Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് പുനരധിവാസം: 178 വീടുകൾ ഈമാസം 25ന് കൈമാറും

text_fields
bookmark_border
മഴക്കുമുമ്പ് എല്ലാവർക്കും വീടെന്ന് മുഖ്യമന്ത്രി
വയനാട് പുനരധിവാസം: 178 വീടുകൾ ഈമാസം 25ന് കൈമാറും
cancel
camera_altനിർമാണം പുരോഗമിക്കുന്ന കൽപറ്റ ടൗൺഷിപ്പ്, മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിന്‍റെ ദൃശ്യം

കൽപറ്റ: മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപറ്റ ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഈ മാസം 25ന് നടക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. 178 വീടുകളാണ് ആദ്യഘട്ടത്തിൽ അതിജീവിതർക്ക് കൈമാറുന്നത്. ആകെയുള്ള 327 ഗുണഭോക്താക്കൾക്കും മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവസനം ഉറപ്പാക്കുമെന്നും ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്‍റെ അതിജീവനത്തിന്‍റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.

ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.

ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിന്‍റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിന്‍റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.

ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.

🏡 178 വീടുകൾ അതിജീവിതർക്കായി കൈമാറും.

🏡 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.

🏡 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്. പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad rehabilitation: 178 houses to be handed over on 25th February
Next Story