വൃക്കയിൽ കല്ലുള്ളവർ പാഷൻ ഫ്രൂട്ട് കഴിച്ചാൽ...
text_fieldsനമ്മുടെ നാട്ടിൽ സുലഭമായ ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് ആരാധകർ ഏറെയുണ്ട്. അതിന്റെ പുളിയും മധുരവും കലർന്ന രുചിയും, ഒപ്പം അതിശയകരമായ ആരോഗ്യ ഗുണങ്ങളും തന്നെയാണ് ആളുകൾ ഇതിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. തെക്കേ അമേരിക്കയാണ് പാഷൻ ഫ്രൂട്ടിന്റെ ജന്മദേശം. പ്രത്യേകിച്ച് ബ്രസീൽ, പരാഗ്വേ, വടക്കൻ അർജന്റീന തുടങ്ങിയ പ്രദേശങ്ങൾ. പാഷൻ ഫ്രൂട്ട് പ്രധാനമായും പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പോളിഫെനോളുകൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി യുടെ നല്ല ഉറവിടമായതിനാൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് സഹായിക്കും. ഉയർന്ന അളവിൽ ഭക്ഷ്യനാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നാരുകൾ, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കൊളസ്ട്രോൾ കുറക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നു. ഇതിൽ സോഡിയം വളരെ കുറവാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്. പാഷൻ ഫ്രൂട്ടിൽ 76 ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു.
100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ്. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, സെറാടോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ സംയുക്തങ്ങൾ മാനസിക സമ്മർദവും ഉത്കണ്ഠയും കുറക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല ഉറക്കം ലഭിക്കാനും ഗുണകരമാണ്. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. പാഷൻ ഫ്രൂട്ട് പൊതുവെ ആരോഗ്യകരമാണെങ്കിലും ചില ആളുകളിൽ ഇത് അലർജിക്ക് കാരണമാവാം. പാഷൻ ഫ്രൂട്ടിൽ ഓക്സലേറ്ററുകൾ അടങ്ങിയിട്ടുണ്ട്. വൃക്കരോഗ സാധ്യതയുള്ളവരോ, വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുള്ളവരോ ഇത് കൂടുതൽ കഴിക്കുന്നത് ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

