'103 കോടിയുടെ വീടുമുതൽ 800 കോടിയുടെ കൊട്ടാരം വരെ...'കരീന കപൂറിന് ഇന്ന് 45
text_fieldsകരീന കപൂർ
ബോളിവുഡിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ് കരീന കപൂർ. 2000ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിഷേക് ബച്ചന്‍റെ നായികയായാണ് കരീന കരിയർ ആരംഭിച്ചത്. താരത്തിന്‍റെ 45ാം പിറന്നാളാണ് ഇന്ന്. 60ൽ ഏറെ സിനിമകളിൽ അഭിനയിച്ച കരീന ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കരീന.
ബേബോ എന്ന് ആരാധകർ വിളിക്കുന്ന താര സുന്ദരിയുടെ ആസ്തി 485 കോടി രൂപയാണെന്നാണ് ന്യൂസ് 18 പുറത്തുവിട്ട കണക്ക്. ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് താരത്തിന്‍റെ പ്രധാന വരുമാന സ്രോതസ്സ് അഭിനയമാണ്. ഒരു സിനിമക്ക് 10-12 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ബ്രാൻഡ് ഡീലുകളിൽ നിന്ന് താരത്തിന് ഏകദേശം അഞ്ച് കോടിവരെ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കരീനയും, ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം മുംബൈയിലെ ബാന്ദ്രയിൽ മനോഹരമായ വീട്ടിലാണ് താമസം. ജിക്യു ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഈ വീടിന് ഏകദേശം 103 കോടി രൂപ വിലവരും. ഇതിനുപുറമെ, ഹരിയാനയിൽ 1900കളുടെ തുടക്കത്തിൽ നിർമിച്ച 800 കോടി രൂപ വിലമതിക്കുന്ന പട്ടൗഡി പാലസും ദമ്പതികൾക്ക് സ്വന്തമാണ്.
കൊട്ടാരങ്ങൾക്ക് പുറമെ നിരവധി ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്. ക്വെൻച് ബൊട്ടാണിക്സ് എന്ന കോസ്മെറ്റിക് ബ്രാന്‍റിന്‍റെ സംരഭക കൂടെയാണ് കരീന. തന്‍റെ ആഡംബര ജീവിതവും, ജീവിത ശൈലിയും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'സിങ്കം എഗെയ്ൻ' എന്ന ചിത്രത്തിലാണ് കരീന അവസാനമായി അഭിനയിച്ചത്. 2024 നവംബറിൽ പുറത്തിറങ്ങിയ ഷെട്ടിയുടെ കോപ് യൂനിവേഴ്സിന്‍റെ അഞ്ചാം ഭാഗത്തിൽ അവ്‌നി കാമത് സിങ്കമായി കരീന അഭിനയിച്ചു. അജയ് ദേവ്ഗൺ, രൺവീർ സിങ്, അക്ഷയ് കുമാർ, ദീപിക പദുക്കോൺ, ടൈഗർ ഷ്രോഫ്, അർജുൻ കപൂർ, ജാക്കി ഷ്രോഫ് തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പിറന്നാൾ ദിനത്തത്തിൽ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് സിനിമ മേഖലയിലെ പലരും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ പ്രയ സഹോദരിയും കൂട്ടുകാരിയും അതിലുപരി എല്ലാമായ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു' എന്ന കുറിപ്പാണ് നടിയും കപൂർ സഹോദരിയുമായ കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

