പ്രത്യാശയുടെ നക്ഷത്രം
text_fields‘‘ദൈവത്തിന്റെ പ്രകാശം പലപ്പോഴും ശാന്തമായിട്ടാണ് നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് നക്ഷത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഇരുട്ടും അനിശ്ചിതത്വവും കാത്തിരിപ്പും നിറയുന്ന സമയങ്ങളിൽ ദൈവം ഒരു നക്ഷത്രം തെളിയിക്കുന്നു...’’
സമാഗതമാകുന്ന ക്രിസ്മസിന്റെ മംഗളങ്ങൾ ഏവർക്കും നേർന്നുകൊള്ളുന്നു. ക്രിസ്മസ് വന്നണയുന്നതിന്റെ ഏറ്റവും വലിയ അടയാളം കടകമ്പോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളുടെ വരവാണ്. പല വലുപ്പത്തിൽ, മനോഹരങ്ങളായ നക്ഷത്രങ്ങൾ നമ്മുടെ കണ്ണുകൾക്ക് കുളിർമയും സന്തോഷവും പ്രദാനം ചെയ്യുന്നവയാണ്. ബേത്ലഹേമിന്റെ ആകാശത്ത് തെളിഞ്ഞ നക്ഷത്രത്തിലേക്കാണ് ക്രിസ്മസിൽ ഈ നക്ഷത്രങ്ങൾ നമ്മുടെ കണ്ണുകളെ തിരിക്കുന്നത്. അന്ധകാരം നിറഞ്ഞ ആകാശത്തിൽ തെളിഞ്ഞ ഒരു ചെറുപ്രകാശമായിരുന്നെങ്കിലും, ആ നക്ഷത്രമാണ് നമ്മുടെ ചരിത്രം തിരുത്തിയത്. ലോകത്തിന്റെ പ്രകാശമായ യേശുവിലേക്ക് വഴികാട്ടിയായി വർത്തിച്ചത് അന്ന് മിന്നിത്തിളങ്ങിയ അത്ഭുതനക്ഷത്രമായിരുന്നു.
ദൈവത്തിന്റെ പ്രകാശം പലപ്പോഴും ശാന്തമായിട്ടാണ് നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് നക്ഷത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഇരുട്ടും അനിശ്ചിതത്വവും കാത്തിരിപ്പും നിറയുന്ന സമയങ്ങളിൽ ദൈവം ഒരു നക്ഷത്രം തെളിയിക്കുന്നു. തന്റെ സാന്നിധ്യത്തിന്റെയും വാഗ്ദാനത്തിന്റെയും അടയാളമായി. ബെത്ലഹേമിലെ നക്ഷത്രം ദൈവം വിശ്വസ്തനാണെന്നും അവന്റെ പദ്ധതികൾ നിശ്ശബ്ദമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും നമ്മെ ഓർമിപ്പിക്കുന്നു. പൂജ്യ രാജാക്കന്മാരെ പോലെ, നമുക്കു ലഭിക്കുന്ന പ്രകാശത്തെ പിന്തുടരാനാണ് ദൈവം നമ്മെയും വിളിച്ചിരിക്കുന്നത്.
ദൈവം നമ്മുടെ മുന്നിൽ തെളിയിക്കുന്ന നക്ഷത്രത്തിൽ വിശ്വസിച്ച് നടക്കുന്നതാണ് യഥാർഥത്തിൽ വിശ്വാസം. വിനയത്തോടും പ്രാർഥനയോടും സ്നേഹത്തോടും കൂടി നാം നടക്കുമ്പോൾ, ആ പ്രകാശം നമ്മെ ക്രിസ്തുവിലേക്ക് നയിക്കും.
ഈ ക്രിസ്മസിൽ, ക്ഷീണിതർക്ക് പ്രത്യാശയും ഹൃദയങ്ങൾക്ക് സമാധാനവും ലോകത്തിന് സന്തോഷവും നൽകുന്ന യഥാർഥ നക്ഷത്രമായ യേശുവിലേക്ക് നമ്മുടെ കണ്ണുകൾ പതിപ്പിക്കാം. കൂടാതെ, പ്രത്യാശ തേടുന്ന ലോകത്തിൽ, അവന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ചെറിയ നക്ഷത്രങ്ങളായി നാമും മാറട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

