ദുബൈ: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, പ്രവാസി മലയാളി സമൂഹം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിൽ സത്വരവും ഗുണപരവുമായ ഇടപെടലുകൾ വേണമെന്ന ആവശ്യവുമായി ഗൾഫിലെ പ്രമുഖ പ്രവാസി സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും. നോർക്ക റൂട്ട്സിന്റെ ഘടനാപരമായ അഴിച്ചുപണി, അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർധന തടയൽ, തൊഴിൽ നഷ്ടമായി മടങ്ങുന്നവരുടെ പുനരധിവാസം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സ്ഥിരം സംവിധാനം തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലോകം പുതിയ സർക്കാറിന് മുന്നിൽ പ്രധാനമായും വെക്കുന്നത്. മുൻ സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയഭേദമെന്യേ തുടരുമെന്നും കേന്ദ്ര സർക്കാറിൽ ആവശ്യമായ സമ്മർദം ചെലുത്താൻ പുതിയ ഭരണകൂടത്തിന് സാധിക്കുമെന്നും പ്രവാസി നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.