ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ

കമ്പിളി പിന്നി, റുമ്മാനിലാഴ്ത്തി*,
വലംകൈയാൽ നെയ്യുന്നു ഞങ്ങൾ,
പേർഷ്യൻ പരവതാനി*.
ഇടം കയ്യിൽ തൂങ്ങി
‘‘ഒരല്ലിയെനിക്ക്, ഒരല്ലിയെനിക്കെ’’ന്ന്
അമ്പിളിവെട്ടത്തിൽ കുഞ്ഞുങ്ങൾ.
ചെഞ്ചാറൊലിക്കും കൈയാലുതിർത്ത്,
തോലടർത്തി, തളിർവാ വിടർത്തി
‘‘ചിരിക്ക് കണ്ണേ’’ന്ന് ഊട്ടുന്നു റുമ്മാൻ.
സ്വാതന്ത്ര്യം, സ്വാതന്ത്ര്യമെന്ന്
തോമ്പക്* മുഴക്കി
ഞങ്ങൾ റുമ്മാൻ പൊളിക്കുന്നു.
ദുപ്പട്ടക്ക് വട്ടംവെച്ച്
മക്കൾ ചുവന്ന് ചിരിക്കുന്നു.
ബാർലിക്കാറ്റിൽ നോവ് പറത്തി
‘‘ഛെ സാസം ബെ ഖാരി*
കെ ബാർദേൽ നെഷീനാദ്’’ മൂളി
ഞങ്ങൾ കമ്പളം നെയ്യുന്നു.
കാലിവയറുമായ് കുഞ്ഞുങ്ങൾ
കസേരകളി കാണുന്നു.
നിങ്ങളുടെ തോക്ക് പെട്ടികൾ,
പീരങ്കിക്കോപ്പുകൾ,
ബൈനോക്കുലർമുള്ളുകൾ.
മീതെ പൊതിഞ്ഞുപിടിച്ച്
ഞങ്ങളുടെ ഐറിസ് പൂക്കൾ,
ചുവന്ന ഇണക്കുരുവികൾ,
ചെമ്മരിയാടുകൾ, ഖുബ്ബൂസ് തളികകൾ.
ഒലീവിലച്ചിത്രം തുന്നിയ
മിനുത്ത കമ്പിളിക്കുമ്പിളിൽ
ചായുന്നു, നിങ്ങളുടെ കാമിനിമാർ,
ചായം തേച്ചു ചുവന്നവർ.
ഞങ്ങളുടെ പ്രണയമോ
‘‘അതിരിവിടെ, കരളേ’’യെന്ന്
‘‘മരണമാണരികെ’’യെന്ന് പാടുന്നു.
നിങ്ങളുടെ മണിയറയ്ക്ക്
അത്തറിൻ പറുദീസപ്പളപ്പ്.
നിശകൾക്ക് സിതാറൊലിയുടെ
മോഹനമിനാരത്തിളക്കം.
ഞങ്ങളുടെ ഒറ്റരാത്രിക്ക്
ആയിരത്തൊന്നിരവു നീളം,
വെണ്ണിലാവിന് വെടിമരുന്നിൻ മണം.
ഞങ്ങൾ റുമ്മാൻ തൊലിയൂറ്റി
കമ്പിളി ചോപ്പിച്ച്,
വലംകൈയാൽ കമ്പളം നെയ്യുന്നോർ.
ഇടംകൈയിലിപ്പോൾ
ചെഞ്ചാറൊലിപ്പിച്ച് മക്കളുടെ മയ്യിത്ത്.
‘‘ഒരല്ലി, ഒരല്ലി കൂടെയെന്ന്’’
ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ*.
======================
അനുബന്ധം
*റുമ്മാൻ –റുമ്മാൻ പഴം /മാതളം/അനാർ.
* ഇറാനിലെ പരമ്പരാഗത തൊഴിലാണ് പരവതാനി നെയ്യൽ. ചെമ്മരിയാടിന്റെ രോമംകൊണ്ട് നിർമിക്കുന്ന ഇവക്ക് നിറം നൽകാനായി മാതളപ്പഴത്തിന്റെ തൊലിയുണക്കിപ്പൊടിച്ച ചാർ ഉപയോഗിക്കുന്നു. ഇറാനിലെ പൂക്കളും പാടങ്ങളും ജീവജാലങ്ങളും ഒക്കെ പാറ്റേൺ ആയി വരുന്ന പേർഷ്യൻ പരവതാനികൾ ആ സംസ്കാരത്തെയും ജീവിതപരിസരങ്ങളെയും പകർത്തുന്നു.
*തോമ്പക് –ചെണ്ടപോലെ ഒരു വാദ്യോപകരണം.
* ‘‘ഛെ സാസം...’’ –ഒരു ഇറാനിയൻ നാടോടിപ്പാട്ടിലെ ‘‘എന്റെ കരളിൽ തറച്ച മുള്ളെങ്ങനെയെടുക്കും’’ എന്ന അർഥമുള്ള വരി.
*തേട്ടം –ആഗ്രഹം/പ്രാർഥന.
