Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനട്സ് ഏറെ...

നട്സ് ഏറെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; എങ്കിൽ അറിയണം ഈ സത്യങ്ങൾ

text_fields
bookmark_border
നട്സ് ഏറെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; എങ്കിൽ അറിയണം ഈ സത്യങ്ങൾ
cancel

ട്‌സിനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. പ്രോട്ടീൻ നിറഞ്ഞ ആരോഗ്യകരമായ ലഘുഭക്ഷണമെന്ന നിലയിൽ ചിലർ പറയും ഇവയാണ് ഏറ്റവും നല്ലതെന്ന്. അതേസമയം, നട്‌സുകളിൽ നിന്ന് കുറച്ച് അകലം പാലിക്കാൻ മറ്റു ചിലരും പറയും. ചില നട്സുകൾ അമിതമായി കഴിക്കുന്നത് ആരോഗ്യപരമായി അനുയോജ്യമല്ല എന്നതാണ് കാരണം.

നിങ്ങൾ കഴിക്കുന്ന നട്സ് ഏത് തരമായാലും പരമാവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിന് മിതമായ അളവിൽ അവ കഴിക്കാൻ വിദഗ്ധർ ശിപാർശ ചെയ്യുന്നു. അപ്പോൾ ഏതൊ​ക്കെയാണ് നല്ല നട്‌സ്? ഏതൊക്കെയാണ് പ്രശ്നകാരികൾ​? കഴിക്കുന്നത് പുനഃപരിശോധിക്കേണ്ടതോ കുറഞ്ഞ അളവിൽ കഴിക്കേണ്ടതോ ആയ നട്‌സുകളെക്കുറിച്ചു പറയാം.

കശുവണ്ടി:

കശുവണ്ടി വളരെ രുചികരമായ ഒന്നാണ്. വിഭവങ്ങളിൽ തയാറാക്കുമ്പോൾ രുചിയേറ്റാൻ ഇത് ഉപയോഗിക്കാം. എന്നാൽ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും ഇത് എല്ലാം തികഞ്ഞ ഒരു ഇനമല്ല. മറ്റ് നട്സുകളെ അപേക്ഷിച്ച് (ഒരു ബദാമിൽ കാണുന്നതിനേക്കാൾ ഇരട്ടി) കശുവണ്ടിയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ പൂരിത കൊഴുപ്പ് നിങ്ങളുടെ കൊളസ്ട്രോൾ നില വർധിപ്പിക്കും.

പൂരിത കൊഴുപ്പിനു പുറമേ, നമ്മൾ വളരെ ലാഘവ​ത്തോടെയും ആസ്വദിച്ചും കഴിക്കുന്ന കശുവണ്ടിയുടെ ഉൽപാദനം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകവുമാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ ചില രാജ്യങ്ങളിലാണ് കശുമാവ് പ്രധാനമായും വളർത്തുകയും സംസ്കരിക്കുകയും ചെയ്യുന്നത്. കൂടാതെ ഈ പ്രക്രിയ കഠിനാധ്വാനം ആവശ്യമുള്ളതും തൊഴിലാളികൾക്ക് അപകടകരവുമാണ്. ഉദാഹരണത്തിന് കശുവണ്ടിയുടെ പറംന്തോട് പൊള്ളലിന് കാരണമാകുന്ന നാശകാരിയായ ഒരു വസ്തു ഉത്പാദിപ്പിക്കുന്നു. മിക്ക തൊഴിലാളികൾക്കും സംരക്ഷണ നടപടികൾ ലഭ്യമല്ല. തൊഴി​ലെടുക്കുന്ന മണിക്കൂറുകളേക്കാൾ ഉൽപാദനത്തിന്റെ അളവുനോക്കിയാണ് ഉടമകൾ അവർക്ക് ​കൂലി നൽകുന്നത്. മൂന്നാംലോക രാജ്യങ്ങളിൽ മയക്കുമരുന്ന് പുനഃരധിവാസ കേന്ദ്രങ്ങളിലെ രോഗികളെ കശുവണ്ടി സംസ്കരിക്കുന്നതിന് നിർബന്ധിത തൊഴിലാളികളായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.

ചുരുക്കത്തിൽ, നിങ്ങൾ കശുവണ്ടി കഴിക്കാൻ പോകുകയാണെങ്കിൽ അവ എവിടെ നിന്നാണ് വരുന്നതെന്നും അവ നിങ്ങളുടെ പലചരക്ക് കടയിലേക്ക് എങ്ങനെ എത്തിച്ചേരുന്നുവെന്നും കണ്ടെത്താൻ ഒരു ചെറിയ ഗവേഷണം നടത്തുക.


വറുത്ത നട്സ്:

വറുത്ത നട്സിന്റെ രുചി നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും അധിക ഉപ്പും പഞ്ചസാരയും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവയെ അകറ്റി നിർത്തുന്നത് നന്നായിരിക്കും. ഇവയിൽ കൊഴുപ്പി​ന്റെ അംശവും സോഡിയവും കൂടുതലായിരിക്കുമെന്നതാണ് കാരണം. ഇതിനെ മറികടക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഡ്രൈ ഫ്രൈ ചെയ്യാം അല്ലെങ്കിൽ ഓവൻ ടോസ്റ്റ് നട്സ് ഉപയോഗിക്കാം. ഏതെങ്കിലും നട്ട് ഇനം ഡ്രൈ ഫ്രൈ ചെയ്യാൻ നിങ്ങളുടെ സ്റ്റൗവിൽ ഒരു ചൂടുള്ള ചട്ടിയിൽ നട്സ് ഇട്ട് കുറച്ച് മിനിറ്റ് ടോസ്റ്റ് ചെയ്താൽ മതിയാവും. നട്സ് കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധയോടെ ഇളക്കുക.

നിങ്ങൾ ഒന്നിലധികം തവണ നട്സ് കഴിക്കുമ്പോൾ വളരെയധികം അധിക കൊഴുപ്പ് അകത്താകാൻ സാധ്യതയുണ്ട്. ചില നട്സുകളിൽ വലിയ അളവിൽ നെഗറ്റീവ് ആയ മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അമിതമായി കഴിക്കുന്നത് തടയാൻ ഒരു തന്ത്രമുണ്ട്. പുറംതോടോടെ തന്നെ നട്സ് വാങ്ങാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ലഘുഭക്ഷണം മന്ദഗതിയിലാക്കുകയും കഴിക്കുന്ന നട്സിന്റെ അളവ് കുറക്കുകയും ചെയ്യും.


ബദാം:

ഹൃദയ സംബന്ധമായ ഗുണങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾക്ക് ബദാം പ്രസിദ്ധമാണ്. എന്നാൽ, ബദാം നിലവിൽ നിങ്ങളുടെ ഇഷ്ട പരിപ്പാണെങ്കിൽ അത് പുന:രാലോചിക്കേണ്ടതുമാണ്.

ബദാമിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കേണ്ട പ്രധാന കാരണം പരിസ്ഥിതിയാണ്. ബദാം ഉത്പാദിപ്പിക്കാൻ ഗാലൺ കണക്കിന് വെള്ളം ആവശ്യമാണ്. ലോകത്തിലെ ബദാമിന്റെ ഭൂരിഭാഗവും കാലിഫോർണിയയിൽ നിന്നാണ് വരുന്നത്. അവിടെ പതിവായി വരൾച്ച അനുഭവപ്പെടുന്നു. ഒപ്പം ബദാം കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഭൂമിയിലെ വ്യാപകമായ ജല ഉപയോഗം മൂലം നദികളിൽ ആവശ്യത്തിന് വെള്ളമില്ലാതെ മത്സ്യ ഇനങ്ങളെ കൊല്ലുന്നത് മുതൽ ഭൂഗർഭ ജലാശയങ്ങൾ വറ്റുന്നതിലേക്കു വരെ കൊണ്ടെത്തിക്കുന്നു.


നിലക്കടല:

മറ്റ് നട്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലക്കടലയിൽ കൊഴുപ്പ് വളരെ കുറവാണ്. ബദാം, ബ്രസീൽ നട്സ്, ഹാസൽനട്ട്സ്, മക്കാഡാമിയ നട്സ്, പെക്കൻസ്, വാൽനട്ട് എന്നിവയേക്കാൾ താഴെയാണ് ഇതിലെ കൊഴുപ്പു നില. നിലക്കടലയിൽ ഉയർന്ന അളവിൽ ബി വിറ്റാമിനുകളും മഗ്നീഷ്യവും ഉണ്ട്. ഉപ്പില്ലാത്ത നിലക്കടല തിരഞ്ഞെടുക്കാൻ ശ്രമിക്കുക. സോഡിയമോ പഞ്ചസാരയോ ചേർത്ത നിലക്കടല ഒഴിവാക്കുക.

സാങ്കേതികമായി നിലക്കടല അണ്ടിപ്പരിപ്പല്ല. അവ പയർവർഗങ്ങളാണ്. എന്നിരുന്നാലും അവ ആരോഗ്യകരമായ നട്സുകളിൽ ഉൾപ്പെടുത്താൻ തക്കവണ്ണം സമ്പന്നമാണ്. നിലക്കടല വളരെ സുസ്ഥിരമായ വിളയായി കണക്കാക്കപ്പെടുന്നു. ജലസേചനത്തേക്കാൾ പ്രധാനമായും മഴവെള്ളത്തെയാണ് അവ ആശ്രയിക്കുന്നത്. മറ്റ് പരിപ്പുകളെ അപേക്ഷിച്ച് അവക്ക് ചെറിയ ‘കാർബൺ പാദമുദ്ര’കളേ ഉള്ളൂ. ബദാമിന് ആവശ്യമായ വെള്ളത്തിന്റെ ഏകദേശം 10ശതമാനം മാത്രമേ ആവശ്യമുള്ളൂ. കൂടാതെ, പാഴാക്കാനില്ലാത്ത വിള എന്ന നിലയിൽ മുഴുവൻ നിലക്കടല ചെടിയെയും ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നു. ഇതി​ന്റെ ചെടികൾ വളമായോ തീറ്റയായോ മാറുന്നു. നിലക്കടലയുടെ പുറംതോട് ജൈവ ഇന്ധനമായോ കമ്പോസ്റ്റായോ മാറുന്നു.


ചെസ്റ്റ് നട്ട്:

ബദാം, പിസ്ത എന്നിവയുടെ അത്ര പ്രചാരം ചെസ്റ്റ്നട്ടിനില്ല. എന്നാൽ, വളരെ ആരോഗ്യകരമായ ഈ നട്സ് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് മൂല്യവത്താണ്. ബദാം പോലെ ചെസ്റ്റ്നട്ട് സാങ്കേതികമായി ഒരു പഴമാണ്. പച്ചയായോ വേവിച്ചോ കഴിക്കാം. മറ്റ് നട്സുകളെ അപേക്ഷിച്ച് ചെസ്റ്റ്നട്ടിൽ വളരെ കുറച്ച് കൊഴുപ്പ് മാത്രമേ ഉള്ളൂ. ഒരു ഔൺസിൽ 0.6 ഗ്രാം മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ.


വാൽനട്ട്:

വാൽനട്ട് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇതിൽ മഗ്നീഷ്യം, മാംഗനീസ്, ചെമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദവും മോശം കൊളസ്ട്രോളും കുറക്കാൻ ഇവ സഹായിക്കും. മറ്റേതൊരു നട്ടിനേക്കാളും കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ഇവയിലുണ്ട്. ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച ‘Beneficial Effects of Walnuts on Cognition and Brain Health’ എന്ന പഠനത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ വാൽനട്ട് ചേർക്കുന്നത് ആന്റിഓക്‌സിഡന്റ് വർധിപ്പിക്കാനും സമ്മർദ്ദം കുറക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും ഡിമെൻഷ്യ, ടൈപ്പ് 2 പ്രമേഹം, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരുപിടി രോഗങ്ങളുടെ സാധ്യത കുറക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.


പിസ്ത:

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ പിസ്തക്ക് വളരെയധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇന്ന് പിസ്ത ഒരു രുചികരമായ മുഖ്യധാരാ ലഘുഭക്ഷണമായി മാറിയിരിക്കുന്നു. പിസ്തക്ക് പറയത്തക്ക ദോഷങ്ങളില്ല.

അതേസമയം, ആരോഗ്യപരമായി പിസ്ത നാരുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയിൽ കൊഴുപ്പും കലോറിയും താരതമ്യേന കൂടുതലാണ്. നിങ്ങൾക്ക് എന്തെങ്കിലും ദഹന പ്രശ്‌നങ്ങളുണ്ടെങ്കിൽ നാരുകളുടെ അളവ് ആ പ്രശ്‌നങ്ങൾ വർധിപ്പിക്കും.

കൂടാതെ, പിസ്ത മരങ്ങൾക്ക് വളരാൻ സാമാന്യം വെള്ളം ആവശ്യമാണ്. ഇത് കൃഷി ചെയ്യുന്ന തോട്ടങ്ങൾക്കു സമീപമുള്ള പ്രദേശത്ത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവത്തിനും നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായതായി കാണിക്കുന്നു. യു.എസിലെ കാലിഫോർണിയയിൽ ഇതിന്റെ ഉൽപാദനം മൂലമുണ്ടാവുന്ന പ്രതികൂല പാരിസ്ഥിതിക ആഘാതം പരിശോധിക്കുന്ന ‘പിസ്ത വാർസ്’ എന്ന ഡോക്യുമെന്ററിയുടെ വിഷയവുമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodspeanutsNutsCashewspistaNutrition kitalmondsHealthy Food
News Summary - Nuts To Stop Eating And To Choose Instead
Next Story