നല്ല ഉറക്കം ലഭിക്കാൻ ഈ നാലു മാർഗങ്ങൾ...
text_fieldsപ്രതീകാത്മകചിത്രം
നല്ല ക്ഷീണിതരായ് കിടന്നിട്ടും നിങ്ങൾക്ക് നന്നായ് ഉറങ്ങാൻ സാധിക്കുന്നില്ലേ? ഈ ഉറക്കക്ഷീണം നിങ്ങളെ അവശരാക്കുന്നുണ്ടോ? രാത്രിയിൽ നല്ല ഉറക്കം ലഭിക്കാതിരിക്കുന്നത് നിങ്ങളുടെ ആ ദിവസത്തെതന്നെ മോശമായ് ബാധിച്ചേക്കാം. ക്ഷീണവും തളർച്ചയും തലവേദനയും തുടങ്ങി ഉറക്കകുറവ് ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകാം. രാവിലെ അലാറം അടിക്കുന്നതിന് എത്ര സമയം ബാക്കിയുണ്ടെന്ന് നോക്കി നമ്മൾ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടക്കും. കൃത്യസമയത്ത് ഉറങ്ങാൻ കഴിയാത്തതിൽ അസ്വസ്ഥതരാകും. ക്ഷീണം വന്നാൽ പെട്ടന്നു ഉറങ്ങാൻ കഴിയും എന്നത് എപ്പോഴും പ്രാവർത്തികമല്ല.
33 വർഷത്തിലേറെ ന്യൂറോ സർജനായ് പ്രവർത്തിക്കുന്ന ഡോക്ടർ പ്രശാന്ത് കടകോൾ ഒക്ടോബർ 22 ന് പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഉറക്കത്തിന്റെ ഈ പൊതുവായ വെല്ലുവിളിയെകുറിച്ച് പറയുന്നുണ്ട്. “നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ പോലും ഉറങ്ങാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണ്. ഒരു ന്യൂറോ സർജൻ എന്ന നിലയിൽ നിങ്ങളുടെ പകൽ സമയത്തെ ശീലങ്ങൾ നിങ്ങളുടെ രാത്രികളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ഞാൻ പറയാം.” അദ്ദേഹം പറഞ്ഞു. ഇതിനർത്ഥം പകൽ സമയത്തെ നിങ്ങളുടെ പ്രവർത്തികൾ രാത്രിയിൽ നിങ്ങൾ എത്ര നന്നായി ഉറങ്ങുന്നു എന്നത് നിർണ്ണയിക്കുന്നു എന്നാണ്. രാത്രിയിൽ നിങ്ങളെ ഉറക്കത്തിലാക്കുന്ന നാലു ദൈനംദിന പ്രവർത്തനങ്ങൾ അദ്ദേഹം പറയുന്നു...
1. കൂടുതൽ നടക്കുക
പലരും പകൽ സമയത്ത് മണിക്കൂറുകളോളം ഇരിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിലോ വാരാന്ത്യങ്ങളിൽ വീട്ടിലോ വെറുതെ ഇരിക്കാറാണ് പലരുടേയും പതിവ്. പകൽ സമയത്ത് നിങ്ങൾ ഇരിക്കുന്നതിനേക്കാൾ കൂടുതൽ നടക്കുക എന്നാണ് ഡോക്ടർ പറയുന്നത്. ഇത് ശരീരത്തിന് നല്ല വ്യായാമം നൽകുകയും രാത്രിയിലുള്ള മെച്ചപ്പെട്ട ഉറക്കത്തിനു കാരണമാവുകയും ചെയ്യുന്നു.
2. ലൈറ്റുകൾ ഡിം ചെയ്യുക
"സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ ചുറ്റുമുള്ള ലൈറ്റുകൾ താഴ്ത്തുക" എന്നാണ് ന്യൂറോസർജൻ പറയുന്നത്. ഉറങ്ങുന്നതിനുമുമ്പ് വെളിച്ചം അണക്കേണ്ടത് പ്രധാനമാണ്. ചില ബെഡ് സൈഡ് ലാമ്പുകൾ കിടക്കക്കരികിൽ ചൂട് ഉണ്ടാക്കുന്നു. ഇതു കണ്ണുകൾക്കു അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കകുറവിന് കാരണമാവുകയും ചെയ്യുന്നു.
3. ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീൻ ടൈം ഒഴിവാക്കുക
ജീവിതം തിരക്കേറിയതാണ്. രാവിലെത്തെ തിരക്കുകൂട്ടലിൽ എന്തെങ്കിലും കഴിച്ച് ഓഫീസിലേക്കോടുന്നു. സമയപരിധിയിൽ കാര്യങ്ങൽ ചെയ്യാൻ നിർബന്ധിതരാകുന്നു. ഒന്നിനു പുറകെ ഒന്നായി മീറ്റിംഗുകൾ. ഈ ജീവിത ശൈലി വളരെ ക്ഷീണം നിറഞ്ഞതാണ്. അതുകൊണ്ട് പലപ്പോഴും ആളുകൾ വൈകുന്നേരത്തെ അവരുടെ വിശ്രമ സമയമായി കണക്കാക്കുന്നു. ടി.വി ഷോകളിൽ മുഴുകുന്നു അല്ലെങ്കിൽ ഡൂംസ്ക്രോളിംഗ് നടത്തുന്നു. എന്നാൽ ഇത് ഉറക്കസമയം വരെ അല്ലെങ്കിൽ അതിനുമപ്പുറം വരെ നീളുന്നു. ഇത്തരത്തിൽ സ്ക്രീൻ നോക്കി കിടക്കുമ്പോൾ സമയം പോകുന്നതുതന്നെ അറിയാതാകും. ഉറങ്ങുന്നതിനുമുമ്പ് ഫോൺമാറ്റിവക്കാനാണ് ഡോക്ടർ നിർദേശിക്കുന്നത്.
4. നേരത്തെയുള്ള അത്താഴം
ഡോക്ടർ നിർദ്ദേശിക്കുന്ന അവസാന പരിഹാരം നേരത്തെ ഭക്ഷണം കഴിക്കുക എന്നതാണ്. നിങ്ങളുടെ അത്താഴം നേരത്തെ കഴിക്കുന്നത് വളരെ ഉത്തമം. തുടർന്ന് 20 മിനിറ്റ് നടക്കുക. ഈ ശീലം ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുമ്പോൾ ദഹനപ്രക്രിയ താളംതെറ്റുന്നു. ഇങ്ങനെ കിടന്ന് വയറിന് ഭാരമനുഭവപ്പെടുമ്പോൾ നിങ്ങൾ കൂടുതൽ തിരിയാനും മറിയാനും സാധ്യതയുണ്ട്. ഇത് ഉറക്കം നഷ്ടപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

