പെട്ടെന്ന് ഞെട്ടി ഉണരുന്നു, ഉയരത്തിൽ നിന്ന് വീഴുന്നതുപോലെയുള്ള അനുഭവം; എന്താണ് 'ഹിപ്നിക് ജർക്ക്'?
text_fieldsഉറക്കത്തിലേക്ക് വഴുതി വീഴുന്ന വേളയിൽ പെട്ടെന്ന് താഴേക്ക് വീഴുന്നതുപോലെ ഒരു തോന്നൽ അനുഭവപ്പെട്ടിട്ടുണ്ടോ? ഉടൻതന്നെ ശരീരം ശക്തമായി ഒന്ന് വിറക്കുകയും ഞെട്ടി ഉണരുകയും ചെയ്യും. വാസ്തവത്തിൽ ഇവിടെ അപകടകരമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും ആ നിമിഷം നമ്മുടെ ഹൃദയമിടിപ്പ് വർധിക്കുകയും അഡ്രിനാലിൻ ഹോർമോൺ ശരീരത്തിൽ കുതിച്ചുയരുകയും ചെയ്യുന്നു.
എല്ലാവർക്കും ഇടക്കൊക്കെ ഇത്തരം വിചിത്ര സ്വപ്നങ്ങൾ ഉണ്ടാകാറുള്ളതാണ്. ഇത് സാധാരണമാണ് എന്ന് പറഞ്ഞ് പലരും ഇതിനെ നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ ഈ അനുഭവം നമ്മുടെ ശരീരം എങ്ങനെയാണ് ഉണർന്നിരിക്കുന്ന അവസ്ഥയിൽ നിന്നും ഉറക്കത്തിലേക്ക് മാറുന്നത് എന്നതിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചുതരുന്നുണ്ട്. ഉറക്കത്തിന്റെ ആദ്യഘട്ടങ്ങളിൽ നമ്മുടെ ഉള്ളിൽ സജീവമാകുന്ന നാഡീസംബന്ധമായ പ്രതിപ്രവർത്തനങ്ങളെയാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത്.
ഹിപ്നിക് ജർക്ക്
നമ്മുടെ ശരീരം ഉറക്കത്തിലേക്ക് കടക്കുന്ന വേളയിൽ പേശികളിലുണ്ടാകുന്ന അനിയന്ത്രിതമായ ചലനങ്ങളെയാണ് 'ഹിപ്നിക് ജർക്ക്' അല്ലെങ്കിൽ 'സ്ലീപ്പ് സ്റ്റാർട്ട്സ്' എന്ന് വിളിക്കുന്നത്. ലോസ് ഏഞ്ചൽസിലെ അനസ്‌തറ്റിസ്റ്റ് ഡോ. മൈറോ ഫിഗുറയുടെ അഭിപ്രായത്തിൽ ഉറക്കത്തിന്റെ ഭാഗമായി പേശികൾ സ്വാഭാവികമായി അയയുന്നത് നാം എവിടെനിന്നോ വീഴുകയാണെന്ന് മസ്തിഷ്കം തെറ്റായി ധരിക്കുന്നു. ഈ വീഴ്ചയിൽ നിന്ന് ശരീരത്തെ രക്ഷിക്കാനായി മസ്തിഷ്കം അയക്കുന്ന പെട്ടെന്നുള്ള സന്ദേശമാണ് ഈ ഞെട്ടലിന് കാരണം.
പ്രധാന കാരണങ്ങൾ
ക്രമമല്ലാത്ത ഉറക്കശീലങ്ങൾ: കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ ബാധിക്കുന്നു.
ജെറ്റ് ലാഗ് അല്ലെങ്കിൽ ഷിഫ്റ്റ് വർക്ക്: യാത്രകൾ മൂലമോ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതുകൊണ്ടോ ഉറക്കത്തിന് തടസ്സം വരുന്നത്.
സിർക്കാഡിയൻ റിഥം തകരാറുകൾ: ശരീരത്തിന്റെ ആന്തരിക ഘടികാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ.
മാനസിക സമ്മർദവും അമിത ചിന്തയും: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുകയോ മസ്തിഷ്കം അമിതമായി ഉത്തേജിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്നത്.
ഉറക്കത്തിനിടയിൽ പേശികളിലുണ്ടാകുന്ന ഇത്തരം ചെറിയ ചലനങ്ങളെ 'സ്ലീപ്പ് മയോക്ലോണസ്' എന്ന് വിളിക്കുന്നു. നാം സാധാരണ അനുഭവിക്കുന്ന 'ഹിക്കപ്പ്സ്' (വിക്കൽ) പോലും മയോക്ലോണസിന്റെ ഒരു രൂപമാണ്. ഇത് അനുഭവപ്പെടുമ്പോൾ ഭയം തോന്നുമെങ്കിലും ഇവ പൂർണ്ണമായും നിരുപദ്രവകാരികളാണ്. 2016ൽ സ്ലീപ്പ് മെഡിസിൻ എന്ന ജേണലിൽ വന്ന പഠനമനുസരിച്ച് 60 മുതൽ 70 ശതമാനം ആളുകൾക്കും ഇത് അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും ഉറക്കത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത് ഉണ്ടാകുന്നത്. എന്നാൽ 'ക്വയറ്റ് വേക്ക്ഫുൾനെസ്' എന്ന പൂർണ്ണമായി ഉറങ്ങാത്ത അവസ്ഥയിലും ഇത് സംഭവിക്കാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
എപ്പോഴാണ് പ്രശ്നമാകുന്നത്?
സാധാരണയായി കുട്ടികളേക്കാൾ മുതിർന്നവരിലാണ് ഹിപ്നിക് ജർക്കുകൾ കൂടുതലായി കണ്ടുവരുന്നത്. എപ്പോഴെങ്കിലും സംഭവിക്കുന്ന ഇത്തരം ഞെട്ടലുകൾ അപകടകാരിയല്ല.
സ്ഥിരമായി സംഭവിക്കുക: എല്ലാ രാത്രിയിലുമോ അല്ലെങ്കിൽ ഒരു രാത്രിയിൽ തന്നെ പല തവണയോ ഇത് ഉണ്ടാകുന്നുണ്ടെങ്കിൽ
ഉറക്കം തടസ്സപ്പെടുക: ഞെട്ടലുകൾ കാരണം ഉറങ്ങാൻ സാധിക്കാതെ വരികയോ, ഇൻസോമ്നിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്താൽ
അമിത ക്ഷീണം: ആവശ്യത്തിന് ഉറങ്ങിയാലും പകൽ മുഴുവൻ കടുത്ത ക്ഷീണം അനുഭവപ്പെടുക
ഇത്തരം ലക്ഷണങ്ങൾ സ്ഥിരമാകുന്നതിന് മുമ്പ് തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. ഹിപ്നിക് ജർക്കുകൾ പൂർണ്ണമായും തടയാൻ കൃത്യമായ മരുന്നുകളൊന്നുമില്ലെങ്കിലും, നല്ല ഉറക്കശീലങ്ങളിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഇവയുടെ തീവ്രത കുറക്കാൻ സാധിക്കും.
എന്തൊക്കെ ചെയ്യാം
കൃത്യമായ ഉറക്കസമയം: ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഒരേ സമയത്ത് ഉണരാനും ശീലിക്കുക. ഇത് ശരീരത്തിന്‍റെ ആന്തരിക ഘടികാരത്തെ ക്രമപ്പെടുത്താൻ സഹായിക്കും.
ലഹരിപദാർത്ഥങ്ങൾ നിയന്ത്രിക്കുക: ചായ, കാപ്പി (കഫീൻ), പുകയില (നിക്കോട്ടിൻ) എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും ഇവ ഒഴിവാക്കുന്നത് ഉചിതമാണ്.
മാനസിക സമ്മർദം കുറക്കുക: മെഡിറ്റേഷൻ (ധ്യാനം), ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങൾ, ആഴത്തിലുള്ള ശ്വസനം എന്നിവയിലൂടെ മനസ്സിനെ ശാന്തമാക്കുക.
ഉറക്കത്തിന് മുമ്പുള്ള ചിട്ടകൾ: ഉറങ്ങാൻ സമയമായെന്ന് ശരീരത്തിന് സൂചന നൽകാനായി ലൈറ്റുകൾ അണക്കുകയോ കുറക്കുകയോ ചെയ്യുക, മെല്ലെയുള്ള സംഗീതം കേൾക്കുക, അല്ലെങ്കിൽ ലഘുവായ യോഗ ശീലിക്കുക.
ഫോൺ ഉപയോഗം ഒഴിവാക്കുക: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം, കടുത്ത വെളിച്ചം, അമിതമായ ചിന്തകൾ എന്നിവ ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

