നഷ്ടപ്പെട്ടതിനെ ഓർത്ത് വിലപിക്കാതെ ഈ നിമിഷം ആസ്വദിക്കുക
text_fieldsഇരമ്പിക്കൊണ്ട് ഒരു തീവണ്ടി ആ സ്റ്റേഷനിൽ പൊടുന്നനെ നിർത്തി.ദൂരെ വണ്ടിയിൽ നിന്ന് എനിക്കത് കാണാമായിരുന്നു. ഞാൻ വളരെ വൈകിയിരിക്കുന്നു. ഇനി പൈസ കൊടുത്ത് ഈ വണ്ടി പറഞ്ഞു വിട്ടു ഒന്ന് രണ്ടു നിമിഷത്തിൽ ഞാൻ അവിടെ എത്തിയില്ലെങ്കിൽ ട്രെയിൻ പരിധി വിട്ട് പോകും. എങ്ങനെയോ ലക്‌ഷ്യസ്ഥാനത്തെത്താനായി കൈയിലുള്ള പെട്ടികളും ബാഗും ഒക്കെ ആയി ഓടിക്കയറി. കൈയിലുള്ള ഭക്ഷണംകഴിച്ച മാലിന്യകവർ അടക്കം തൂക്കി പിടിച്ച് ഓടിക്കയറി സ്വന്തം സീറ്റിൽ ഇരുന്നു.
ഹൌ. സമാധാനമായി. ഇത് കിട്ടിയില്ലായിരുന്നെങ്കിൽ, ഇല്ലെങ്കിലേ വൈകി.പല തവണ മനസ്സിൽ ആലോചിച്ചതാണ് ഈ യാത്രയെക്കുറിച്ച്. എനിക്കിഷ്ടമുണ്ടായിട്ടല്ല. പക്ഷേ ചുറ്റുമുള്ളവരുടെ നിർബന്ധത്തിന് വേണ്ടിയാണ് ഇത്. ഇല്ലെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കാൻ ഉള്ളതല്ലേ ഈ ജീവിതം.സഹനമാണല്ലോ ഹീറോയിസം. ഞാൻ ഈ പോകുന്നത് ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസത്തിലാണ് ഞാൻ കയറിയത്. പക്ഷേ അപരിചിതമായ ഭൂപ്രകൃതിയിലൂടെ കടന്ന് പോകുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ഇപ്പോൾ ഞാൻ കയറിയത്, എന്റെ യാത്ര ശരിയാണോ എന്ന് വല്ലാത്ത ഒരു സംശയം ഉള്ളിലേക്ക് കടന്ന് വരുന്നു. ഇത് ജീവിതത്തിന്റെ ഒരു രൂപകമായിരുന്നു.
അക്ഷരാർത്ഥത്തിലും ആലങ്കാരികമായും ചിലപ്പോൾ ബോധ്യത്തോടെ അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി നമ്മൾ പല കുടുംബം, സൗഹൃദം, ജോലി, കല്യാണം എന്നിങ്ങനെ ട്രെയിനുകളിൽ കയറുന്നു, പിന്നീട് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് നമ്മൾ കണ്ടെത്തുന്നു. പലപ്പോഴും വളരെ വൈകിയാണ് ഈ തിരിച്ചറിവ് ഉണ്ടാകുന്നത്. പക്ഷേ ഈ യാത്ര എന്നെ എവിടേക്കെത്തിക്കും എന്തായിരിക്കാം ഇതിന്റെ പരിണാമം എന്നറിയാൻ ഉള്ള ആകാംക്ഷയും ഭാരവും നമ്മിൽ അവശേഷിക്കുന്നു.
ഈ പ്രതിഭാസം 'Path dependence' എന്ന ആശയത്തിൽ വേരൂന്നിയതാണ്, അവിടെ നമ്മൾ ചെറുപ്രായത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ പാതയെ നിർണ്ണയിക്കുന്നു. അതിൽ നിന്നു മാറാതെ ഇറുക്കിപിടിച്ചു നമ്മളും. ഒരൊറ്റ തെറ്റായ തീരുമാനം അനന്തരഫലങ്ങളുടെ ഒരു വെള്ളച്ചാട്ടത്തിലേക്കു നയിച്ചേക്കാം,പിന്നീട് നമ്മുടെ ഗതി മാറ്റാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. ഞാൻ ഇപ്പൊ യാത്ര ചെയ്യുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി പക്ഷേ മനസ്സിൽ ആലോചിച്ചത് ഈ 'Sunk cost fallacy' യെക്കുറിച്ചാണ്. ഈ യാത്ര ഇനി അർത്ഥശൂന്യമാണെങ്കിൽ പോലും, ഇതിനകം ഞാൻ ഈ യാത്രക്ക് വേണ്ടി എത്ര സമയം, പൈസ, ഊർജം എല്ലാം ചിലവാക്കി. ഇങ്ങനെ ചിലവാക്കിയത് ഇനി തിരിച്ചുകിട്ടണമെങ്കിൽ ഈ യാത്ര ഞാൻ തുടരണ്ടേ അല്ലെങ്കിൽ എനിക്കിതൊക്കെ നഷ്ടമല്ലേ എന്ന ചിന്ത എന്നെ വരിഞ്ഞു മുറുക്കി. ട്രെയിൻ നിർത്തിയാലോ, ചങ്ങല വലിച്ചാലോ?
പക്ഷേ അങ്ങനെയെങ്കിൽ എന്‍റെ ഈ യാത്ര തെറ്റായിരുന്നു എന്നല്ലേ അർത്ഥം. അത് ഞാൻ എങ്ങനെ അംഗീകരിക്കും. തുടങ്ങിയത് മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും ഇപ്പൊ എന്നെ മുന്നോട്ട് നയിക്കുന്നത് ഈ യാത്രയല്ലേ.ഇതാണ് വേണ്ടതെന്നു ഞാൻ മറ്റുള്ളവരുടെ മുമ്പിൽ കാണിച്ചു കൊടുത്തു കഴിഞ്ഞു. കുറേ കാലമായി ഈ യാത്രയിലാണ്, കൂടെ കൂടിയവർ എങ്ങെനെ ഇനി മാറും. ഇനി പുതിയ ഒരു യാത്ര ആദ്യം മുതൽ തുടങ്ങുന്നത് എനിക്ക് പരാജയം മാത്രം നൽകിയാലോ. ഈ ഭയമാണ് നമ്മുടെ നിഴലിനെ നമ്മളെ കൊണ്ട് തന്നെ പരാജയത്തിന്റെ ആണി അടിച്ചു ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്.
കാലത്തിന്റെ ഒഴിച്ചുകൂടാനാവാത്ത കടന്നുപോകലിന്റെ ഓർമ്മപ്പെടുത്തലായി ട്രെയിൻ മുന്നോട്ട് തന്നെ കുതിച്ചു. നഷ്ടപ്പെട്ട നിമിഷങ്ങൾ എന്നെന്നേക്കുമായി ഇല്ലാതായി, ഈ യാത്രക്ക് മുമ്പ് ഞാൻ ട്രെയിൻ നമ്പർ രണ്ടുതവണ പരിശോധിച്ചിരുന്നെങ്കിലോ? ഞാൻ നേരത്തെ പോയിരുന്നെങ്കിലോ? 'ഇങ്ങനെ ആയെങ്കിൽ ''ഇത് ചെയ്തിരുന്നെങ്കിൽ ''അവരോടു സംസാരിച്ചിയുന്നെങ്കിൽ ' എന്ന കുറെ 'ആയെങ്കിൽ' ലിൽ മാത്രമായി എന്റെ ജീവിതത്തെ ഞാൻ തളച്ചുകൊണ്ടിരുന്നു.
കുറ്റബോധങ്ങളും ഞാനും ബാക്കിയായി.അത് മറ്റുള്ളവർ അറിയാതെ മനസ്സിന്റെ ഉള്ളറകളിൽ ആയത് കൊണ്ട് സന്തോഷത്തിന്റെ ചാരം എടുത്ത് ഞാൻ മൂടി ഇടുകയും ചെയ്തു. ട്രെയിൻ അവസാന സ്റ്റേഷനുകളിലേക്ക് അടുത്ത് കൊണ്ടിരുന്നു. ഉറക്കെ ഉള്ള ലൗഡ്സ്പീകറിലൂടെ ഇനി വരാൻ ബാക്കിയുള്ള സ്റ്റേഷനുകൾ കുറവാണെന്നു എനിക്ക് മനസ്സിലായി. എന്റെ ലക്ഷ്യസ്ഥാനത്തു നിന്ന് ഞാൻ വളരെയധികം വ്യതിചലിച്ചിരിക്കുന്നു. ഇനി കാര്യമില്ല. തെറ്റായ സ്റ്റേഷൻ എത്താറായി.മുമ്പേ ആലോചിക്കണമായിരുന്നു. ഒടുവിൽ ട്രെയിൻ പതുക്കെ അടുത്ത സ്റ്റേഷനിൽ നിർത്തിയപ്പോളാണ് എനിക്ക് ഇനിയും യാത്ര ചെയ്യാൻ ബാക്കിയുണ്ടെന്ന ബോധം എനിക്ക് വന്നത്. എന്റെ മുമ്പിൽ ഇനിയും വഴി ബാക്കിയുണ്ട്.
ഇവിടെ ഇറങ്ങുക പുതുതായി എന്റെ ദിശയിലേക്കുള്ള യാത്ര തുടങ്ങുക. അല്ലെങ്കിൽ തെറ്റായ പാതയിൽ തന്നെ തുടരുക. ഇറങ്ങാൻ മറന്ന് സ്റ്റേഷനുകളെ ഉപേക്ഷിച്ചു ഇവിടെയെങ്കിലും എനിക്ക്‌ഇറങ്ങാം. ഇതാണോ ശരി. ജീവിതം തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരയാണ്, ഓരോന്നിനും അതിന്റേതായ അനന്തരഫലങ്ങളുണ്ട് എന്നതിന്റെ ഹൃദയസ്പർശിയായ ഓർമപ്പെടുത്തലായിരുന്നു അത്. ഉറച്ച തീരുമാനമെടുത്തു ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങി, ഒരു പുതിയ ലക്ഷ്യസ്ഥാനത്തിന്റെ അനിശ്ചിതത്വത്തിലേക്ക് യാത്രയാരഭിച്ചു. ഞാൻ ഉദ്ദേശിച്ച സ്ഥലത്തല്ല ഇറങ്ങിയത് മറിച്ച് ഞാൻ എവിടെയായിരുന്നോ ഈ നിമിഷം അവിടെക്കാണ് ഞാൻ ട്രെയിൻ ഇറങ്ങിയത്. തെറ്റായ ട്രെയിൻ ചിലപ്പോൾ അപ്രതീക്ഷിത സ്ഥലത്തേക്കാണ്,അവസരങ്ങളിലേക്കാകാം നമ്മെ നയിക്കുന്നത്.
നമ്മൾ വിചാരിച്ച ലക്ഷ്യത്തിലേക്ക് എത്താൻ ഉള്ള വെമ്പലിൽ നമ്മൾ നടത്തുന്ന ഈ യാത്ര അതാണ് യഥാർത്ഥ ലക്ഷ്യം എന്ന് പലപ്പോഴും മറന്നു പോകുന്നു.ആത്യന്തികമായി, തെറ്റായ ട്രെയിനിൽ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചല്ല, മറിച്ച് യാത്ര എവിടേക്ക് നയിച്ചാലും അതിനെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. വഴിതിരിച്ചുവിടലുകളിലും നമ്മുടെ തെറ്റുകളിലുമാണ് നമ്മൾ പുതിയ പാതകളും, പുതിയ കാഴ്ചപ്പാടുകളും, നമ്മുടെ പുതിയ പതിപ്പുകളും കണ്ടെത്തുന്നത്. തെറ്റായ ട്രെയിനുകളുടെ ജനലിലൂടെ നമ്മൾ കാണുന്ന കാഴ്ചകൾ വളരെ മനോഹരമായിരിക്കാം, നമ്മൾ കണ്ടുമുട്ടുന്നവർ, ഇത് പോലെ തെറ്റി ട്രെയിൻ കയറിയവർ അവർ കൂടി ചേർന്നാണ് നമ്മുടെ യാത്ര മനോഹരമാക്കുന്നത്.
പാട്ട് പാടിയും, നല്ല ഭക്ഷണം കഴിച്ചും, കൂട്ടുകൂടിയും ആർത്തുല്ലസിച്ചു നടുത്തുന്ന ട്രെയിൻ സവാരിയാണ് നമ്മൾ എത്തുന്ന ലക്ഷത്തിന്റെ മാറ്റ് കൂട്ടുന്നത്. അതുകൊണ്ട് ഈ നിമിഷം മുതലെങ്കിലും ഇനി മുന്നോട്ടുള്ള യാത്ര ആസ്വദിക്കുക തെറ്റായ ട്രെയിൻ ആണെങ്കിൽ വരെ.പുതിയ ലക്ഷ്യങ്ങൾ ഉണ്ടാവാം എന്നും അതു സ്വന്തം ഇഷ്ടം അനുസരിച്ചു തിരഞ്ഞെടുക്കാനും കുറ്റബോധത്തിന്റെ വിഴുപ്പ്കെട്ട് ഉപേക്ഷിക്കാനും അവിടെ എത്തിച്ചേരുമ്പോൾ ഓർത്തെടുക്കാൻ ഒരുപിടി നല്ല ഓർമകളും നമ്മുക്ക് ഈ യാത്രയിൽ ഈ നിമിഷം മുതൽ സൃഷ്ടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

