നിലമ്പൂർ: ഓട്ടോറിക്ഷക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചന്തക്കുന്ന് സ്വദേശി പാറതൊടിക സുൽഫിക്കറാണ് ( നാണി, 53) മരിച്ചത്. ഞായറാഴ്ച രാവിലെ 6.45ന് മുക്കട്ട - റെയിൽവെ സ്റ്റേഷൻ റോഡിൽ ചാലിയാർ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
സുൽഫിക്കർ നിലമ്പൂരിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. കരിപ്പൂർ എയർപോർട്ടിൽ നിന്ന് മടങ്ങി തൊണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് അപകടമുണ്ടാക്കിയത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽതട്ടി സുൽഫിക്കർ റോഡിലേക്ക് വീഴുകയായിരുന്നു. സുൽഫിക്കർ സംഭവ സ്ഥലത്ത് വച്ചു മരിച്ചു.
നിസാര പരുക്കേറ്റ ഓട്ടോ യാത്രക്കാരന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി. സുൽഫിക്കറിന്റെ ഭാര്യ: ജിൻഷ. മക്കൾ: മനു, ബിച്ചു, ചിഞ്ചു.