ദിവസവും എത്ര ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം?
text_fieldsവിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഡ്രൈ ഫ്രൂട്ട്‌സ് ഹൃദയം, മസ്തിഷ്കം, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഊർജ്ജം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബദാം, വാൾനട്ട്, കശുവണ്ടി എന്നിവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ (LDL) കുറക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓർമശക്തി, ശ്രദ്ധ, ബുദ്ധിപരമായ കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നു. മഗ്നീഷ്യം, കാൽസ്യം, പ്രോട്ടീൻ എന്നിവ എല്ലുകളെ ശക്തിപ്പെടുത്താനും പേശികളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു. ഇവ ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.
ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം 20-30 ഗ്രാം ഡ്രൈ ഫ്രൂട്ട്‌സാണ് സാധാരണയായി ശിപാർശ ചെയ്യുന്നത്. ഇത് ഏകദേശം ഒരു ചെറിയ കൈ നിറയെ വരുന്ന അളവാണ്. ഈ അളവിൽ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും അധിക കലോറി ശരീരത്തിൽ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാം. ഉണങ്ങിയ പഴങ്ങളിൽ കലോറി കൂടുതലായതിനാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
ഉണങ്ങിയ പഴങ്ങൾ ലഘുഭക്ഷണമായോ, സാലഡ് ടോപ്പിങ്ങുകളായോ, സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിലും ഉൾപ്പെടുത്താവുന്നതാണ്. ന്യൂട്രീഷനിസ്റ്റ് ലീന മഹാജൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ, ഒരാൾ ഒരു ദിവസം കഴിക്കേണ്ട ബദാം, വാൾനട്ട് എന്നിവയുടെ കൃത്യമായ അളവുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും ഒരു സാധാരണ അളവ് മതിയാകും.
- ബദാം 4 മുതൽ 7 എണ്ണം (കുതിർത്തത്)
- കശുവണ്ടി 4 മുതൽ 5 എണ്ണം
- വാൾനട്ട് 2 മുതൽ 4 എണ്ണം (മുഴുവനായത്)
- ഈന്തപ്പഴം 1 മുതൽ 2 എണ്ണം വരെ
- ഉണക്കമുന്തിരി 10 മുതൽ 15 എണ്ണം വരെ
- അത്തിപ്പഴം 1 മുതൽ 2 എണ്ണം വരെ
- പിസ്ത 5 മുതൽ 10 എണ്ണം വരെ
എന്നാൽ ഉപ്പ് ചേർത്ത നട്‌സുകൾ ഒഴിവാക്കണം. ഇത് സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും. ഓരോ വ്യക്തിയുടെയും ആരോഗ്യനില അനുസരിച്ച് അളവിൽ മാറ്റങ്ങൾ വരാം. അതിനാൽ, നിങ്ങളുടെ ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു പോഷകാഹാര വിദഗ്ധന്‍റെ ഉപദേശം തേടുന്നത് ഉചിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

