പകൽ സമയങ്ങളിൽ ഉറക്കം വരാറുണ്ടോ? ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ, വ്യത്യാസം അനുഭവിച്ചറിയാം
text_fieldsപകൽ സമയത്ത് ഉറക്കം തൂങ്ങുന്നവരാണോ നിങ്ങൾ? രാത്രി നല്ല പോലെ ഉറങ്ങിയാലും പകലും ഉറങ്ങാൻ തോന്നാറുണ്ടോ? ഉറക്കം ശരീരത്തിന് ഊർജം നൽകുന്ന അവിഭാജ്യ ഘടകമാണ്. ഉറക്കം ശരിയായില്ലെങ്കിൽ അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സ്ഥിതിയെ എത്രത്തോളം തകരാറിലാക്കുമെന്ന് നമുക്ക് അറിയാം. സാധാരണ എട്ട് മുതല്‍ ഒൻപത് മണിക്കൂര്‍ വരെ ശരിയായി ഉറങ്ങാന്‍ സാധിച്ചാലും ചിലര്‍ക്ക് പിന്നെയും ക്ഷീണമാണ്. ഇത് ജോലിയിലും ജീവിതത്തിലും മോശമായി ബാധിച്ചേക്കാം. ശരീരത്തിന്റെ ആരോഗ്യവും, സമ്മര്‍ദ്ദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ട ഘടകങ്ങളാണെങ്കിലും നമ്മുടെ ഭക്ഷണ ശീലവും അതുപോലെതന്നെ പ്രധാനമാണ്. രാത്രി മുഴുവന്‍ ഉറങ്ങിയിട്ടും പകല്‍ ഉറക്കംതൂങ്ങി ഇരിക്കുന്നവരാണെങ്കില്‍ അതിന് ചില പരിഹാരങ്ങളുണ്ട്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൊണ്ട് ഈ ശീലം മാറ്റാം. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് ക്ഷീണത്തിനും അലസതക്കും വിളര്‍ച്ചക്കും കാരണമാകുന്നു. ഈ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ചീര ഇരുമ്പിന്റെ കലവറയാണ്. കൂടാതെ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. സാലഡുകള്‍, സൂപ്പുകള്‍, ഓംലറ്റ് എന്നിവയില്‍ ചീര ചേര്‍ത്ത് പാചകം ചെയ്യാവുന്നതാണ്.
പരിപ്പ്
ഫോളിക് ആസിഡിന്റെ കുറവ് ക്ഷീണത്തിന് കാരണമാകും. ഈ കുറവ് പരിഹരിക്കാന്‍ ഒരു പ്രധാനപ്പെട്ട മാര്‍ഗമാണ് പരിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പരിപ്പ് പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. പരിപ്പ് കറിവച്ച് കഴിക്കുന്നതും സാലഡുകളില്‍ ഉള്‍പ്പെടുത്തുന്നതും ലഘുഭക്ഷണങ്ങള്‍ ഉണ്ടാക്കി കഴിക്കുന്നതും എല്ലാം ഊര്‍ജ്ജം വര്‍ധിപ്പിക്കാനുള്ള നല്ല മാര്‍ഗ്ഗമാണ്.
മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. രോഗപ്രതിരോധ മാര്‍ഗത്തിനുള്ള ശക്തമായ ഉറവിടമാണ് സിങ്ക്. ക്ഷീണത്തില്‍ നിന്നും സമ്മര്‍ദത്തില്‍നിന്നും രക്ഷപെടാന്‍ സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകള്‍ മഗ്നീഷ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനുളള സ്വാഭാവിക മാര്‍ഗമാണ്. ഒരുപിടി മത്തങ്ങ വിത്തുകള്‍ ലഘുഭക്ഷണമായി കഴിക്കുകയോ തൈര്, ഓട്‌സ്, അല്ലെങ്കില്‍ സാലഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്.
വാഴപ്പഴം
മധുര പലഹാരങ്ങള്‍ കഴിക്കുന്നതിന് പകരമുളള നല്ലൊരു മാർഗം പഴം കഴിക്കുന്നതാണ്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് നല്‍കുന്നു. ഇത് ക്ഷീണം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ സഹായിക്കുന്നു.
മത്സ്യം
വിറ്റാമിന്‍ ബി12 ന്റെ കുറവ് ക്ഷീണത്തിനും ഉറക്കത്തിനും കാരണമാകും. ഇത് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കൊഴുപ്പുകളുളള മത്സ്യം കഴിക്കുന്നതാണ്. 'ബ്രെയിന്‍ ഫുഡ്' എന്നറിയപ്പെടുന്ന കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ബി 12 ധാരാളമുണ്ട്. അയല, സാല്‍മണ്‍ എന്നീ മത്സ്യങ്ങള്‍ കൊഴുപ്പ് അടങ്ങിയവയാണ്. ഇത്തരം മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ കഴിക്കാം. വിറ്റാമിന്‍ ബി12 ന്റെ കുറവ് മൂലമുണ്ടാകുന്ന ക്ഷീണം ഇതുവഴി പരഹരിക്കപ്പെടും. ഗ്രില്‍ ചെയ്‌തോ, ബേക്ക് ചെയ്‌തോ, കറിവച്ചോ ഒക്കെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

