Begin typing your search above and press return to search.
proflie-avatar
Login

പാലം

പാലം
cancel

ഒരു പാലം

രണ്ട് കരകളിൽ ജീവിക്കുന്നു.

ഒരു കരയിലെ വേനൽ

മറുകരയിലെ വർഷത്തോട്

കടം വാങ്ങുന്ന

മഴയാണതിന്‍റെ ഉടൽ.

അക്കരെ പിറന്ന കാറ്റുകൾ

കുന്നുകളെ ചുമന്ന് കടന്ന

ഭാരമാണതിന്‍റെയോർമകൾ.

അക്കരെ പൂവിട്ട വാടികൾ

പകുത്ത് നൽകിയ നനുത്ത

സുഗന്ധമാണതിന്‍റെ മൗനം.

അക്കരെ നാമ്പിട്ട് വൻമരങ്ങളായ്

ഭാരവണ്ടികൾ ഞരുങ്ങിക്കടന്ന

കരുത്താണതിന്‍റെ മിടിപ്പുകൾ.

അക്കരെ ഉയർന്ന കൊടികൾ

ചരിത്രം നിർമിച്ച് നടന്നുപോയ

യാത്രകളാണതിൻ പ്രതീക്ഷകൾ.

അക്കരെക്കിതച്ച യന്ത്രങ്ങൾ

പെറ്റിട്ട വിത്തുകളാണതിന്നീടുകൾ.

അക്കരെ പൊള്ളിയ ചൂട്

ആകാശം ചൂണ്ടും

നഗരക്കൂർപ്പുകളായ്

മാറിയ കാലമാണനുഭവങ്ങൾ.

അക്കരെ മഞ്ഞായ് ചുരന്ന്

ഇക്കരെയാകാശമായ് പടർന്ന

തണുപ്പാണതിൻ ലഹരികൾ.

അക്കരെ ഇല്ലെങ്കിലെന്ന

കറുത്ത സത്യത്തെ

ഇക്കരെയുണ്ടെന്ന് ഉറപ്പിക്കുന്ന

നറും നേരാണതിൻ ജീവൻ.

പ്രണയത്തിന്‍റെ വൻകരകൾ

ഒരു പുഞ്ചിരിയുടെ പാലത്താൽ

ഒന്നാകുന്നു.

ദ്വേഷത്തിന്‍റെ അകലങ്ങൾ

ഇഷ്‌ടങ്ങളുടെ പാലത്താൽ

ചേർത്തണക്കപ്പെടുന്നു.

രണ്ട് കരകൾ രണ്ട് ചരിത്രങ്ങളാണ്.

പാലമതിൻ പടയോട്ടങ്ങളാൽ

സംഘർഷ, ഹർഷ ഭരിതം.

താഴെയൊഴുകിപ്പോകും ജലജാലമാം

കാലമാണോർമയും മറവിയും!

Show More expand_more
News Summary - malayalam poem