ചെറുതുരുത്തി: പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർക്ക് ദാരുണന്ത്യം. മലപ്പുറം ജില്ലയിലെ മമ്പാട് മേപ്പാടം സ്വദേശി കാട്ടുമുണ്ട വീട്ടിൽ പരേതരായ അബൂബക്കർ-പാത്തുമ്മക്കുട്ടി ദമ്പതികളുടെ മകൻ അഫ്സൽ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് തൃശൂർ ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് പോയിരുന്ന പിക്കപ്പും ഷൊർണൂർ ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ടാങ്കറുമാണ് ചെറുതുരുത്തി ചുങ്കത്ത് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻവശം തകർന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ അഫ്സലിനെ ചെറുതുരുത്തി പൊലീസും ഷൊർണൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ പത്തോടെ മരിക്കുകയായിരുന്നു.
അഫ്സലിന്റെ ഭാര്യ ലിയ ഏഴുമാസം ഗർഭിണിയാണ്. മകൻ: ഏദൻ യസാക്ക്. സഹോദരങ്ങൾ: നൗഷാദ് അലി, സുൽഫിക്കർ (ജിസാൻ) നജീബ് (കുവൈത്ത്), ജാസ്മിൻ (ഓടായിക്കൽ), ലൈല (മരത്താണി), നൂർജഹാൻ, ബുഷ്റ (മഞ്ചേരി) മുഫീദ (ചമ്പക്കുത്ത്), ജെസ്ന.