തിരുവനന്തപുരം: സി.പി.ഐ മുന്‍ ജില്ല എക്സിക്യൂട്ടിവ് അംഗവും ദീര്‍ഘകാലം പാര്‍ട്ടി സിറ്റി കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറിയുമായിരുന്ന ചെറുവയ്ക്കല്‍ രാജന് (75) അന്തരിച്ചു. ദീര്‍ഘനാളായി രോഗ ബാധിതനായിരുന്നു. ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഭാര്യ: രത്നമ്മ. ജയകുമാര്‍, ജയ എന്നിവര്‍ മക്കളും നീതു, പരേതനായ ജഗതു എന്നിവര്‍ മരുമക്കളുമാണ്.
അര നൂറ്റാണ്ടിലേറെക്കാലം തിരുവനന്തപുരം താലൂക്കിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും അടിത്തറ ശക്തിപ്പെടുത്താനും കൂടുതല്‍ ബഹുജനങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിസ്തുലമായ പങ്കുംവഹിച്ച നേതാവായിരുന്നു ചെറുവയ്ക്കൽ രാജൻ. തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പ്രധാന പങ്കുവഹിച്ച നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. രണ്ടുതവണ പാര്‍ട്ടി സിറ്റി സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചു. ഉള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം എൽ.ഡി.എഫ് കണ്‍വീനര്‍, കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, ഉള്ളൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, തിരുവനന്തപുരം ജില്ല കാര്‍ഷിക ഭൂപണയ ബാങ്ക് ബോര്‍ഡ് മെംബര്‍, തിരുവനന്തപുരം നോര്‍ത്ത് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെറുവയ്ക്കല്‍ രാജെൻറ ഭൗതിക ശരീരത്തില്‍ സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്, മണ്ഡലം സെക്രട്ടറി ചന്തവിള മധു എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി.ആര്. അനില്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, പി.എസ്. നായിഡു, പി വേണുഗോപാല്‍, അന്‍സാ അബ്ബാസ്, ശരത്ചന്ദ്രന് തുടങ്ങി രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.