കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ സംസ്ഥാനപാതയിൽ ഒതുക്കുങ്ങലിൽ സ്കൂട്ടർ യാത്രികൻ
ലോറിയിടിച്ച് മരിച്ചു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി
കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിക്കല്ല് ഞെട്ടിച്ചാടി സ്വദേശി അമ്പലവൻ പുത്തൻപീടിയേക്കൽ മൊയ്തീൻകുട്ടിയാണ് (65) മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെ ഒതുക്കുങ്ങൽ കുഴിപ്പുറം റോഡ് ജങ്ഷനിലാണ് അപകടം.
സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു മൊയ്തീൻകുട്ടി. മത്സ്യം ഇറക്കിയശേഷം മലപ്പുറം ഭാഗത്തുനിന്ന് തിരൂർ ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടം വരുത്തിയത്. റോഡിൽ വീണതിനെ തുടർന്ന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയ മൊയ്തീൻകുട്ടി തൽക്ഷണം മരിച്ചു.
ഞായറാഴ്ച വാഹനം വിശദ പരിശോധന നടത്തും. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൊയ്തീൻ കുട്ടിയുടെ ഭാര്യ: ആയിഷ. മക്കൾ: സഫർ ഇഖ്ബാൽ, ഷാജിത. മരുമക്കൾ: ഹിളർ മുഹമ്മദ്, ജസിയ.