Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകാൽസ്യം കഴിക്കുന്നത്...

കാൽസ്യം കഴിക്കുന്നത് കൊണ്ടാണോ വൃക്കയിൽ കല്ലുണ്ടാകുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
കാൽസ്യം കഴിക്കുന്നത് കൊണ്ടാണോ വൃക്കയിൽ കല്ലുണ്ടാകുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

വൃക്കയിലെ കല്ലുകൾ അഥവാ മൂത്രക്കല്ല് ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മൂത്രത്തിലെ കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ കട്ടപിടിച്ച് മാറുന്നതാണ് ഇതിന് കാരണം. കല്ല് വൃക്കയിൽ നിന്ന് മൂത്രനാളിയിലേക്ക് ഇറങ്ങുമ്പോഴാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. പുറകിലോ വശങ്ങളിലോ വാരിയെല്ലുകൾക്ക് താഴെയോ തുടങ്ങുന്ന വേദന അടിവയറ്റിലേക്കും ഞരമ്പിലേക്കും പടരാം. മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ അനുഭവപ്പെടുക, മൂത്രത്തിന് പിങ്ക്, ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറം ഉണ്ടാവുക, ഓക്കാനം, ഛർദ്ദി, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, പനിയും വിറയലും ഇതൊക്കെ പ്രധാന ലക്ഷണങ്ങൾ.

നിർജ്ജലീകരണം, ഉപ്പ്, മാംസാഹാരം, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം, പാരമ്പര്യം,അമിതവണ്ണം, ജീവിതശൈലി എന്നിവയൊക്കെ കല്ലുകൾ ഉണ്ടാകാനുള്ള കാരണങ്ങളാണ്. വ്യായാമക്കുറവും ശരീരഭാരം കൂടുന്നതും ഈ സാധ്യത വർധിപ്പിക്കുന്നു. വൃക്കയിലെ കല്ലുകൾ വരുന്നത് തടയാൻ പ്രധാനമായും ഭക്ഷണരീതിയിലും ജീവിതശൈലിയിലുമാണ് മാറ്റങ്ങൾ വരുത്തേണ്ടത്.

1. ധാരാളം വെള്ളം കുടിക്കുക

ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. മൂത്രത്തിൽ കല്ലുണ്ടാക്കാൻ കാരണമാകുന്ന കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവയെ ലയിപ്പിച്ചു കളയാൻ വെള്ളം സഹായിക്കുന്നു. വെള്ളം കുറയുമ്പോൾ മൂത്രം കടുപ്പമുള്ളതാവുകയും ഈ ലവണങ്ങൾ കട്ടപിടിച്ച് കല്ലുകളാവുകയും ചെയ്യുന്നു. ദിവസവും ചുരുങ്ങിയത് 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കുക. മൂത്രം തെളിഞ്ഞ നിറത്തിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് ലവണങ്ങൾ അടിഞ്ഞുകൂടി കല്ലുണ്ടാകുന്നത് തടയുന്നു.

2. ഉപ്പിന്റെ ഉപയോഗം കുറക്കുക

അമിതമായി ഉപ്പ് കഴിക്കുമ്പോൾ, വൃക്കകൾക്ക് കൂടുതൽ സോഡിയം മൂത്രത്തിലൂടെ പുറന്തള്ളേണ്ടി വരുന്നു. സോഡിയം പുറത്തുപോകുമ്പോൾ അതിനോടൊപ്പം കാൽസ്യത്തെയും വലിച്ചുകൊണ്ടുപോകുന്നു. മൂത്രത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുന്നത് ഓക്സലേറ്റുമായി ചേർന്ന് കല്ലുകൾ രൂപപ്പെടാൻ കാരണമാകുന്നു. വൃക്കയിലെ കല്ലുകൾ തടയുന്നതിൽ ഉപ്പ് നിയന്ത്രിക്കുക എന്നത് വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ്. ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ അത് മൂത്രത്തിലൂടെ കാൽസ്യം കൂടുതൽ പുറന്തള്ളാൻ കാരണമാകും. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ടിന്നിലടച്ച ഭക്ഷണങ്ങൾ, അച്ചാറുകൾ, പാക്കറ്റ് സ്നാക്സ് എന്നിവ ഒഴിവാക്കുക.

3. നാരങ്ങാവെള്ളം ശീലമാക്കുക

വൃക്കയിലെ കല്ലുകൾ തടയാൻ പ്രകൃതിദത്തമായ ഏറ്റവും മികച്ച വഴികളിലൊന്നാണ് നാരങ്ങാവെള്ളം. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രേറ്റ് കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ എഴുന്നേറ്റ ഉടൻ നേരിയ ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കിഡ്‌നി ശുദ്ധീകരിക്കാൻ സഹായിക്കും.

4. ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക

വൃക്കയിലെ കല്ലുകളിൽ ഭൂരിഭാഗവും കാൽസ്യം ഓക്സലേറ്റ് (Calcium Oxalate) വിഭാഗത്തിൽപ്പെട്ടവയാണ്. ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഓക്സലേറ്റ് മൂത്രത്തിലെ കാൽസ്യവുമായി ചേർന്ന് കല്ലുകളായി മാറുന്നു. അതിനാൽ കല്ല് വരാൻ സാധ്യതയുള്ളവർ ഓക്സലേറ്റ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ചീര, ബീറ്റ്റൂട്ട്, കശുവണ്ടി, ബദാം, ചോക്ലേറ്റ്, കടും ചായ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കണം

5. മാംസാഹാരം കുറക്കുക

റെഡ് മീറ്റ് (പോത്തിറച്ചി, ആട്ടിറച്ചി), മുട്ട, സമുദ്രവിഭവങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് കൂടാൻ കാരണമാകും. ഇത് യൂറിക് ആസിഡ് കല്ലുകൾക്ക് വഴിവെക്കും. മാംസാഹാരത്തിൽ പ്യൂറൈൻ എന്ന ഘടകം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വെച്ച് തകരുമ്പോൾ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നു. മൂത്രത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ അത് കല്ലുകളായി മാറാൻ സാധ്യതയുണ്ട്.

6. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

പലരും തെറ്റിദ്ധരിക്കുന്നത് കാൽസ്യം കഴിക്കുന്നത് കൊണ്ടാണ് കല്ലുണ്ടാകുന്നത് എന്നാണ്. എന്നാൽ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാൽസ്യം (പാൽ, തൈര് എന്നിവ) കല്ലുണ്ടാകുന്നത് തടയുകയാണ് ചെയ്യുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാൽസ്യം ആമാശയത്തിലും കുടലിലും വെച്ച് ഓക്സലേറ്റുമായി (Oxalate) കൂടിച്ചേരുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ഓക്സലേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന് പകരം മലത്തിലൂടെ ശരീരത്തിന് പുറത്തേക്ക് പോകുന്നു. കാൽസ്യം കുറവായാൽ, ഓക്സലേറ്റ് രക്തത്തിൽ കലരുകയും അത് വൃക്കയിലെത്തി കല്ലുകളായി മാറുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കണം.

7. ശരീരഭാരം നിയന്ത്രിക്കുക

അമിതവണ്ണമുള്ളവർക്ക് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കുക. അമിതവണ്ണമുള്ളവരുടെ മൂത്രത്തിൽ ആസിഡിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. ഇത് യൂറിക് ആസിഡ് കല്ലുകളും കാൽസ്യം കല്ലുകളും ഉണ്ടാകാൻ കാരണമാകുന്നു. ശരീരഭാരം കൂടുമ്പോൾ ഇൻസുലിന്റെ പ്രവർത്തനം മന്ദഗതിയിലാകാം. ഇത് മൂത്രത്തിലൂടെ കൂടുതൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കുകയും കല്ലുണ്ടാകാൻ സാധ്യത കൂട്ടുകയും ചെയ്യുന്നു. നേരത്തെ കിഡ്‌നി സ്റ്റോൺ വന്നിട്ടുണ്ടെങ്കിൽ, അത് ഏത് തരത്തിലുള്ള കല്ലായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതാണ്. അതനുസരിച്ച് ഭക്ഷണക്രമത്തിൽ കൂടുതൽ കൃത്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsHealth Alertkidney stonesdehydration
News Summary - Does consuming calcium cause kidney stones
Next Story