Begin typing your search above and press return to search.
എന്റെടീ
Posted On date_range 1 Jun 2026 9:00 AM IST
Updated On date_range 1 Jun 2026 9:00 AM IST

നീ പോയെന്ന്
കരുതാൻ വയ്യാത്ത പോലെ
എന്തോ ഒന്ന് എന്നിൽ
ബാക്കിയാവുന്നു
മരിച്ചുപോയെന്ന്
അവര് പറയുമ്പോൾ
മറ്റാരെയോ കുറിച്ചെന്ന്
കേൾക്കുന്നു
അയൽപക്കത്തുപോയ നീ
വൈകുന്നതെന്തെന്ന്
മനസ്സ് വേവുന്നു
എല്ലാം വെറും
തോന്നലെന്ന് മകൾ
ചേർത്തുപിടിക്കുന്നു
പോയോര് പോയെന്ന്,
വന്നോര് കൈമലർത്തുമ്പോൾ
കൈ വെള്ളയിൽ
നിന്റെ മണം നിറയുന്നു
മുങ്ങിനിവർന്ന്
നനഞ്ഞുവന്നപ്പോൾ
മുഖം വീർപ്പിച്ച്
അടുക്കളപ്പടിയിൽ നീ
അതേ നിൽപുതന്നെ!
കഞ്ഞി വിളമ്പാതെ
എന്തു നിൽപെന്ന്
നിന്റെ തോളിൽ തൊട്ടപ്പോൾ
മക്കള് കണ്ണ് തുടയ്ക്കുന്നതെന്തിന്?
ചത്തപ്പോളെവിടുന്നു വന്നീ
സ്നേഹമെന്ന് കൂടപ്പിറപ്പുകൾ
മൂക്ക് പിഴിയുമ്പോൾ
കിണ്ണത്തിൽ കണ്ണീരു വീഴുന്നെടീ
സങ്കടം തുടയ്ക്കാൻ
തോളത്ത് നീയിടുന്ന
തോർത്തും തപ്പി ഞാനീ
കുഴിമാടത്തിൽ വന്നു പോയെടീ...
