കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, ദഹനം എളുപ്പമാക്കും; ‘ചൂടുള്ള കാലാവസ്ഥയിലെ ഏറ്റവും മികച്ച വിഭവങ്ങളിൽ ഒന്നാണ് തൈര് സാദം’
text_fieldsപത്മ ലക്ഷ്മി
ചൂടുകാലത്ത് തണുപ്പുള്ള വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. തൈര് സാദം (തൈര് ചോറ്) ചൂടുള്ള കാലാവസ്ഥയിലെ ഏറ്റവും മികച്ച വിഭവങ്ങളിൽ ഒന്നാണെന്ന് ഇന്ത്യൻ-അമേരിക്കൻ ടെലിവിഷൻ അവതാരകയും, മോഡലും, എഴുത്തുകാരിയുമായ പത്മ ലക്ഷ്മി പറയുന്നു. ഇത് പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ അഭിപ്രായം പറയൂ എന്നാണ് താരം സോഷ്യൽമീഡിയയിൽ കുറിച്ചത്.
പഴഞ്ചോറിൽ തൈര്, ഉപ്പ്, മറ്റ് ചേരുവകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ലളിതവും തണുപ്പുള്ളതുമായ ഒരു വിഭവമാണ് തൈര് സാദം. തൈരിൽ ലാക്ടോബാസിലസ് പോലുള്ള നല്ല ബാക്ടീരിയകൾ (പ്രോബയോട്ടിക്സ്) കൊണ്ട് സമ്പന്നമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും, ദഹനം എളുപ്പമാക്കാനും, വയറുവേദന, അസിഡിറ്റി, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കുറക്കാനും സഹായിക്കുന്നു. തൈരിന് സ്വാഭാവികമായ തണുപ്പിക്കൽ ശേഷിയുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും, നിർജ്ജലീകരണം തടയാനും തൈര് സാദം നല്ലതാണ്. എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന വയറിലെ അസ്വസ്ഥതയും, ചൂടും കുറക്കാൻ തൈര് സാദം സഹായിക്കും.
ഗുരുഗ്രാം നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ മോഹിനി ഡോംഗ്രെ പുളിപ്പിച്ച തൈരിലെ പ്രോബയോട്ടിക്കുകൾ ദഹനത്തെ സഹായിക്കുകയും ശരീരതാപം കുറക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കുന്നു. ഇതിൽ ബി 12, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം, പോഷക ആഗിരണം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്നു. ഭാരം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറക്കാനും സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. കുടലിന് നല്ലതാണെന്നതിന് പുറമേ പുളിപ്പിച്ച തൈരിൽ ലാക്ടോബാസിലസ് പോലുള്ള ഗുണം ചെയ്യുന്ന ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്. ഇത് പോഷക സമ്പുഷ്ടമായ ഭക്ഷണമായതിനാൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും അത്യാവശ്യമാണ്. തൈര് പ്രോട്ടീന്റെ ഒരു നല്ല സ്രോതസ്സാണ്. ഇത് പേശികളുടെ ആരോഗ്യത്തിനും, വിറ്റാമിൻ B12 തലച്ചോറിന്റെയും നാഡികളുടെയും പ്രവർത്തനത്തിനും ഗുണകരമാണ്. കാർബോഹൈഡ്രേറ്റും തൈര് പ്രോട്ടീനും കാൽസ്യവും നൽകുന്നതിനാൽ ഇത് താരതമ്യേന സമീകൃതമായ ഒരു ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്. തൈര് സാദം പൊതുവെ വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് കഴിക്കുന്നത് ദോഷകരമായേക്കാം. ഇത് ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയെയും, കഴിക്കുന്ന അളവിനെയും, കാലാവസ്ഥയെയും ആശ്രയിച്ചിരിക്കും.
തൈര് സാദത്തിന് പൊതുവെ തണുപ്പേകുന്ന സ്വഭാവമുള്ളതിനാൽ ഇത് രാത്രികാലങ്ങളിലോ അല്ലെങ്കിൽ തണുപ്പുള്ള കാലാവസ്ഥയിലോ കഴിക്കുന്നത് ചില ആളുകളിൽ കഫക്കെട്ട്, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവാം. തൈര് സാദത്തിൽ പ്രധാനമായും ചോറാണ് ഉപയോഗിക്കുന്നത്. ചോറ് അമിതമായി കഴിക്കുന്നത് ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടാനും തന്മൂലം ശരീരഭാരം വർധിക്കാനും കാരണമാവുമെന്നും ഡയറ്റീഷൻ പറയുന്നു. തൈരിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. വൃക്കരോഗങ്ങൾ ഉള്ള ചില ആളുകൾക്ക് പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം തൈര് സാദം കഴിക്കുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

