55ലും സെയ്ഫ് അലി ഖാൻ ഫിറ്റാണ്; രഹസ്യം പങ്കുവെച്ച് സെലിബ്രിറ്റി പരിശീലക
text_fieldsസെയ്ഫ് അലി ഖാൻ
ബോളിവുഡിന്‍റെ സൂപ്പർ താരമാണ് സെയ്ഫ് അലി ഖാൻ. 55ാം വയസ്സിലുമുള്ള താരത്തിന്‍റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്. ക്രൈം ഡ്രാമകൾ മുതൽ ആക്ഷൻ ത്രില്ലറുകൾ, കോമിക് റൊമാൻസ് തുടങ്ങി വിവിധ ചലച്ചിത്ര ജോണറുകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനാണ് സെയ്ഫ് അലി ഖാൻ. സിനിമ ജീവിതത്തിനു പുറമേ അദ്ദേഹം ഒരു ടെലിവിഷൻ അവതാരകനും സ്റ്റേജ് പെർഫോമറുമാണ്. വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളും സെയ്ഫ് പ്രമോട്ട് ചെയ്യാറുണ്ട്. ഇല്ലുമിനാറ്റി ഫിലിംസ്, ബ്ലാക്ക് നൈറ്റ് ഫിലിംസ് എന്നീ നിർമാണ കമ്പനികളുടെ ഉടമകൂടിയാണ് താരം.
സെയ്ഫ് അലി ഖാൻ തന്റെ ആകർഷണീയത കൊണ്ട് മാത്രമല്ല, തന്റെ ഫിറ്റ്നസിലൂടെയും ചെറുപ്പക്കാരുടെ വരെ ശ്രദ്ധ നേടിയെടുത്ത താരമാണ്. മിക്ക നടന്മാരും വെയ്റ്റ് ട്രെയ്നിങും കാർഡിയോയും ചെയ്യുമ്പോൾ സെയ്ഫ് യോഗയിലൂടെയാണ് തന്‍റെ വ്യായാമവും ആരോഗ്യ പരിപാലനവും ശ്രദ്ധിക്കുന്നത്. യോഗ ശരീരത്തെയും മനസ്സിനെയും മൂർച്ചയുള്ളതായി നിലനിർത്തുന്ന ഒരു പരിശീലനമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലക രൂപാൽ സിദ്ധ് അടുത്തിടെ സെയ്ഫിന്റെ ദിനചര്യയെക്കുറിച്ചുള്ള ചില കാര്യങ്ങൽ ആരാധകരോട് പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യമുള്ള ശരീരത്തിന്‍റെ രഹസ്യം ലളിതമായ യോഗ പരിശീലനമാണെന്ന് അവർ പറഞ്ഞു. സെയ്ഫ് യോഗ ചെയ്യുന്നതിന്റെ ഒരുപാട് ചിത്രങ്ങൾ രൂപൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങളിലെ താരത്തിന്‍റെ ശാരീരിക വഴക്കത്തിന് അഭിനന്ദനം അറിയിക്കുകയാണ് ആരാധകർ.
'സെയ്ഫ് അലി ഖാൻ തന്റെ അസാമാന്ന ശക്തിയും ചടുലതയും വളർത്തിയെടുത്തത് ഇങ്ങനെയാണ്! എന്റെ പ്രത്യേക സെലിബ്രിറ്റി ക്ലയന്റുകൾക്കായ് ഞാൻ ഉപയോഗിക്കുന്ന സിഗ്നേച്ചർ ഫ്ലെക്സിബിലിറ്റി പോസുകൾ ഞാൻ ഇവിടെ പങ്കിടുന്നു!' താരത്തിന്‍റെ ചിത്രത്തിനടിയിൽ രൂപൽ സിദ്ധ് കുറിച്ചു.
രൂപലിന്‍റെ ശിക്ഷണത്തിൽ ഹാൻഡ്‌സ്റ്റാൻഡ്, ഡീപ്പ് ബാക്ക്ബെൻഡ്‌സ്, ഫോർവേഡ് ഫോൾഡുകൾ എന്നിവയുൾപ്പെടെ വിപുലമായ യോഗാസനങ്ങൾ താരം പരിശീലിക്കുന്നുണ്ട്. ഈ ചലനങ്ങൾ ശരീരത്തിന്റെ ആകെ ശക്തി, വഴക്കം, സ്ഥിരത എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ പങ്കുവെച്ചു.
ഹാൻഡ്‌സ്റ്റാൻഡുകൾ ശരീരത്തിന്റെ കോർ, അപ്പർ ബോഡി പവർ വർധിപ്പിക്കുകയും, ബാക്ക്‌ബെൻഡുകൾ നട്ടെല്ലിന് വഴക്കവും പോസ്ചറും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മുന്നോട്ടുള്ള ബെന്‍റിങ് പേശികളുടെ വീണ്ടെടുക്കലിനും ശരീരത്തിലെ രക്തപ്രവാഹത്തിനും സഹായിക്കുന്നു. ഇത് ശക്തവും വഴക്കമുള്ളതുമായ ഒരു ശരീരം സൃഷ്ടിക്കുന്നു.
ഒരാൾ പ്രായമാകുമ്പോൾ, യോഗ അടിസ്ഥാനമാക്കിയുള്ള വ്യായാമങ്ങൾ അയാളുടെ രക്തയോട്ടം മെച്ചപ്പെടുത്താനും, മന്ദത ഇല്ലാതാക്കാനും, സന്തുലിതാവസ്ഥയും ഏകോപനവും വർധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. സെയ്ഫിന് യോഗ വെറുമൊരു ഫിറ്റ്നസ് ദിനചര്യ മാത്രമല്ല, 50കളിലും തന്റെ സിഗ്നേച്ചർ ശരീരഘടനയും സ്ക്രീൻ സാന്നിധ്യവും നിലനിർത്താൻ അദ്ദേഹത്തെ സഹായിക്കുന്ന ജീവിതശൈലികൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

