66ാം വയസ്സിൽ പത്താം കൺമണി പിറന്നു; നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും നൽകിയ കരുത്തിൽ ജർമൻ വനിത
text_fieldsഅലക്സാൻഡ്ര ഹിൽഡെബ്രാൻഡ്റ്റ് എന്ന ജർമൻ വനിത ഈ വർഷം ആദ്യം തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ അവരുടെ പ്രായം 66 ആയിരുന്നു! വൈകിയുള്ള ഗർഭധാരണത്തിനു നേർക്ക് മിക്കവരും പുരികം വളക്കുമ്പോൾ അതൊന്നും തന്നെ അലട്ടുന്നില്ലെന്ന് അവർ പറയുന്നു.
മാർച്ച് 19ന് ബെർലിനിലെ ചാരിറ്റെ ആശുപത്രിയിൽ സിസേറിയൻ വഴിയാണ് അവരുടെ ഇളയ മകൻ ഫിലിപ്പ് ജനിച്ചത്. മൂന്നര കിലോഗ്രാമോളം ഭാരമുള്ള നവജാതശിശുവിന് ശ്വസന സംബന്ധമായ ചികിത്സയുടെ ഭാഗമായി ഓക്സിജൻ നൽകിയിരുന്നു. പക്ഷേ, സ്വാഭാവികമായും ബുദ്ധിമുട്ടുകളില്ലാതെയും അവനെ ഗർഭം ധരിച്ചുവെന്ന് അലക്സാൻഡ്ര തറപ്പിച്ചു പറയുന്നു.
53 വയസ്സ് തികഞ്ഞതിനുശേഷം അലക്സാൻഡ്രക്കിത് എട്ടാമത്തെ കുട്ടിയാണ്. അവരുടെ മൂത്ത കുട്ടിക്കിപ്പോൾ 46വയസ്സായി. 2 മുതൽ 36 വരെ പ്രായത്തിനുള്ളിലുള്ളവരാണ് മറ്റു മക്കൾ. ഒരു വലിയ കുടുംബം എന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്ന് മാത്രമല്ല, എല്ലാത്തിനുമുപരി കുട്ടികളെ ശരിയായി വളർത്തുക എന്നത് പ്രധാനമാണെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
മനുഷ്യാവകാശ അഭിഭാഷകയും കലാകാരിയും ചെക്ക്‌പോയിന്റ് ചാർലിയിലെ ബെർലിൻ വാൾ മ്യൂസിയത്തിന്റെ ഡയറക്ടറുമായ അലക്സാൻഡ്ര, 60 വയസിനുശേഷവും ഗർഭധാരണം നടത്താനുള്ള തന്റെ ശേഷിയിൽ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. അതിനുതകുന്ന ജീവിതശൈലി നിലനിർത്തുന്നതിൽ കണിശക്കാരിയുമാണ്.
‘ഞാൻ വളരെ ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കുന്നു. പതിവായി ഒരു മണിക്കൂർ നീന്തുന്നു. രണ്ട് മണിക്കൂർ നടക്കുന്നു’ -അവർ പറഞ്ഞു. ഒരിക്കലും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ലെന്നും കൂട്ടിച്ചേർത്തു.
സങ്കീർണതകളില്ലാത്ത ഗർഭധാരണമായിരുന്നു അവരുടേതെന്ന് അലക്സാൻഡ്രയുടെ ഗൈനക്കോളജിസ്റ്റ് ഡോ. വുൾഫ്ഗാങ് ഹെൻറിച്ചും പറഞ്ഞു. 10 കുട്ടികളിൽ ഇരട്ടകളായ എലിസബത്തും മാക്സിമിലിയനും ഉൾപ്പെടുന്നു. ഇരുവർക്കും ഇപ്പോൾ 12 വയസ്സാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും 60 വയസ്സു പിന്നിട്ട സ്ത്രീകൾക്ക് സ്വാഭാവിക ഗർഭധാരണത്തിലും പ്രസവത്തിലും വനുചേരാവുന്ന ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും മൊത്തത്തിലുള്ള ക്ഷേമത്തിന് തീർച്ചയായും സംഭാവന നൽകുന്നുണ്ടെങ്കിലും ഗർഭധാരണ സാധ്യതയിൽ പ്രായം ഒരു നിർണായകമായ ഘടകമായി തുടരുന്നുവെന്നാണ് അവരെല്ലാവരും പറയുന്നത്. ഒരാളുടെ 60കളിലെ സ്വാഭാവിക ഗർഭധാരണം വളരെ അപൂർവമാണ്. അത് സംഭവിക്കുകയാണെങ്കിൽ, അതിന് ഉയർന്ന അപകടസാധ്യതയുണ്ടെന്നും പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. ഗാന ശ്രീനിവാസ് പറയുന്നു.
ഗർഭകാല പ്രമേഹം, രക്താതിമർദം, പ്ലാസന്റൽ സങ്കീർണതകൾ, മാസം തികയാതെയുള്ള പ്രസവം എന്നിവക്കുള്ള സാധ്യത ഗണ്യമായി വർധിക്കുന്നതാണ് പ്രധാന ആശങ്കകൾ. സിസേറിയനും പ്രസവാനന്തര സങ്കീർണതകൾക്കും സാധ്യത കൂടുതലുമാണ്. ഗർഭകാലത്ത് ഹൃദയധമനികളുടെ ബുദ്ധിമുട്ട് ആരോഗ്യമുള്ളവരിൽ പോലും കൂടുതൽ പ്രകടമാണ്. 40 കളുടെ തുടക്കത്തിനുശേഷം പ്രത്യുൽപാദനക്ഷമത കുത്തനെ കുറയുന്നു. ഇത് മെഡിക്കൽ ഇടപെടലില്ലാതെ 60 വയസ്സിനു മുകളിലുള്ള ഗർഭധാരണം വളരെ അസാധാരണമാക്കുവെന്നും ഡോ. ഗാന ശ്രീനിവാസ് പറയുന്നു.
ഏതൊരു ഗർഭധാരണത്തെയും പിന്തുണക്കുന്നതിൽ ആരോഗ്യകരമായ ശീലങ്ങൾ നിർണായകമാണെന്നും അപകടസാധ്യതകൾ കുറക്കാൻ അവ സഹായിക്കുമെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു. പതിവായതും ലഘുവായതുമായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, ലഹരി പദാർഥങ്ങളോ മദ്യമോ ഒഴിവാക്കൽ എന്നിവ മികച്ച ഹൃദയാരോഗ്യത്തിനും, രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരമായ അളവിനും മൊത്തത്തിലുള്ള ശാരീരിക സ്വാസ്ഥ്യത്തിനും കാരണമാകുന്നു. ഇതെല്ലാം ഗർഭകാലത്ത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

