Begin typing your search above and press return to search.
proflie-avatar
Login

പെണ്ണും പൊന്നും -ഒരു ദ്വിമാന സമവാക്യം

പെണ്ണും പൊന്നും -ഒരു ദ്വിമാന സമവാക്യം
cancel

മീനത്തിലെ പുലരിയിൽ

മാനത്തെ അമ്പിളിക്ക് താലികെട്ട്

കാതിൽ താരകപ്പൊട്ടു കമ്മൽ

കഴുത്തിലെ മിന്നൽക്കണ്ണിമാല

കൈയിൽ മൂവന്തിക്കൈവള

പൊൻവെയിൽ കസവിട്ട പാരിജാതപ്പട്ട്.

പവൻകണക്കെ പൊന്ന് വേണ്ടെന്ന്

തളിരമ്പിളി തറപ്പിച്ചു

വെളിച്ചത്തിന്റെ ഈറ്റില്ലങ്ങളിൽ

കിനാവിളക്കത്തവൾ

കൊത്തങ്കല്ലാടി!

മഴനൂലിട്ട് നെയ്ത പന്തലിൽ

പഞ്ചാരമണൽപ്പായയിൽ

കല്യാണച്ചിന്ത് പാടി

പുതുപ്പെണ്ണ് കൈകൊട്ടിക്കളിച്ചു.

പൊന്നിന്റെ പെരുപെരുക്കത്തിൽ,

പണത്തിന്റെ ഞെരുഞെരുക്കത്തിൽ

ആർപ്പുവിളിച്ച കല്യാണവീടുകൾ

അമ്പിളിപ്പെണ്ണിനോടസൂയപ്പെട്ടു!

മംഗലരാവടുത്തപ്പോൾ

മധുരപ്പുഞ്ചിരിയുമായി

സ്വർണക്കടക്കാരവിടെ തമ്പടിച്ചു

പൊന്ന് വേണ്ടെന്ന ചൊല്ലിനെ

പണിക്കൂലി കുറച്ച്, മാറ്റ് കൂട്ടിയവർ

ഹോൾസെയ്ലാക്കി.

അരയടി വീതിയിൽ

ആന്റീക് ഷോമാല

ലേറ്റസ്റ്റ് ഫാഷനിൽ

ലൈറ്റ് വെയ്റ്റ് കലക്ഷൻ

ആകർഷകമായ എക്സ്ചേഞ്ച് ഓഫർ

പെണ്ണ് പൊന്നിട്ടേ തീരൂയെന്ന്

മാറി മാറി വന്നവർ ശഠിച്ചു.

പണിക്കൂലിയില്ലാത്തവർ

സുപ്രഭാതം പാടി പടിക്കൽ പല്ലിളിച്ചു

പണിക്കുറവില്ലാത്തവർ

ലഞ്ച് കോംബോ ഓഫറാൽ

ഉച്ചയുറക്കം കെടുത്തി

എക്സ് ക്ലൂസീവ് ഡിസൈനർ ജ്വല്ലേഴ്സ്

സീ വ്യൂ സ്യൂട്ടിൽ

ഹണിമൂൺ ടിക്കറ്റ് ലോക്ക് ചെയ്തു.

അന്തംവിട്ട അമ്പിളിപ്പെണ്ണ്

ആശയങ്ങളുടെ അരത്തുണ്ട് വെളിച്ചത്തിൽ

ഏച്ചുകെട്ടിയ പട്ടങ്ങൾ

‘അഭിമാന’പ്പുറത്ത് ആയത്തിൽപ്പറത്തി.

അരപ്പവനുരുക്കിയെടുത്ത്

അതുവഴി വന്ന കാറ്റ്

ആരും കാണാതെയവൾക്ക്

ആലിലത്താലി ചാർത്തി!

Show More expand_more
News Summary - Malayalam poem