മഞ്ചേരി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ മലപ്പുറം ജില്ല മുശാവറ അംഗവും കടമേരി ജാമിഅ റഹ്മാനിയ്യ ഇസ്ലാമിയ അറബിക് കോളജ് മുദരിസുമായിരുന്ന മുടിക്കോടിലെ മദാരി പുതുവീട്ടിൽ മുഹമ്മദ് മുസ്ലിയാർ (മുടിക്കോട് ഉസ്താദ് -83) നിര്യാതനായി. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുടിക്കോട്ടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.
പരേതരായ മുടിക്കോട് കുഞ്ഞസ്സൻ മുസ്ലിയാരുടെയും വിയ്യക്കുട്ടി ഹജ്ജുമ്മയുടെയും മകനായ മുഹമ്മദ് മുസ്ലിയാർ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിൽനിന്നും രണ്ടാമത്തെ ബാച്ചിൽ ഫൈസി ബിരുദമെടുത്താണ് അധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ, കടമേരി ജാമിഅ റഹ്മാനിയ്യ ഇസ്ലാമിയ്യ, നന്തി ദാറുസ്സലാം അറബിക് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
കൂളിവയൽ, വെള്ളമുണ്ട, തിരുവള്ളൂർ, ആലത്തൂർപടി, ഓമാനൂർ, വളരാട്, അറവങ്കര, ഒളമതിൽ തുടങ്ങിയയിടങ്ങളിൽ ദർസ് നടത്തുകയും ചെയ്തു. 2023 മുതൽ കടമേരി റഹ്മാനിയ്യയിലെ അധ്യാപന ജീവിതം അവസാനിപ്പിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു. സമസ്ത ഏറനാട് താലൂക്ക് വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളുമുണ്ട്.
ഭാര്യ: പരേതയായ കിഴക്കും പറമ്പൻ തലചുള്ളിയിൽ ആയിശ. മക്കൾ: അബ്ദുൽ ഹഖ് ഹൈത്തമി (കരുവാരകുണ്ട് ദാറുന്നജാത്ത് വൈസ് പ്രിൻസിപ്പൽ), ഉമർ ഫൈസി (പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ അധ്യാപകൻ), ശറഫുദ്ദീൻ മാസ്റ്റർ, സഫിയ, ഫാഹിമ.
മരുമക്കൾ: സഫിയ (പാണ്ടികശാല), ബുഷ്റ (പുൽപറ്റ), കക്കാട്ടിൽ ബദരിയ്യ (താഴെ അരിപ്ര), കാരക്കാടൻ അബ്ദുൽ ഖാദർ (തോട്ടുപൊയിൽ), എരഞ്ഞിക്കൽ റഫീഖ് ഹുദവി (കാട്ടുമുണ്ട). വൈകീട്ട് 5.30ന് മുടിക്കോട് മഹല്ല് ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.