രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാറുണ്ടോ? അറിയാം ആരോഗ്യഗുണങ്ങൾ
text_fieldsരാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. എന്നാൽ നാരങ്ങാനീര് കൂടി ചേർത്ത വെള്ളം കുടിച്ചാലോ? ഇത് ജലാംശത്തിന് പുറമേ ശരീരത്തിന് വിറ്റമിൻ സി കൂടി നൽകുന്നു. അതുവഴി രോഗപ്രതിരോധത്തിനും സഹായിക്കുന്നു. വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജലാംശം നൽകുന്നു.
കൂടാതെ ദഹനത്തെ സഹായിക്കുകയും ശരീരത്തിൽ കാലക്രമേണ അടിഞ്ഞു കൂടുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ ഉറക്കമുണർന്ന ശേഷം നാരങ്ങാവെള്ളം കുടിക്കുന്നവരിൽ ദഹന പ്രശ്നങ്ങൾ കുറവുണ്ടായതായി ദ ഇന്ത്യൻ ജേണൽ ഓഫ് പബ്ലിക് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. പൂണെയിലെ ഐ.ടി ജീവനക്കാരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇളം ചൂട് വെള്ളത്തിലായിരിക്കണം നാരങ്ങ നീര് ചേർക്കേണ്ടത്.
എലികളിൽ നടത്തിയ ഒരു പഠനത്തിൽ, കരളിലെ തകരാറുകൾ ഒരു പരിധിവരെ നാരങ്ങാനീര് കഴിക്കുന്നത് വഴി പരിഹരിക്കാനാവുന്നുണ്ടെന്ന് പറയുന്നു. കാരണം നാരങ്ങാ നീര് നൽകിയ എലികളിൽ കരൾ തകരാറിന്‍റെ ലക്ഷണങ്ങൾ കുറവായിരുന്നു. നാരങ്ങാനീര് കഴിക്കാത്ത എലികളെ അപേക്ഷിച്ച് നാരങ്ങാനീര് നൽകിയവയുടെ കരൾ കോശങ്ങൾ കൂടുതൽ ആരോഗ്യത്തോടെ കാണപ്പെട്ടു. നാരങ്ങാനീര് ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമാണ്. ഇത് കരളിനെ സമ്മർദങ്ങളിൽ നിന്നും മറ്റ് തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
നാരങ്ങാവെള്ളത്തിലെ വിറ്റമിൻ സിയുടെ അളവ്
വിറ്റമിൻ സിക്ക് ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രതിരോധശക്തി വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് അതത് കാലാവസ്ഥകളിൽ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങൾക്കെതിരെ പ്രകൃതിദത്ത കവചമായി മാറുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്‍റെ കണ്ടെത്തലിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ 10.6 ശതമാനം കലോറി, 21 ശതമാനം വിറ്റമിൻ സി, രണ്ട് ശതമാനം ഫോളേറ്റ്, ഒരു ശതമാനം വീതം പൊട്ടാസ്യം, വിറ്റമിൻ ബി1, വിറ്റമിൻ ബി5 എന്നിവയും 0.5 ശതമാനം വിറ്റമിൻ ബി2വും അടങ്ങിയിരിക്കുന്നു.
നാരങ്ങാവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ നാരങ്ങാവെള്ളത്തിന്‍റെ അതേ ഗുണങ്ങൾ വിറ്റാമിൻ സി സപ്ലിമെന്റുകൾ നൽകുമെന്നതിന് പരിമിതമായ തെളിവുകളേ ഉള്ളൂ. നാരങ്ങാവെള്ളം പതിവായി കഴിക്കുന്നത് വിറ്റാമിൻ സിയുടെ അളവ് വർധിപ്പിക്കുമെന്നതിന് തെളിവുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

