കോന്നി: സൂര്യാതപമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു. കോന്നി അരുവാപ്പുലം മുതുപാലക്കൽ പുത്തൻവീട്ടിൽ പ്രസാദാണ് (കാത്തു - 57) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വീടിനുസമീപത്തെ പുരയിടത്തിൽ വിളകൾ നോക്കാൻ പോയി തിരികെ എത്താതിരുന്നതിനെത്തുടർന്ന് ഭാര്യ ചെന്നു നോക്കിയപ്പോൾ പുരയിടത്തിൽ കമിഴ്ന്നുകിടക്കുന്നതാണ് കണ്ടത്.
ശരീരത്തിന്റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റ പാടുകൾ ഉള്ളതായി നാട്ടുകാർ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുമണിക്കൂർ മുമ്പ് മരിച്ചതായി സ്ഥിരീകരിച്ചു.
കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. സംസ്കാരം പിന്നീട്. ഭാര്യ: ലത. മകൾ: കാർത്തിക പ്രസാദ്. മരുമകൻ: നന്ദു കൃഷ്ണ.