Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമുനയിലെ മലിനീകരണം രൂക്ഷം; ഗംഗാജലം എത്തിക്കാൻ പദ്ധതി, ഫലം കാണാൻ 2028 വരെ കാത്തിരിക്കണം

text_fields
bookmark_border
delhi
cancel
camera_alt

നോയിഡയിലെ യമുനാ നദിയിൽ ഛഠ് പൂജ ആചരിക്കുന്ന ഭക്തർ

ന്യൂഡൽഹി: യമുനാ നദിയിലെ മലിനീകരണത്തിന് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് ഇനിയും വർഷങ്ങളുടെ കാത്തിരിപ്പ്. നദിയിലെ മലിനീകരണം കുറക്കാൻ ഗംഗാജലം എത്തിക്കുന്നതടക്കമുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ഫലം ലഭിക്കാൻ രണ്ടുമുതൽ മൂന്ന് വർഷം വരെ വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


ഛഠ് പൂജയോടനുബന്ധിച്ച് നദിയിലെ മലിനീകരണം വീണ്ടും ചർച്ചയായപ്പോഴും ജലത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കുകൾ പ്രകാരം, ഡൽഹി വിട്ട് പുറത്തേക്ക് ഒഴുകുന്ന യമുനയിലെ അസ്ഗർപൂരിൽ മെയ് മാസത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് വെള്ളത്തിൽ അനുവദനീയമായ പരിധിയുടെ 660 മടങ്ങായിരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യത്തിൽനിന്നുള്ള സൂക്ഷ്മാണുക്കളാണ് ഇവ.


മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നതോടെ സെപ്റ്റംബറിൽ മലിനീകരണത്തിന്റെ തോത് കുറഞ്ഞു. എന്നാൽ ഒക്ടോബറിലെ ജലഗുണനിലവാര കണക്കുകൾ ഡൽഹി സർക്കാർ പുറത്തുവിട്ടിട്ടില്ല.

ഛഠ് പൂജയുടെ ഭാഗമായി ഞായറാഴ്ച ദക്ഷിണ ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നൂറുകണക്കിന് ഭക്തർ യമുനയിൽ ഇറങ്ങി പ്രാർഥന നടത്തി. ഇതിനിടെ നദിയിൽ വിഷനുര പൊങ്ങിക്കിടന്നത് മലിനീകരണത്തിന്റെ രൂക്ഷത വീണ്ടും പ്രകടമാക്കി.

ഗംഗയിൽനിന്ന് 500 ക്യുസെക് ജലം എത്തിക്കും

യമുനയിലെ മലിനീകരണം കുറയ്ക്കുന്നതിനായി പശ്ചിമ ഉത്തർപ്രദേശിലൂടെ കടന്നുപോകുന്ന അപ്പർ ഗംഗാ കനാലിൽനിന്ന് 500 ക്യുസെക് ഗംഗാജലം വഴിതിരിച്ചുവിട്ട് വസീറാബാദിൽ യമുനയിലെത്തിക്കാനാണ് ഡൽഹി സർക്കാരിന്റെ പദ്ധതി.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ വർഷം ഏപ്രിലിൽ സമർപ്പിച്ച നദീശുദ്ധീകരണ പദ്ധതിയുടെ ഭാഗമാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളും നടന്നിട്ടുണ്ട്.

പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാരിന് സമർപ്പിച്ചെങ്കിലും ഗംഗാജലം ഡൽഹിയിലെത്താൻ രണ്ടുമുതൽ മൂന്ന് വർഷം വരെ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് നേരത്തെയുണ്ടായിരുന്ന സമാനമായ പദ്ധതി ഉപേക്ഷിച്ചിരുന്നു.

29 മലിനജല സംസ്കരണ പ്ലാന്റുകൾ

മലിനീകരണം തടയുന്നതിനൊപ്പം മലിനജലം ശുദ്ധീകരിക്കാനുള്ള ശേഷി വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 2028ഓടെ ഡൽഹിയിലെ മലിനജല സംസ്കരണ ശേഷി പ്രതിദിനം 1,500 ദശലക്ഷം ഗാലണായി ഉയർത്താനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി 29 വികേന്ദ്രീകൃത മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണത്തിന് ഈ വർഷം കരാർ നൽകിയിട്ടുണ്ട്. 2028 ജനുവരിയോടെ പ്ലാന്റുകളുടെ നിർമാണം പൂർത്തിയാക്കും. ഇവയിലേക്കുള്ള അഴുക്കുചാൽ ശൃംഖലയുടെ നിർമാണം 2028 ജൂണോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.

അനധികൃത കോളനികളിൽനിന്നുള്ള മലിനജലം നേരിട്ട് യമുനയിലേക്ക് ഒഴുകുന്നത് തടയാൻ ഈ പ്ലാന്റുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഭൂമി ലഭ്യമാകാത്തതും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പദ്ധതികൾ വൈകാൻ പ്രധാന കാരണം.

പതിറ്റാണ്ടുകളായിട്ടും പരിഹാരമില്ല

യമുന ശുദ്ധീകരണം 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാൽ ഛഠ് പൂജയ്ക്ക് മുന്നോടിയായി ഇത്തവണയും യമുന മലിനീകരണത്തെച്ചൊല്ലി ബി.ജെ.പിയും ആം ആദ്മി പാർട്ടിയും പരസ്പരം ആരോപണങ്ങളുന്നയിച്ചു.

1994ൽ യമുന മലിനീകരണവുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. 2015ൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2017 മാർച്ചിനകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നദീശുദ്ധീകരണ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല.


2018ൽ നിരീക്ഷണ സമിതി രൂപീകരിച്ചെങ്കിലും 2021ൽ പിരിച്ചുവിട്ടു. 2023ൽ കേന്ദ്ര സർക്കാർ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ മറ്റൊരു സമിതിയും രൂപീകരിച്ചു. എന്നിട്ടും നദിയുടെ മലിനീകരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yamuna pollution cleanup delayed further
Next Story