ബംഗ ബന്ധു: ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ്
text_fieldsധാക്ക: ഇന്ത്യയുമായി വഷളായ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനുള്ള താൽപര്യവുമായി ബംഗ്ലാദേശ്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾക്കു ശേഷമാണ് ഇടപെടൽ. ഐ.പി.എല്ലുമായും ട്വന്റി20 ലോകകപ്പിലെ ബഹിഷ്കരണവുമായി ബന്ധപ്പെട്ടുമുണ്ടായ തർക്കത്തെത്തുടർന്ന് വഷളായ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണെന്ന് യുവജന, കായിക സഹമന്ത്രി അമിനുൾ ഹഖ് സൂചന നൽകി.
ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണറുമായി ചർച്ച നടത്തിയതായി മന്ത്രി പറഞ്ഞു. സൗഹൃദ ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനെ അമിനുൾഹഖ് വിമർശിച്ചു.
മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകാലത്താണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധവും ക്രിക്കറ്റ് ബന്ധവും വഷളായത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് ക്രിക്കറ്റ് തർക്കം തുടങ്ങിയത്. ഈ നടപടി അന്യായമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചിരുന്നു. തുടർന്നാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് തീരുമാനിച്ചത്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചത്. ശ്രീലങ്കയിൽ മാത്രമേ കളിക്കൂവെന്നായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബംഗ്ലാദേശിനെ ലോകകപ്പിൽനിന്ന് വിലക്കി. ലോകകപ്പ് നടന്നുകൊണ്ടിരിക്കേയാണ് ബംഗ്ലാദേശിൽ ഭരണമാറ്റവും പുതിയ ഭരണാധികാരികൾക്ക് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന നിലപാടുമുണ്ടായത്.
ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡാണ് ലോകകപ്പിൽ കളിച്ചത്. എന്നാൽ, പിഴയടക്കം കർശനനടപടി ഒഴിവാക്കിയ ഐ.സി.സി, ഭാവിയിൽ ക്രിക്കറ്റ് ആതിഥേയത്വത്തിനുള്ള അവസരം ഉറപ്പുനൽകുകയും ചെയ്തിരുന്നു. മുൻ ബംഗ്ലാദേശ് ഫുട്ബാൾ ടീം ക്യാപ്റ്റൻ കൂടിയാണ് യുവജന, കായിക സഹമന്ത്രി അമിനുൾ ഹഖ്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്റെ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. ഐ.സി.സി നിയമങ്ങൾക്കനുസൃതമായി ചർച്ചയിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അയൽരാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ ചർച്ചകളിലൂടെ പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി കമീഷണറോട് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

