഡ് തകർത്തുകൊണ്ട് ഏകദേശം 30 ലക്ഷത്തോളം നിയമവിരുദ്ധ ഡൗൺലോഡുകളാണ് പാകിസ്താനിൽ നടന്നത്. ടെലിഗ്രാം, ടോറന്റ്, വി.പി.എൻ എന്നിവ വഴി സിനിമ കണ്ട പ്രേക്ഷകർ ഇതിലെ പ്രകടനങ്ങളെ പ്രശംസിക്കുകയും ക്ലിപ്പുകളും മീമുകളും ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ സിനിമയുടെ എച്ച്.ഡി പതിപ്പ് ചോർന്നിരുന്നെങ്കിലും അത് ഇന്ത്യയിലെ ബോക്സ് ഓഫീസ് കലക്ഷനെ ബാധിച്ചില്ല.
'ധുരന്ധർ' വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. 'ധുരന്ധർ 2' 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധുരന്ധർ 2025 ഡിസംബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

