ശരീരത്തെപ്പോലെ മനസ്സിനെയും പരിപാലിക്കുന്നുണ്ടോ?
text_fieldsതിരക്കേറിയ ജീവിതശൈലി പിന്തുടരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. സർവ്വവും ഡിജിറ്റലായ ആധുനിക യുഗത്തിലെ ഏറ്റവും സാധാരണമായ വെല്ലുവിളികളിൽ ഒന്നാണ് സമ്മർദ്ദം. ഈ വർഷം നവംബർ മൂന്ന് മുതൽ ഏഴ് വരെയാണ് അന്താരാഷ്ട്ര സമ്മർദ്ദ അവബോധ വാരമായി ആചരിക്കുന്നത്.
നമ്മുടെ മാനസിക ക്ഷേമം നിലർത്താനും പരിപാലിക്കാനുമുള്ള ഒരു ആഗോള ഓർമ്മപ്പെടുത്തലായി ഈ വാരാചരണം വർത്തിക്കുന്നു. സമ്മർദ്ദത്തെ ചുറ്റിപ്പറ്റിയുള്ള മുൻവിധികൾ വെടിഞ്ഞ് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുക എന്നതാണ് ലക്ഷ്യം.
സമ്മർദ്ദം
ജീവിതത്തിലെ വെല്ലുവിളികളോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് സമ്മർദ്ദം. ഇത് ശാരീരിക മാനസിക വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു. ഒരു പരിദ്ധി വരെയുള്ള സമ്മർദ്ദം ആരോഗ്യകരമാണ്. ലക്ഷ്യങ്ങൾ കൈവരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ജാഗ്രത പാലിക്കാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.
എന്നാൽ നിയന്ത്രണാതീതവും പതിവായി അനുഭവപ്പെടുകയും ചെയ്യുന്ന സമ്മർദ്ദം മനസ്സിനെയും ശരീരത്തെയും ബാധിക്കാൻ തുടങ്ങും. ക്ഷീണം, ഉറക്ക പ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഏകാഗ്രത നഷ്ടപ്പെടൽ, തലവേദന, ഉത്കണ്ഠ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വിട്ടുമാറാത്ത സമ്മർദ്ദം കാലക്രമേണ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വിഷാദം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
അക്കാദമിക് സമ്മർദ്ദം, ജോലി സമ്മർദ്ദം, സാമ്പത്തിക ആശങ്കകൾ, കുടുംബ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ കാരണങ്ങൾ പ്രായഭേദമന്യേ പലരെയും സമ്മർദ്ദത്തിലാക്കുന്നു. ഉറങ്ങുന്നതിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലോ ബുദ്ധിമുട്ട്, കഴുത്ത് വേദന, നടുവേദന, തലവേദന, വൈകാരിക ക്ഷോഭം, പതിവ് ഉത്കണ്ഠ, ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ നിങ്ങൾക്ക് സമ്മർദ്ദം ഉണ്ട് എന്നതിന്‍റെ ലക്ഷണങ്ങളാവാം. ഇവയെ കുറിച്ച് നേരത്തെ അറിയുന്നത് വേഗത്തിലുള്ള രോഗ മുക്തിക്ക് സഹായിക്കും.
എങ്ങനെ അതിജീവിക്കാം
- സമ്മർദ്ദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക.
- സമ്മർദ്ദത്തെ തരണം ചെയ്യാൻ കഴിയുന്ന മാർഗങ്ങൾ പരിശീലിക്കുക
- മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ വിദഗ്ധരുടെ സഹായം തേടുക.
- ആരോഗ്യകരമായ ജോലിസ്ഥലങ്ങളും സാമൂഹിക അന്തരീക്ഷങ്ങളും സൃഷ്ടിക്കുക.
ലളിതമായി നിയന്ത്രിക്കാം
- നല്ല ഉറക്ക ശീലം പിന്തുടരുക - ഉറങ്ങുന്നതിലും ഉണരുന്നതിലും കൃത്യത പാലിക്കുക. ഗുണനിലവാരമുള്ള ഉറക്കമാണ് മനസ്സിന്റെ ഏറ്റവും മികച്ച റീസെറ്റ് ബട്ടൺ.
- ശാരീരികമായി സജീവമായിരിക്കുക - നടത്തം, യോഗ, ലളിതമായ വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം കുറക്കുന്ന എൻഡോർഫിനുകളെ പുറത്തുവിടുന്നു.
- ശ്വസന വ്യായാമങ്ങൾ - കുറച്ച് മിനിറ്റ് ശ്രദ്ധയോടെയുള്ള ശ്വസനം നിങ്ങളുടെ ശരീരത്തെ ശാന്തമാക്കും.
- സ്ക്രീൻ സമയം പരിമിതപ്പെടുത്തുക - കുറഞ്ഞ സമയത്തിൽ വളരെയധികം വിവരങ്ങൾ ലഭിക്കുന്നത് തലച്ചോറിനെ ക്ഷീണിപ്പിക്കും.
- സാമൂഹിക ഇടപെടൽ - കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തുറന്ന് സംസാരിക്കുന്നത് വൈകാരിക ഭാരങ്ങൾ ലഘൂകരിക്കും.
- ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക - ഒരു കൗൺസിലറുമായോ തെറാപ്പിസ്റ്റുമായോ സംസാരിക്കുന്നത് കൂടുതൽ സഹായകമാവും
സമ്മർദ്ദം ജീവിതത്തിന്റെ ഒരു ഭാഗമാണ്. പക്ഷേ അത് ഒരിക്കലും നമ്മുടെ ശാരീരിക വൈകാരിക ആരോഗ്യത്തെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

