റാന്നി: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മിനി സിവിൽ സ്റ്റേഷന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. വെള്ളിയാഴ്ച പുലർച്ച നാലരയോടെയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം പുള്ളോലിക്കൽ വീട്ടിൽ ജെയിംസിന്റെ ഭാര്യ മിനിയാണ് (55) മരിച്ചത്.
പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നിക്ക് വന്ന ടിപ്പറും, റാന്നിയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കോഴിക്കോട് സ്വദേശികൾ അടങ്ങുന്ന കുടുംബം റാന്നി ഇടക്കുളത്തെ ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു.
കാർ ഓടിച്ചിരുന്ന തോമസ് കുട്ടിയുടെ മാതാവാണ് മരിച്ച മിനി. തോമസ് കുട്ടി, സഹോദരൻ ടൈജു, പിതാവ് ജെയിംസ് എന്നിവർ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പരിക്കേറ്റ ടിപ്പർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി മോഹനചന്ദ്രൻ റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ശബ്ദം കേട്ടെത്തിയ ഫയർ സ്റ്റേഷനിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.