ഉറക്കം കുറവാണോ? ഇടക്ക് വെച്ച് എഴുന്നേൽക്കാറുണ്ടോ? കാൻസറിനുള്ള സാധ്യത കൂടുതൽ
text_fieldsവേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ കാൻസർ വരുമോ? ഉറക്കവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മണിപ്പാൽ ഹോസ്പിറ്റൽ ഗോവയിലെ കൺസൾട്ടന്‍റ്, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ശ്രീധരൻ എം. വിശദീകരിക്കുന്നു. ഉറക്കക്കുറവ് അഥവാ ഉറക്കത്തിന്റെ നിലവാരമില്ലായ്മ കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ കാരണമായേക്കാം എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഹോർമോണാണ് മെലാടോണിൻ. ഇത് രാത്രിയിൽ മാത്രമാണ് ശരീരം ഉത്പാദിപ്പിക്കുന്നത്. മെലാടോണിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും, ട്യൂമർ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു.
രാത്രിയിൽ ഇടക്കിടെ എഴുന്നേൽക്കുകയോ, മൊബൈൽ ഫോൺ പോലുള്ള പ്രകാശമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് മെലാടോണിൻ ഉത്പാദനം കുറക്കുന്നു. ഇത് കാൻസറിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറക്കുന്നു. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിൽ വിട്ടുമാറാത്ത വീക്കം വർധിപ്പിക്കും. ഈ വിട്ടുമാറാത്ത വീക്കം കാൻസർ കോശങ്ങളുടെ വളർച്ചക്ക് കാരണമാകുന്നു. മതിയായ ഉറക്കം ലഭിക്കുമ്പോൾ മാത്രമാണ് ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ശരിയായി പ്രവർത്തിക്കുന്നത്. ഉറക്കമില്ലായ്മ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും, അസാധാരണമായ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് കുറക്കുകയും ചെയ്യും. ഉറക്കമില്ലായ്മ കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില വർധിപ്പിക്കുകയും, ഇത് കാൻസർ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യാം.
രാത്രിയിൽ ഇടക്ക് വെച്ച് എഴുന്നേൽക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് പ്രത്യേകിച്ചും സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടലിലെ കാൻസർ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എങ്കിലും ഉറക്കക്കുറവ് മാത്രം കാൻസറിന് കാരണമാകില്ല. മറിച്ച്, ഇത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും മറ്റ് അപകടസാധ്യത ഘടകങ്ങൾക്കൊപ്പം കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യാം.
2007ൽ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ശരീരത്തിന്‍റെ ജൈവഘടികാരത്തെ തടസ്സപ്പെടുത്തുന്ന ഷിഫ്റ്റ് ജോലിയെ മനുഷ്യ കാർസിനോജനായി വർഗ്ഗീകരിച്ചിരുന്നു. മൃഗങ്ങളിലും മനുഷ്യരിലുമുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. ഹോർമോൺ ഉത്പാദനം, കോശങ്ങളുടെ വളർച്ച, പ്രതിരോധ സംവിധാനം എന്നിവയെ നിയന്ത്രിക്കുന്ന 24 മണിക്കൂറുള്ള ഒരു ജൈവഘടികാരം നമ്മുടെ ശരീരത്തിലുണ്ട്. രാത്രി വൈകിയുള്ള ഉറക്കം, ഉറക്കസമയം മാറ്റുന്നത്, രാത്രികാലങ്ങളിൽ വെളിച്ചം ഏൽക്കുന്നത് എന്നിവ ഈ ഘടികാരത്തെ താളം തെറ്റിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

