സായാഹ്നത്തിൽ ഒരു മുറി

പടിഞ്ഞാറെ ജനാലയിലൂടെ
മരങ്ങളുടെ നിഴലുകളെയും കൂട്ടി
മുറിയിൽ കടന്ന പ്രകാശം
കാറ്റിന്റെ താളത്തിൽ
നൃത്തം തുടങ്ങി
കൈയിൽ തുറന്നുെവച്ചിരുന്ന
പുസ്തകത്തിലെ
കാട്ടുവഴികളിൽനിന്ന്
ഗാഢപ്രണയത്തിലായ രണ്ടു പേർ
കൈകോർത്ത് നിന്ന്
ഹാ! വെളിച്ചത്തിനെന്ത് വെളിച്ചം*
എന്ന് ആനന്ദമുരുവിട്ടു.
ടെറസ്സിലേക്കെത്തി നോക്കുന്ന
മരത്തിൽ കൂടുള്ള കിളി
കുഞ്ഞുങ്ങളെയും കൂട്ടി
കിഴക്കേ വാതിലിലൂടെ
പറന്നെത്തി
നിലത്തൊഴുകിപ്പടർന്ന
പ്രകാശത്തിന്റെ ചുവന്ന ജലത്തെ**
മൊത്തിക്കുടിച്ച്
പാടാൻ തുടങ്ങി
അപ്പോഴും അനങ്ങാതെ
നിർവികാരനായിരുന്ന
എന്റെ മുഖത്തേക്ക്
ലാപ്ടോപ്പിന്റെ സ്ക്രീനിൽനിന്ന്
ഒരു ശലഭം ചിറകടിച്ചെത്തി,
കണ്ണിൽ പൂമ്പൊടി വീണു.
ഇരുണ്ട് പോയിരുന്ന ലോകം
അന്ധന് കാഴ്ച കിട്ടിയപോലെ
തെളിയാൻ തുടങ്ങി.
വേച്ചു വേച്ചെഴുന്നേറ്റു
നിലത്തൂന്നാൻ കാലുകളെ വിടാതെ
കൈകൾ ചിറകുകളായി.
ആരോ ഒരാൾ ഒരേ താളത്തിൽ
ചിറകടിക്കുന്ന ഒച്ച കേട്ടു
മുറിയിപ്പോൾ
പ്രപഞ്ച വിതാനത്തിൽ
അപരന്റെ കാതിലും
പാട്ടു രാഗം തുളിക്കുന്ന
സംഗീതമണ്ഡപം
--------
* ബഷീറിന്റെ പ്രയോഗം
** മാർകേസിന്റെ കഥ പ്രകാശം ജലം പോലെയാണ്
