ആലത്തൂർ: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കവേ യുവാവ് ഷോക്കേറ്റ് മരിച്ചു. വണ്ടാഴി മുടപ്പല്ലൂർ തണ്ടലോട് ആന്തൂർകൊളുമ്പിൽ അപ്പുക്കുട്ടന്റെ മകൻ സതീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. മേട്ടുപ്പാളയത്ത് ജോലി ചെയ്യുന്ന സതീഷ് അവധി ദിനത്തിൽ നാട്ടിൽ വന്ന് സുഹൃത്തുക്കളുമൊത്ത് വീടിന് സമീപം തരികണ്ണിഭാഗത്ത് ചീനാമ്പുഴയിൽ മീൻ പിടിക്കുകയായിരുന്നു. കൂടെയുള്ളവർ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളായ ലിജീഷ്, വിശ്വനാഥൻ എന്നിവർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: മാതു. സഹോദരങ്ങൾ: രതീഷ്, അജിത, രജിത, സുമ, പരേതയായ സരിത.