Begin typing your search above and press return to search.
proflie-avatar
Login

പിന്നെയും...

പിന്നെയും...
cancel

നിലാവിന്റെ നേർത്ത പീലികൾ

എന്റെ കടലാസുവഞ്ചിയിൽ

കവിത വിരിയിക്കുന്നു

അകലെ, വെടിയൊച്ചകളിൽ

കൂടപ്പിറപ്പുകൾ നിലവിളിവെട്ടത്തിൽ

വട്ടംകറങ്ങുന്നു.

തുലാമാസത്തളിർപ്പിൽ

ഇളവെയിലു കാഞ്ഞിരുന്ന മഴ,

എന്റെ കനവിന്റെ കാണാച്ചില്ലകൾ

പിന്നെയും വിരിയിക്കുമ്പോൾ

ഇരുണ്ടനിലങ്ങളിൽ ഇത്തിരി ജീവൻ

അളന്നുതീരാത്ത മാനങ്ങളിൽ

അന്ധാളിച്ചു നിലയ്ക്കുന്നു.

ഉച്ചവെയിലിലുറന്ന്

അന്തിച്ചോപ്പിലലിഞ്ഞ്

നിറവിന്റെ നിലയില്ലാക്കയത്തിൽ

ഞാനങ്ങനെ നീന്തിത്തുടിക്കുമ്പോൾ

അരവയറും അത്താഴപ്പഷ്ണിയുമായി

അരത്തുണ്ടിടത്തവർ

ആവലാതിപ്പായ വിരിക്കുന്നു.

നിലാത്തണുപ്പിൽ

കിനാവിന്റെ മുന്തിരിപ്പാടങ്ങളിൽ

ഞാൻ കുറുകിയിരുന്ന് കുളിർന്നപ്പോൾ

തീപ്പാടുകൾ തിണർത്ത പുറത്ത് തട്ടി

തനിച്ചിരുന്നവർ താരാട്ടുമൂളുകയാവാം

അവിടെ,

ആളൊഴിഞ്ഞ മൈതാനങ്ങൾക്ക്

ആർപ്പുവിളികൾ അന്യമാകുമ്പോൾ

ആറടിമണ്ണുമായവ

ചടുലവേഗത്തിൽ ചുടലതീർക്കുന്നു.

പച്ചതുപ്പിയ മഹാവനങ്ങൾ

പൊട്ടിയൊലിച്ച പെരിയ പുഴ

വെളിച്ചം വിതച്ചുവന്ന വെള്ളിമേഘങ്ങൾ

അരുതരുതെന്ന ആവർത്തനങ്ങളിൽ

അല്ലലൊഴിയാതെ അണച്ചുനിൽക്കുമ്പോൾ,

ലോകം എനിക്കൊരു വീടാവുന്നു

അതിന്റെ മുറ്റത്ത്,

കറങ്ങാത്ത പമ്പരവും

പറക്കാത്ത കാറ്റാടിയും

കുലുങ്ങിച്ചിരിക്കാത്ത കിലുക്കാംപെട്ടിയുമായി

വെറുതേയിരുന്ന് ഞാൻ

വിയർത്തൊലിക്കുമ്പോൾ

അളന്നുതിരിച്ച അതിരുകളിൽ

അറിയാതെ വിരിഞ്ഞ മഴവില്ല്

അകന്നുനിൽക്കുന്നിടങ്ങളെ

അറ്റംചേർത്ത് പിരിച്ചു കെട്ടുന്നു!!


Show More expand_more
News Summary - weekly literature poem