കെ.സി.എ നിയമാവലിയിൽ ഭേദഗതി; മുൻ താരങ്ങൾക്കും അമ്പയർമാർക്കും അംഗത്വം
text_fieldsതിരുവനന്തപുരം: 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ, നിയമാവലിയിൽ സുപ്രധാന ഭേദഗതികൾ വരുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്ന മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ അറിയിച്ചു. 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷൻ അംഗത്വം ഇനി വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിലാണ് നിയമാവലി പരിഷ്കരിച്ചത്. പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും.
ഇതിനുപുറമെ ക്രിക്കറ്റ് മേഖലക്ക് വലിയ സംഭാവനകൾ നൽകിയവർക്ക് ഓണററി അംഗത്വം, കെ.സി.എ ക്ലബ് ഹൗസ് അംഗത്വം, കെ.സി.എ സ്റ്റേഡിയം അംഗത്വം എന്നീ പുതിയ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.സി.എയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപക്സ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഒമ്പത് അംഗങ്ങളുള്ള കൗൺസിൽ ഭേദഗതിയോടെ വിപുലീകരിക്കും. ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണ് മറ്റൊരു ഭേദഗതി. മുമ്പ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ച പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും ലഭ്യമാകും.
കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നൽകിയവർക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അഭിപ്രായപ്പെട്ടു. പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമ്പോൾ അപക്സ് കൗൺസിൽ കൂടുതൽ ശക്തമാകുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിലെ മാറ്റം മുൻ രഞ്ജി താരങ്ങൾക്ക് വലിയ തോതിലുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

