മരണപ്പെട്ടവന്റെ ചെരിപ്പുകൾ

അനാഥമായി കിടക്കുന്നു. മരണപ്പെട്ടവന്റെ ചെരിപ്പുകൾ. ജീവിതം സുഷിരങ്ങളിട്ട ഒരു രാജ്യത്തിന്റെ ഭൂപടം അതിൽ തെളിഞ്ഞു കാണാം. പൊള്ളിയ വെയിലായി, നഗരങ്ങളിലെ പായുന്ന ഇരുമ്പ് ചക്രങ്ങളായി, തിരക്കിന്റെ വൈദ്യുതാലിംഗനങ്ങളിൽ നടന്നുതേഞ്ഞ ദൂരങ്ങൾപോലെ അവന്റെ മുഖം അതിൽ പ്രതിബിംബിക്കുന്നുണ്ടാവും. അവൻ നടന്ന മുറ്റത്ത് അവന്റെ നിഴൽ ചെരിപ്പിടുന്നുണ്ടാവുമോ? വഴികളിൽ, നിമിഷങ്ങൾ കുമിളകളായ് വിതിർന്ന് പൊട്ടുന്ന കടവുകളിൽ, കാറ്റു തോണ്ടി വിളിക്കാറുള്ള മരച്ചുവട്ടിൽ കരിയിലകൾ പര പര ശബ്ദത്തിലൊഴുകുന്ന പ്രതലങ്ങളിൽ, പള്ളിയിൽ, അങ്ങാടിയിൽ, കൂട്ടുകാർ ആത്മാവുകൊണ്ട് സ്നേഹം കൊരുക്കുന്ന സായന്തനങ്ങളിൽ ഉറക്കത്തെ...
Your Subscription Supports Independent Journalism
View Plansഅനാഥമായി കിടക്കുന്നു.
മരണപ്പെട്ടവന്റെ ചെരിപ്പുകൾ.
ജീവിതം സുഷിരങ്ങളിട്ട
ഒരു രാജ്യത്തിന്റെ ഭൂപടം
അതിൽ തെളിഞ്ഞു കാണാം.
പൊള്ളിയ വെയിലായി,
നഗരങ്ങളിലെ പായുന്ന ഇരുമ്പ് ചക്രങ്ങളായി,
തിരക്കിന്റെ വൈദ്യുതാലിംഗനങ്ങളിൽ
നടന്നുതേഞ്ഞ ദൂരങ്ങൾപോലെ
അവന്റെ മുഖം അതിൽ പ്രതിബിംബിക്കുന്നുണ്ടാവും.
അവൻ നടന്ന മുറ്റത്ത്
അവന്റെ നിഴൽ ചെരിപ്പിടുന്നുണ്ടാവുമോ?
വഴികളിൽ,
നിമിഷങ്ങൾ കുമിളകളായ്
വിതിർന്ന് പൊട്ടുന്ന കടവുകളിൽ,
കാറ്റു തോണ്ടി വിളിക്കാറുള്ള മരച്ചുവട്ടിൽ
കരിയിലകൾ പര പര ശബ്ദത്തിലൊഴുകുന്ന
പ്രതലങ്ങളിൽ,
പള്ളിയിൽ,
അങ്ങാടിയിൽ,
കൂട്ടുകാർ ആത്മാവുകൊണ്ട്
സ്നേഹം കൊരുക്കുന്ന സായന്തനങ്ങളിൽ
ഉറക്കത്തെ
പടികടത്തിയ ആഘോഷരാവുകളിൽ
അവൻ പോകുന്നുണ്ടാവുമോ?
അവനെയോർത്ത് കരഞ്ഞവരുടെ കാലുകൾ
ആ ചെരിപ്പിലേക്ക് വരുന്നു?
അവന്റെ ലോകം
അവരുടെ കാലുകളാൽ
അതിൽ വരക്കണം.
സ്വപ്നങ്ങളുടെ
മേഘവനങ്ങളിലേക്ക് പടരണം.
വരണ്ട വഴികളിൽ നനവായ് പെയ്യണം.
തെളിഞ്ഞ ദുഃഖങ്ങളെ നുള്ളി കെടുത്തണം.
അകന്നുപോയ പാദങ്ങളുടെ
ധൂർത്തമാം ഓർമയിൽ
പൊരിഞ്ഞ വേദനയുടെ പെരുംനദി കടക്കണം.
രണ്ട് ചെരിപ്പുകൾ.
ഇടത്, വലത് ഹിതങ്ങൾ.
ദീർഘമാം പാതകൾ.
വാറു പൊട്ടിയ വേഗങ്ങൾ.
ജീവിതം ദ്രുതമൊഴുകുന്ന
സീബ്രാലൈൻ
മുറിച്ചു കടക്കാനാവുമോ?
അറിയില്ല.
ചെരിപ്പിടുന്നു.
